സംസ്ഥാനത്ത് ഏഴ് ജില്ലകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു; സ്ഥാനാര്‍ഥികള്‍ അന്തരിച്ചതിനെ തുടര്‍ന്ന് രണ്ട് വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു

സംസ്ഥാനത്ത് ഏഴ് ജില്ലകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു; സ്ഥാനാര്‍ഥികള്‍ അന്തരിച്ചതിനെ തുടര്‍ന്ന് രണ്ട് വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ് സമയം.

വൈകുന്നേരം ആറിനകം എത്തുന്നവരെ ടോക്കണ്‍ നല്‍കി ആറിന് ശേഷവും വോട്ടു ചെയ്യാന്‍ അനുവദിക്കും. രാവിലെ ആറിന് തന്നെ ബൂത്തുകളില്‍ മോക് പോളിങ് നടന്നു. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നി കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിങ് സ്റ്റേഷനുകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ ആകെ 480 പ്രശ്‌നബാധിത ബൂത്തുകളും ഉണ്ട്.

തിരുവനന്തപുരം കോര്‍പറേഷനില്‍ വിഴിഞ്ഞം വാര്‍ഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡിലെയും ഇന്നത്തെ വോട്ടെടുപ്പ് മാറ്റിവച്ചു. സ്ഥാനാര്‍ഥികള്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാര്‍ഥിയുടെ മരണം മൂലം മാറ്റിവച്ചു.

ആദ്യം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്. 36,630 സ്ഥാനാര്‍ഥികളും 1.32 കോടി വോട്ടര്‍മാരുമാണ് ഒന്നാംഘട്ടത്തില്‍ ഉള്ളത്.

രണ്ടാം ഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പതിനൊന്നിനാണ് വോട്ടെടുപ്പ്. 11 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. മുഴുവന്‍ ജില്ലകളിലേയും വോട്ടെണ്ണല്‍ 13 ന് നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.