വത്തിക്കാൻ സിറ്റി: നമ്മിൽനിന്ന് എന്തെങ്കിലും എടുത്തു കൊണ്ടുപോകാനല്ല, നമുക്ക് ജീവൻ നൽകാനും അത് സമൃദ്ധമായി നൽകാനും വേണ്ടിയാണ് കർത്താവ് ആഗതനായതെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. നമ്മെ വഴിതെറ്റിച്ച് നമ്മുടെ സന്തോഷം നശിപ്പിക്കാനും സമാധാനം കവർന്നെടുക്കാനും ശ്രമിക്കുന്ന 'കള്ളന്മാരാൽ' വഞ്ചിക്കപ്പെടാൻ അനുവദിക്കരുത് എന്ന മുന്നറിയിപ്പും മാർപാപ്പ നൽകി.
വത്തിക്കാനിൽ ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാർഥനയ്ക്കിടെയാണ് പാപ്പാ ഈ ഓർമ്മപ്പെടുത്തൽ നൽകിയത്. വിശ്വാസവും സന്തോഷവും പരിപോഷിപ്പിക്കുന്ന ദാനങ്ങളിൽ നമ്മുടെ കണ്ണുകളും ഹൃദയവും കേന്ദ്രീകരിക്കണമെന്നും അവയെ ദുർബലപ്പെടുത്തുന്ന എല്ലാറ്റിനെയുംകുറിച്ച് ജാഗ്രത പാലിക്കണമെന്നും പരിശുദ്ധ പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ഇടയന്മാരും കള്ളന്മാരും
യോഹന്നാൻ്റെ സുവിശേഷത്തിൽ നിന്നുള്ള അന്നേ ദിവസത്തെ വായനയെ ആധാരമാക്കി സംസാരിച്ച പാപ്പാ, ഇടയനും ആടുകളുടെ വാതിലുമായി യേശു തന്നെത്തന്നെ ഉപമിച്ചതും ഇടയനും കള്ളനും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിച്ചതും അനുസ്മരിച്ചു. ആടുകളുമായുള്ള ബന്ധത്തെപ്രതിയാണ് ഇടയൻ വാതിലിലൂടെ പ്രവേശിച്ചത്. എന്നാൽ മറ്റു വഴികളിലൂടെ തൊഴുത്തിലേക്ക് കയറുന്നവൻ്റെ ഉദ്ദേശ്യം ആടുകൾക്ക് നാശം വരുത്തുക എന്നതായിരുന്നു. നേരെ മറിച്ച്, ക്രിസ്തു വന്നതാകട്ടെ, എല്ലാവർക്കും ജീവൻ സമൃദ്ധമായി ഉണ്ടാകാനാണ് - പാപ്പാ ഊന്നിപ്പറഞ്ഞു.
ഇടയൻ ആടുകളെ എന്നപോലെ യേശു നമ്മെ തിരയുന്നു
യേശുവിന് നമ്മോടുള്ള സുഹൃദ്ബന്ധത്താൽ, അവിടന്ന് നമ്മെ അറിയുകയും പേരുചൊല്ലി വിളിക്കുകയും വഴി നടത്തുകയും നഷ്ടപ്പെട്ടുപോയാൽ അന്വേഷിക്കുകയും ആർദ്രതയോടെ പരിപാലിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവനോ സ്വാതന്ത്ര്യമോ എടുത്തുമാറ്റാനല്ല പിന്നെയോ, നമ്മെ നേരായ പാതയിലൂടെ നയിക്കാനാണ് യേശു വരുന്നതെന്ന് ലിയോ പാപ്പാ അടിവരയിട്ടു പറഞ്ഞു.
യേശുവിന് തങ്ങളെത്തന്നെ ഭരമേല്പിക്കുന്ന വിശ്വാസികൾക്ക് യാതൊന്നും ഭയപ്പെടാനില്ല. കാരണം, അവിടന്ന് നമ്മിൽനിന്ന് എന്തെങ്കിലും കവർന്നെടുക്കുകയല്ല, ജീവൻ അതിൻ്റെ പൂർണ്ണതയിൽ നൽകുകയാണ് ചെയ്യുന്നതെന്ന് പരിശുദ്ധ പിതാവ് ഉറപ്പു നൽകി.
ജാഗ്രതയുള്ളവരാകുക
അതേസമയം, നമ്മുടെ ജീവിതങ്ങളിലേക്കും ഹൃദയങ്ങളിലേക്കും കടന്നുവരുന്നവരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ലിയോ പാപ്പാ വിശ്വാസികളെ ഓർമ്മപ്പെടുത്തി. അവർ ഒരുപക്ഷേ, നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നവരോ അന്തസ്സിനെ ബഹുമാനിക്കാത്തവരോ ആകാം. നമ്മുടെ ജീവിതത്തെയും മറ്റുള്ളവരെയും ശാന്തതയോടെ കാണുന്നതിൽനിന്ന് നമ്മെ തടയുന്നവരാകാം. ഉപരിപ്ലവമായ ലൗകിക ആസക്തികളാൽ നമ്മുടെ ഹൃദയങ്ങളെ ശൂന്യമാക്കുന്നവരുമാകാം.
ഇവയുടെയെല്ലാം വെളിച്ചത്തിൽ, നമ്മെ നയിക്കാൻ ആരെയാണ് നാം അനുവദിക്കുന്നതെന്ന് ചിന്തിക്കാനും മാർഗഭ്രംശം വരുത്തുന്ന എല്ലാ സ്വാധീനങ്ങളിലുംനിന്ന് ജാഗ്രതപാലിക്കാനും പരിശുദ്ധ പിതാവ് എല്ലാവരെയും ഓർമ്മപ്പെടുത്തി.
കർത്താവിൽ ആശ്രയിക്കുക
നമ്മുടെ ആശ്രയം കർത്താവിൽ അർപ്പിക്കാനാണ് സുവിശേഷം നമ്മെ വിളിക്കുന്നത്. ക്രിസ്തു നമ്മിൽനിന്ന് ഒന്നും എടുത്തുകൊണ്ടു പോകുന്നില്ല പകരം, നമുക്ക് സമൃദ്ധമായി ജീവൻ നൽകുന്ന നല്ല ഇടയനാണ് അവിടന്ന് - പാപ്പാ ആവർത്തിച്ചു.
പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യത്തിന് സകലരെയും ഭരമേൽപ്പിക്കുകയും പരിശുദ്ധ അമ്മ നമ്മുടെ ജീവിതയാത്രയിൽ നമ്മോടൊപ്പം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്തുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.