ബീജിങ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത വിസ നിയന്ത്രണങ്ങളില്‍ രണ്ടു വര്‍ഷത്തിനു ശേഷം ഇളവ് വരുത്താനൊരുങ്ങി ചൈന. ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിസ അനുവദിക്കാന്‍ ചൈന നടപടി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനയിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിനായി ചൈനയില്‍ മടങ്ങിയെത്താനുള്ള നടപടികള്‍ നേരത്തെ തന്നെ അധികൃതര്‍ ആരംഭിച്ചിരുന്നു. എല്ലാ മേഖലകളിലും ജോലി പുനരാരംഭിക്കുന്നതിനായി ചൈനയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഇന്ത്യയിലെ ചൈനീസ് എംബസി തിങ്കളാഴ്ച കോവിഡ് വിസ നയം രണ്ട് വര്‍ഷത്തിന് ശേഷം പുതുക്കി.
കോവിഡിനെ തുടര്‍ന്ന് 2020 മുതല്‍ ഇന്ത്യയില്‍ കുടുങ്ങികിടക്കുന്ന നൂറുകണക്കിന് സാങ്കേതിക വിദഗ്ധര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ആശ്വാസകരമാകുന്നതാണ് ചൈനയുടെ തീരുമാനം. ഇന്ത്യയിലുള്ള കുടുംബങ്ങളെ തിരിച്ചുകൊണ്ടുപോകുന്നതിന് ചൈനയുടെ മേല്‍ സമ്മര്‍ദം ശക്തമാക്കണമെന്ന് ചൈനയിലുള്ള നിരവധി ഇന്ത്യന്‍ പൗരന്മാര്‍ കഴിഞ്ഞമാസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യര്‍ഥിച്ചിരുന്നു.
ചൈനയുടെ വിസ നിരോധനവും വിമാനം റദ്ദാക്കലും കാരണം വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന നിരവധി ചൈനീസ് പൗരന്മാരും ഇന്ത്യയില്‍ കുടുങ്ങി കിടക്കുകയാണ്. അതേസമയം, വിനോദസഞ്ചാരത്തിനും സ്വകാര്യ ആവശ്യങ്ങള്‍ക്കുമുള്ള വിസകള്‍ക്കുള്ള നിയന്ത്രണം തുടരുമെന്നും ചൈനീസ് എംബസി അറിയിച്ചു.
നേരത്തെ, താല്‍പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയിലേക്ക് മടങ്ങാമെന്ന് ചൈന അറിയിച്ചിരുന്നു. ചൈനയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന 23,000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് മടങ്ങിപ്പോകാനാകാതെ രാജ്യത്ത് കുടുങ്ങി കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.