ചെന്നൈ: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ അപലപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായും നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന അതിക്രൂരമായ നടപടിയെ അപലപിക്കുന്നു - ഫേസ്ബുക്ക് കുറിപ്പിലൂടെ സ്റ്റാലിന്‍ പറഞ്ഞു.
ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ബി.ജെ.പി ഇത്തരം വഴിതിരിച്ചുവിടല്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതെന്നും രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ ഇ.ഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ ബുധനാഴ്ചയും തുടരുന്നുണ്ട്. കനത്ത സുരക്ഷയാണ് എഐസിസി ഓഫിസിന് മുന്നില്‍ ഒരുക്കിയിട്ടുള്ളത്.
നിലവില്‍ കോവിഡ് ബാധിതയായി ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ജൂണ്‍ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.