സീറോ മലബാര്‍ ആഗോള യുവജനങ്ങളുടെ നേതൃസംഗമത്തിന് ഇന്ന് റോമില്‍ തുടക്കം; ഫ്രാന്‍സിസ് പാപ്പയുടെ അഭിസംബോധന 18 ന്

സീറോ മലബാര്‍ ആഗോള യുവജനങ്ങളുടെ നേതൃസംഗമത്തിന് ഇന്ന് റോമില്‍ തുടക്കം; ഫ്രാന്‍സിസ് പാപ്പയുടെ അഭിസംബോധന 18 ന്

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭ യുവജനങ്ങള്‍ക്കായി ആന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ യുവജന നേതൃസംഗമത്തിന് റോമാ നഗരത്തില്‍ ഇന്ന് തുടക്കമാകും. അഞ്ച് രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 70 യുവജന ശുശ്രൂഷകര്‍, രണ്ട് കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ എട്ട് സഭാപിതാക്കന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.

ആറു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് 'എറൈസ് 2022' എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെല്‍ബണ്‍, യുകെയിലെ ഗ്രേറ്റ് ബ്രിട്ടണ്‍ എന്നീ സീറോ മലബാര്‍ രൂപതകളുടെയും യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് നേതൃസംഗമം.

ആഗോള സഭയുടെ ഭരണസിരാകേന്ദ്രമായ റോമിലെ 'മരിയ മാത്തര്‍' പൊന്തിഫിക്കല്‍ കോളജ് വേദിയാകുന്ന സംഗമം ജൂണ്‍ 22 വരെ നീണ്ടു നില്‍ക്കും. 18 ന് വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12 ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃസംഗമത്തില്‍ പങ്കെടുക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം അധ്യക്ഷന്‍ കര്‍ദിനാള്‍ ലിയാനാര്‍ദോ സാന്ദ്രിയാണ് വിശിഷ്ടാതിഥി. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, മെല്‍ബണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരുടെ സാന്നിധ്യവും ഉണ്ടാകും.

യുഎസില്‍ നിന്ന് 15, കാനഡയില്‍ നിന്ന് 15, മെല്‍ബണില്‍ നിന്ന് 16, യുകെയില്‍ നിന്ന് 10, ഇതര യൂറോപ്പ്യന്‍ രാജ്യങ്ങളില്‍നിന്ന് 19 എന്നിങ്ങനെയാണ് പങ്കെടുക്കുന്നവരുടെ എണ്ണം. യുവജന ശുശ്രൂഷകളുടെ ദേശീയതല നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ നിന്ന് അതത് രൂപതകളാണ് പ്രതിനിധികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ചിക്കാഗോ സീറോ മലബാര്‍ രൂപത യൂത്ത് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ബിനോജ് മുളവരിക്കല്‍ (യൂറോപ്പ്), ഫാ. ഫാന്‍സ്വാ പതില്‍ (ഗ്രേറ്റ് ബ്രിട്ടണ്‍), സോജിന്‍ സെബാസ്റ്റ്യന്‍ (യൂത്ത് ഡയറക്ടര്‍, മെല്‍ബണ്‍) ഫാ. ജോയിസ് കൊളംകുഴിയില്‍ സിഎംഐ (സ്പിരിച്വല്‍ ഫാദര്‍, മെല്‍ബണ്‍), ഫാ. ജോര്‍ജ് ജോസഫ് (മിസിസാഗ), ഫാ. കെവിന്‍ മുണ്ടക്കല്‍ (അസിസ്റ്റന്റ് യൂത്ത് ഡയറക്ടര്‍-ചിക്കാഗോ) എന്നിവരാണ് സംഗമത്തിന് നേതൃത്വം വഹിക്കുന്ന 'സീറോ മലബാര്‍ കംബൈയിന്‍ഡ് മിഷന്റെ' കോര്‍ ടീം അംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.