അന്ന് ചാനലുകളില്‍ തിളങ്ങിയ മാധ്യമ പ്രവര്‍ത്തകന്‍ ഇന്ന് തെരുവില്‍ ഭക്ഷണം വില്‍ക്കുന്നു; മൂസ മൊഹമ്മദി... അഫ്ഗാന്റെ ദൈന്യമുഖം

അന്ന് ചാനലുകളില്‍ തിളങ്ങിയ മാധ്യമ പ്രവര്‍ത്തകന്‍ ഇന്ന് തെരുവില്‍ ഭക്ഷണം വില്‍ക്കുന്നു; മൂസ മൊഹമ്മദി... അഫ്ഗാന്റെ ദൈന്യമുഖം

'വര്‍ഷങ്ങളോളം മാധ്യമ പ്രവര്‍ത്തകനായി തിളങ്ങിയ  മനുഷ്യന്‍  സ്വന്തം കുടുംബം പോറ്റാന്‍ കുറച്ച് പണം കിട്ടാനായി തെരുവില്‍ ഭക്ഷണം വില്‍ക്കുകയാണ്'.

മൂസ മൊഹമ്മദി... ഒരു കാലത്ത് അഫ്ഗാനിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു. വിവിധ ടെലിവിഷന്‍ ചാനലുകളില്‍ അവതരാകനായും റിപ്പോര്‍ട്ടറായും തിളങ്ങിയ വ്യക്തിത്വം... രാജ്യത്തൊട്ടാകെ സഞ്ചരിച്ച് നിരവധി സ്‌കൂപ്പുകള്‍ ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍.

എന്നാല്‍ താലിബാന്‍ ഭരണം പത്തു മാസം പിന്നിടുമ്പോള്‍ മറ്റ് പലരേയും പോലെ മൂസ മൊഹമ്മദിയുടെയും സ്ഥിതി വളരെ ദയനീയമാണ്. സ്വന്തം കുടുംബം പോറ്റാന്‍ തെരുവില്‍ ലഘുഭക്ഷണം വില്‍ക്കുകയാണയാള്‍. നിരാശ നിഴലിക്കുന്ന മുഖവുമായി ഒരു തെരുവില്‍ കുറച്ച് ഭക്ഷണ പദാര്‍ത്ഥങ്ങളുമായി കുത്തിയിരിക്കുന്ന മൂസയുടെ ചിത്രം അഫ്ഗാന്റെ ഇന്നത്തെ യഥാര്‍ത്ഥ അവസ്ഥ ലോകത്തിന് ബോധ്യമാക്കി കൊടുക്കുന്നു.

അഫ്ഗാനിലെ ഹമീദ് കര്‍സായി ഭരണ കൂടത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന കബീര്‍ ഹഖ്മല്‍ ആണ് മൂസയുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ലോകത്തെ കാണിച്ചു കൊടുത്തത്. 'വര്‍ഷങ്ങളോളം മാധ്യമ പ്രവര്‍ത്തകനായി തിളങ്ങിയ മനുഷ്യന്‍  സ്വന്തം കുടുംബം പോറ്റാന്‍ കുറച്ച് പണം കിട്ടാനായി തെരുവില്‍ ഭക്ഷണം വില്‍ക്കുകയാണ്' - കബീര്‍ ആ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കബീറിന്റെ ട്വീറ്റ് വളരെ വേഗം വൈറലായി. മൂസയുടെ അവസ്ഥയറിഞ്ഞ അഫ്ഗാനിസ്ഥാനിലെ നാഷണല്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടര്‍ ജനറല്‍ അഹമദ്ദുള്ള വാസിഖി സഹായ ഹസ്തം നീട്ടി രംഗത്തു വന്നിട്ടുണ്ട്. മൂസയ്ക്ക് ജോലി നല്‍കാമെന്ന വാഗ്ദാനമാണ് വാസിഖി മുന്നോട്ടു വച്ചിരിക്കുന്നത്. അഫ്ഗാനിലെ എല്ലാ പ്രൊഫഷണലുകളെയും തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നാണ് വാസിഖി പറയുന്നത്.

താലിബാന്‍ ഭരണകൂടം വന്നതില്‍ പിന്നെ മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തൊഴില്‍ രഹിതരായി. അതില്‍ കൂടുതലും സ്ത്രീകളാണ്. മികച്ച മാധ്യമ പ്രവര്‍ത്തകരായിരുന്ന നിരവധി സ്ത്രീകള്‍ ജീവന്‍ ഭയന്ന് തൊഴിലുപേക്ഷിച്ചു പോയി. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കാര്യത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് താലിബാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസം പോലും നിഷേധിക്കുകയാണ്. ചാനലുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ നിര്‍ബന്ധമായും ശരീരം മുഴുവന്‍ മറയ്ക്കണമെന്നാണ് താലിബാന്റെ കല്‍പ്പന. രാജ്യത്ത് മൊത്തത്തില്‍ തന്നെ അങ്ങനെയൊരു നിര്‍ബന്ധം താലിബാന്‍ കൊണ്ടു വന്നിട്ടുണ്ട്. അനുസരിക്കാത്തവരെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയാണ് ചെയ്യുന്നത്.


അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതു മുതല്‍ ആ രാജ്യം ഇത്തരത്തില്‍ നിരവധിയായ പ്രശ്നങ്ങള്‍ നേരിടുകയാണ്. തൊഴില്‍-വിദ്യാഭ്യാസ മേഖലകളിലെല്ലാം താലിബാന്റെ മനുഷ്യാവകാശ വിരുദ്ധ ഇടപെടലുകള്‍ ജനങ്ങളെ സാരമായി ബാധിച്ചു. ആളുകള്‍ വലിയ പട്ടിണിലേക്ക് വീണുപോയിരിക്കുന്നു. ലോകത്തിലെ ദരിദ്ര രാജ്യങ്ങളില്‍ ഒന്നായ അഫ്ഗാന്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് വീണിരിക്കുകയാണെന്നാണ് അടുത്തയിടെ ലോക ബാങ്ക് തന്നെ വ്യക്തമാക്കിയത്.

ഓഗസ്റ്റില്‍ അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ താലിബാന്‍ തയ്യാറായിട്ടില്ല. അതോടെ അഫ്ഗാനിസ്ഥാന്റെ വികസന സഹായങ്ങള്‍ക്ക് ലഭിച്ചിരുന്ന വലിയ തോതില്‍ വിദേശ സഹായം താലിബാന്‍ അധികാരമേറ്റതിന് ശേഷം നിര്‍ത്തലാക്കപ്പെട്ടു. കൂടാതെ രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ശേഖരം മരവിപ്പിക്കാനും പാശ്ചാത്യ രാജ്യങ്ങള്‍ തീരുമാനിച്ചു.

ഇതോടെ അഫ്ഗാന്റെ സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ അപകടത്തിലായി. അഫ്ഗാന്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇത് പണപ്പെരുപ്പത്തിന് കാരണമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും മാസങ്ങളായി ശമ്പളമില്ല. അതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി സര്‍വ്വസാധാരണമായി. സാധാരണക്കാരായ ജനങ്ങളുടെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. എന്നാല്‍ ഭക്ഷ്യ സാധനങ്ങളുടെ വില ഇരട്ടിയിലേറെയായി.

പണ്ട് ആടിന് നല്‍കിയിരുന്ന മോശം റൊട്ടികള്‍ കഴിച്ചാണ് കാബൂളില്‍ പോലും പലരും ജീവിതം തള്ളിനീക്കുന്നത്. ശൈത്യ കാലത്തെ പട്ടിണിയെക്കുറിച്ചുള്ള നിരന്തര റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് അഫ്ഗാനിലേക്ക് വിവിധ രാജ്യങ്ങള്‍ ഭക്ഷ്യ സഹായം അനുവദിച്ചിരുന്നു.

എന്നാല്‍ അത് ആവശ്യമായതിന്റെ പകുതി പോലും ആകുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാബൂളില്‍ ഉടനീളമുള്ള ബേക്കറികള്‍ക്ക് പുറത്ത് വൈകുന്നേരങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ റൊട്ടി കഷണങ്ങള്‍ക്ക് വേണ്ടി സ്ത്രീകളും പെണ്‍കുട്ടികളും അടങ്ങിയ കൂട്ടം ക്യൂ നില്‍ക്കുന്നത് ഇന്ന് അഫ്ഗാന്‍ നഗര വീഥികളിലെ പതിവ് കാഴ്ചയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.