അഫ്ഗാനില്‍ ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണത്തില്‍ സിഖ് വംശജന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു; ആശങ്കയുമായി ഇന്ത്യ

അഫ്ഗാനില്‍ ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണത്തില്‍ സിഖ് വംശജന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു; ആശങ്കയുമായി ഇന്ത്യ

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് മത വിശ്വാസികളുടെ ആരാധനാ കേന്ദ്രമായ ഗുരുദ്വാരയിലുണ്ടായ സ്ഫോടനത്തിലും വെടിവയ്പ്പിലും രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ട്ടെ പര്‍വാന്‍ മേഖലയിലെ ഗുരുദ്വാരയ്ക്ക് നേരെയാണ് കാബൂള്‍ സമയം രാവിലെ 7.15ന് ഭീകരര്‍ ആക്രമണം നടത്തിയത്. ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ അഹമ്മദ്, സവീന്ദര്‍ സിംഗ് (60) എന്നിവരാണു കൊല്ലപ്പെട്ടത്. സവീന്ദര്‍ സിംഗിന്റെ കുടുംബം ഡല്‍ഹിയിലാണു താമസം.

ആയുധധാരികള്‍ ഗുരുദ്വാരയ്ക്ക് ഉള്ളിലേക്കു കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുദ്വാര പരിസരത്ത് ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായും പ്രദേശവാസികള്‍ പറയുന്നു. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ഗുരുദ്വാരയില്‍ നിന്ന് മൂന്ന് പേരെ പുറത്തെത്തിച്ചിട്ടുണ്ട്. അവരില്‍ രണ്ടു പേരെ ആശുപത്രിയിലേക്കു മാറ്റി. ഗുരുദ്വാരയില്‍ 30 പേര്‍ പ്രാര്‍ഥനക്കെത്തിയിരുന്നു.

ഇതില്‍ 15 പേര്‍ സ്ഫോടനം നടന്ന ഉടന്‍ ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരും പരിക്കേറ്റവര്‍ക്കും പുറമെ ബാക്കിയുള്ളവരെ ഭീകരര്‍ ബന്ധികളാക്കിയതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഐ.എസ് തീവ്രവാദികളാണെന്നാണ് സൂചന.

ഭീകരരും താലിബാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറെ തിരക്കുള്ള മേഖലയിലാണ് ഗുരുദ്വാര.

അതേസമയം, സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

2020-ലെ ഗുരുദ്വാര ആക്രമണത്തിന് സമാനമായ സംഭവം ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി ഖൊറാസാന്‍ പ്രവിശ്യയിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ പുറത്തുവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ആക്രമണം ഉണ്ടായിരിക്കുന്നത്. 2020 മാര്‍ച്ചില്‍, കാബൂളിലെ ഷോര്‍ട്ട് ബസാര്‍ ഏരിയയിലെ ശ്രീ ഗുരു ഹര്‍ റായ് സാഹിബ് ഗുരുദ്വാരയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 27 സിഖുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.