ദുബായ്: മൂന്നാമത് ലോകകേരള സഭ സമ്മേളനം അംഗീകരിച്ചത് 11 പ്രമേയങ്ങൾ. പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ഒരു പ്രമേയം. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡാറ്റാ ബാങ്ക് വിപുലീകരിക്കുന്നതിന്റെ നടപടികൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ സംരക്ഷണം, സ്ത്രീകളുടെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത, പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കൽ, ലോകത്തെയും മനുഷ്യരേയും കൂട്ടിയിണക്കുന്നതിനുള്ള യജ്ഞത്തിന് രാജ്യം നേതൃത്വം നൽകേണ്ടതിന്റെ അനിവാര്യത, പുതിയ പ്രവാസി നയം തുടങ്ങിയ വിഷയങ്ങളും പ്രമേയത്തിലൂടെ അവതരിപ്പിച്ചു.
കോവിഡിനു മുമ്പും ശേഷവും വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകളുടെ അഭാവം ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചു. വിദേശരാജ്യങ്ങളിലുളള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിദ്യാർത്ഥികളുടെയും കൃത്യമായ കണക്കെടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണം. തൊഴിലാളികൾക്കും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി ഐക്യരാഷ്ട്ര സഭ രൂപീകരിച്ച കൗൺസിലിൽ ഇന്ത്യ അംഗമാകണം. പ്രവാസി തൊഴിലാളികളുടെ കാര്യങ്ങളിൽ നയതന്ത്രപരമായ ഇടപെടൽ നടത്താൻ ഇതുവഴി ഇന്ത്യയ്ക്കു കഴിയും. അതിന് കേന്ദ്രസർക്കാർ തയ്യാറാകണം. അതു വഴി പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം.
തൊഴിലാളി തർക്കങ്ങളിൽ ഇടപെടുന്നതിൽ ഉദ്യോഗസ്ഥരുടെ അഭാവം പലപ്പോഴും പ്രശ്‌നങ്ങളെ കൃത്യമായി നേരിടുന്നതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ വഴിയൊരുക്കണം. എംബസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും പ്രവാസികൾ പ്രമേയത്തിലൂടെ ത്തവശ്യപ്പെട്ടു. സ്ത്രീ തൊഴിലാളികളുടെ കുടിയേറ്റത്തിന് നിലവിലെ നിയമങ്ങൾ പരിഷ്‌കരിക്കണം. തൊഴിൽ കുടിയേറ്റം നിയമപരവും വിവേചനരഹിതവും സുതാര്യവുമാക്കണം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും സഭയിൽ വെച്ച പ്രമേയത്തിൽ ആവശ്യമുയർന്നു.
ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ടതടക്കം വിദേശ പ്രവാസികൾക്കു നൽകുന്ന ആനുകൂല്യങ്ങൾ ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ലഭ്യമാക്കണം. പ്രവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിൽ ദേശീയ കുടിയേറ്റ സമ്മേളനം നടത്താൻ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും സഭയിൽ അവതരിപ്പിച്ചു. പ്രവാസി നിക്ഷേപ സാധ്യതകൾ പരിശോധിക്കുകയും വിദേശ രാജ്യങ്ങളിലെ അധിക പഠനച്ചെലവ് കണക്കിലെടുത്ത് പ്രവാസികളുടെ മക്കൾക്ക് കേരളത്തിൽ പഠിക്കാനാവശ്യമായ സാഹചര്യം ഒരുക്കണമെന്നും അതിനായി നോൺ റെസിഡന്റ് കേരള യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക കേരള സഭയിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങൾക്ക് നിയമസാധുത നൽകണമെന്നും രണ്ടാം ലോക കേരള സഭ സമ്മേളനത്തിലെ ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.