സിഡ്‌നി: ഡീസല്‍ ഫില്‍ട്ടറിംഗ് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ വില്‍പ്പന നടത്തിയ ടൊയോട്ട വാഹനങ്ങളുടെ ഉടമകള്‍ക്ക് തിങ്കളാഴ്ച മുതല്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. 2015 മുതല്‍ അഞ്ചു വര്‍ഷക്കാലം വില്‍പ്പന നടത്തിയ 2,60,000 ലധികം ടൊയോട്ട വാഹനങ്ങളിലെ തകരാര്‍ ചൂണ്ടിക്കാട്ടി ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ഏപ്രിലില്‍ കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളിലേക്ക് കമ്പനി കടക്കുന്നത്.
2015 ഒക്ടോബര്‍ ഒന്നിനും 2020 ഏപ്രില്‍ 23 നും ഇടയില്‍ വിറ്റ ടൊയോട്ട ഹൈലക്സ്, പ്രാഡോ, ഫോര്‍ച്യൂണര്‍ എന്നീ ശ്രേണിയില്‍പ്പെട്ട വാഹനങ്ങളിലാണ് ഡീസല്‍ പര്‍ട്ടിക്യുലേറ്റ് ഫില്‍ട്ടറുകളില്‍ (ഡിപിഎഫ്) തകരാര്‍ ഉണ്ടായിരുന്നത്. ഇതുമൂലം വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത കുറഞ്ഞതായും എന്‍ജിനില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കള്‍ കോടതിയെ സമീപിച്ചത്.
ഒരു വാഹനത്തിന് ശരാശരി 10,500 ഓസ്‌ട്രേലിയന്‍ ഡോളറാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. ഇതിനായി 2.7 ബില്യണ്‍ ഡോളര്‍ ടൊയോട്ട കണ്ടെത്തേണ്ടിവരും. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള നീക്കവും കമ്പനി നടത്തുന്നുണ്ട്. ഡിപിഎഫ് തകരാര്‍ ബാധിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കുന്നതിനാല്‍ നഷ്ടപരിഹാരം ഒഴിവാക്കണമെന്നാണ് കമ്പനി കോടതിയെ ബോധ്യപ്പെടുത്തുക.
അതുവരെ ആര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ട എന്നും കമ്പനി വക്താവ് വ്യക്തിമാക്കി. കോടതി വിധി ഉള്ളതിനാല്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് തടസമുണ്ടാകില്ല. ജൂണ്‍ 20 രാവിലെ 10 മുതല്‍ കമ്പനിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.