ഓസ്ട്രേലിയന്‍ സെനറ്റില്‍ ആദ്യ അഫ്ഗാന്‍ വംശജയായി ഫാത്തിമ

ഓസ്ട്രേലിയന്‍ സെനറ്റില്‍ ആദ്യ അഫ്ഗാന്‍ വംശജയായി ഫാത്തിമ

കാന്‍ബറ: ഓസ്ട്രേലിയന്‍ സെനറ്റിലെ ഹിജാബ് ധരിച്ച ആദ്യ വനിതയായി അഫ്ഗാന്‍ വംശജ ഫാത്തിമ പേമാന്‍. ലേബര്‍ പാര്‍ട്ടി അംഗമാണ് 27 വയസുകാരിയായ ഫാത്തിമ. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍നിന്ന് ഫെഡറല്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറ് പേരില്‍ ഒരാളാണ് ഫാത്തിമ. എട്ട് വയസുള്ളപ്പോള്‍ കുടുംബത്തോടൊപ്പം അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്താണ് ഫാത്തിമ ഓസ്ട്രേലിയയില്‍ എത്തിയത്.

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ആദ്യത്തെ അഫ്ഗാന്‍ വംശജയും ഹിജാബ് ധരിച്ചെത്തുന്ന ആദ്യ മുസ്ലിം വനിതയുമാണ് ഫാത്തിമ.

ഇതോടെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍നിന്ന് ലിബറല്‍, ലേബര്‍ പാര്‍ട്ടികളുടെ പ്രതിനിധികളായി അഞ്ചു പേരാണ് പാര്‍ലമെന്റിലെ ഉപരിസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു പേര്‍ ഗ്രീന്‍സ് പാര്‍ട്ടിയില്‍നിന്നുള്ളവരാണ്.

പടിഞ്ഞാറന്‍ ഓസ്ട്രേലിയക്കാരില്‍ മൂന്നിലൊന്ന് പേര്‍ ലേബര്‍ പാര്‍ട്ടിക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ആന്റണി അല്‍ബാനീസിന്റെ ലേബര്‍ പാര്‍ട്ടി ജനപ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷമാണു നേടിയത്. മെയ് 22 ലെ വോട്ടെടുപ്പിന് ഏകദേശം ഒരു മാസത്തിന് ശേഷം, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, വെസ്റ്റേണ്‍ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സെനറ്റ് ഫലങ്ങള്‍ ഇന്നാണ് ഓസ്ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്.

അന്തിമ ഫലം പ്രകാരം, സെനറ്റിലെ 76 സീറ്റുകളില്‍ 26 സീറ്റുകള്‍ മാത്രമാണ് ലേബറിന് ലഭിച്ചത്. സര്‍ക്കാരിന് ഭൂരിപക്ഷത്തിന് ആവശ്യമായ 39 വോട്ടുകള്‍ കുറവാണ്. ഉപരിസഭയിലേക്കുള്ള അന്തിമ ഫലങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷം, ലേബര്‍ സര്‍ക്കാരിന് നിയമനിര്‍മാണം നടത്താന്‍
ക്രോസ് ബെഞ്ചിലെയോ പ്രതിപക്ഷത്തിലെയോ 13 അംഗങ്ങളുടെ പിന്തുണ കൂടി ആവശ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.