'മാനവികതയ്ക്കായി യോഗ പരിശീലിക്കാം'; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

'മാനവികതയ്ക്കായി യോഗ പരിശീലിക്കാം'; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

ഇന്ന് ജൂണ്‍ 21, അന്താരാഷ്ട്ര യോഗ ദിനം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് യോഗാ ദിനം വിപുലമായി ആഘോഷിക്കുന്നത്. ശരീരത്തെയും മനസിനെയും ഒരു പോലെ സ്വാധീനിക്കുന്ന യോഗയ്ക്ക് ആരോഗ്യത്തിലും വളയെയധികം സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

മനുഷ്യന്റെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് പ്രാചീന കാലം മുതല്‍ ഇന്ത്യയില്‍ പരിശീലിച്ച് വരുന്ന ഒന്നാണ് യോഗ. എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്. സംസ്‌കൃത വാക്കായ യുജില്‍ നിന്നാണ് യോഗ എന്ന വാക്കിന്റെ ഉത്ഭവം. മനുഷ്യന്റെ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്. ഇപ്പോള്‍ ലോകത്തെമ്പാടും യോഗ പരീശീലിക്കുന്നുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യുന്ന പരിശീലന മുറയാണ് യോഗ.

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ചരിത്രം

2014 സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69മത്തെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്നോട്ടു വച്ച ആശയമാണ് അന്താരാഷ്ട്ര യോഗ ദിനം. യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണമെന്ന മോഡിയുടെ ആവശ്യം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചിരുന്നു.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് യോഗയുടെ ആരോഗ്യ പദ്ധതിയിലൂടെ രോഗ ശാന്തിയും ജീവിത സമാധാനവും കൈവരിക്കാന്‍ കഴിയുമെന്നും നിരവധി രോഗങ്ങളെ ചെറുക്കാന്‍ യോഗയിലൂടെ കഴിയുമെന്നും ഐക്യരാഷ്ടസഭ മനസിലാക്കിയതോടെ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് പിന്നാലെ 2015 ഏപ്രില്‍ 29ന് യോഗ ദിനത്തിനായി പ്രത്യേകം തയാറാക്കിയ ലോഗോ അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് പ്രകാശനം ചെയ്തിരുന്നു.

യോഗ സ്ഥിരമായി പരിശീലിക്കുന്ന ഒരാള്‍ക്ക് മരുന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ പറ്റുമെന്നാണ് യോഗാചാര്യന്മാരുടെ അഭിപ്രായം. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, മാനസിക സംഘര്‍ഷം എന്നിങ്ങനെയുള്ള എല്ലാ ജീവിത ശൈലീ രോഗങ്ങള്‍ക്കും യോഗ ഒരു പരിഹാരമാണ്. മെഡിറ്റേഷന്‍ അഥവാ ധ്യാനമാണ് യോഗയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ധ്യാനമെന്നും അഭിപ്രായമുണ്ട്.

മനസിന്റെ പ്രവര്‍ത്തനങ്ങളെ യോഗയിലൂടെ നിയന്ത്രിച്ച് ധ്യാനാവസ്ഥയിലെത്തിക്കാന്‍ സാധിക്കും. മനസിനെ നിയന്ത്രിക്കാനായാല്‍ രോഗങ്ങളെയും നിയന്ത്രിക്കാം. 2022ലെ അന്താരാഷ്ട്ര യോഗ ദിനം പങ്ക് വെക്കുന്ന സന്ദേശം മാനവികതയ്ക്കായി യോഗ പരിശീലിക്കാം എന്നതാണ്.

എട്ട് ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ് യോഗയ്ക്കുള്ളത്. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് അഷ്ടാംഗങ്ങള്‍. ഇവയ്ക്കോരോന്നിനും യോഗയില്‍ പ്രാധാന്യമുണ്ട്.

കോവിഡ് മഹാമാരി തീര്‍ത്ത രണ്ട് വര്‍ഷത്തെ നിയന്ത്രണത്തിന് ശേഷം ആഘോഷിക്കുന്ന യോഗ ദിനത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേവലം `ഒരു വ്യായാമ മുറയല്ല മറിച്ച് മനുഷ്യനും ലോകവും പ്രകൃതിയും ഒന്നാണെന്ന സന്ദേശമാണ് യോഗ നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.