ടെലിഗ്രാമിന്റെ പ്രീമിയം പതിപ്പ് പുറത്തിറങ്ങി. പ്രീമിയം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ പട്ടിക പുറത്തിറക്കിയാണ് ടെലിഗ്രാം തങ്ങളുടെ പ്രീമിയം പതിപ്പിന്റെ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്.
നിലവില്‍ പ്രതിമാസനിരക്കിലാണ് ടെലിഗ്രാമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷന്‍ പ്ലാനുകള്‍ വരുന്നത്. മാസം 4.99 ഡോളര്‍ എന്ന നിരക്കിലാണ് വിദേശത്തെ പ്രീമിയം ഉപഭോക്താക്കള്‍ക്ക് ടെലിഗ്രാം തങ്ങളുടെ പ്രീമിയം സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
എന്നാല്‍ ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സബ്സ്ക്രിപ്ഷന്‍ പ്ലാനുകളെ കുറിച്ച് ടെലഗ്രാം വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. നാല് ജിബി വരെയുള്ള ഫയല്‍ അപ്‌ലോഡ്, വേഗമേറിയ ഡൗണ്‍ലോഡ്, പ്രത്യേക സ്റ്റിക്കറുകളും റിയാക്ഷനുകളും മെച്ചപ്പെട്ട ചാറ്റ് മാനേജ്മെന്റ് എന്നിവയാണ് ടെലിഗ്രാം തങ്ങളുടെ പ്രീമിയം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
നിലവില്‍ ടെലിഗ്രാം ഉപഭേക്താക്കള്‍ക്ക് രണ്ട് ജി.ബി വരെയുള്ള ഫയലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ നാല് ജി.ബി വരെയുള്ള ഫയലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ടെലിഗ്രാമിന്റെ ഏറ്റവും വലിയ വാഗ്ദാനം.
അതേസമയം എല്ലാ ഉപഭോക്താക്കള്‍ക്കും ഫയലുകള്‍ പരിധിയില്ലാതെ സൗജന്യമായി തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതിന് പുറമേ പ്രീമിയം ഉപഭോക്താക്കള്‍ക്ക് 1,000 ചാനലുകള്‍ വരെ പിന്തുടരാന്‍ സാധിക്കും. ഇതു കൂടാതെ 200 ചാറ്റുകള്‍ ഉള്‍പ്പെടുന്ന 20 ചാറ്റ് ഫോള്‍ഡറുകള്‍ സൃഷ്ടിക്കാനും ടെലിഗ്രാം ആപ്പിലേക്ക് നാലാമത്തെ അക്കൗണ്ട് ചേര്‍ക്കാനും പ്രധാന ലിസ്റ്റില്‍ 10 ചാറ്റുകള്‍ പിന്‍ ചെയ്യാനും ഇഷ്ടപ്പെട്ട 10 സ്റ്റിക്കറുകള്‍ വരെ സൂക്ഷിക്കാനും പ്രീമിയം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് സാധിക്കും.
വോയ്സ് നോട്ടുകള്‍ ടെക്സ്റ്റിലേക്ക് മാറ്റാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് കമ്പനി ഇത്തരമൊരു മാറ്റത്തിന് തുനിയുന്നത്. രണ്ട് മാസം മുമ്പ് ഇഷ്ടപ്പെട്ട നോട്ടിഫിക്കേഷന്‍ ടോണുകള്‍, ചാറ്റുകള്‍ മ്യൂട്ട് ചെയ്യുന്നതിനും ഓട്ടോമാറ്റിക് ഡീലിറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷനുകള്‍, ചാറ്റുകളിലെ റിപ്ലേ, ഫോര്‍വേര്‍ഡിങ്ങ് എന്നിവയില്‍ വരുത്തിയ ക്രമീകരണങ്ങള്‍ അടങ്ങിയ ഒരു അപ്ഡേഷന്‍ ടെലഗ്രാം പുറത്തുവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.