എത്യോപ്യ വംശീയഹത്യയില്‍ മരണം മുന്നൂറിനു മുകളില്‍ ഉയരുമെന്ന് ദൃക്‌സാക്ഷികള്‍; 260 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

എത്യോപ്യ വംശീയഹത്യയില്‍ മരണം മുന്നൂറിനു മുകളില്‍ ഉയരുമെന്ന് ദൃക്‌സാക്ഷികള്‍; 260 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ഒറോമിയ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വംശീയ കൂട്ടക്കൊലയില്‍ മരണം മുന്നൂറിന് മുകളിലാകുമെന്ന് ദൃക്‌സാക്ഷികള്‍. ഇതുവരെ 260 പേര്‍ മരിച്ചതായാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. എന്നാല്‍ മരണ സംഖ്യ 320 വരെ ഉയര്‍ന്നേക്കാമെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു.

ഇന്നലെയും തിങ്കളാഴ്ച്ചയിലുമായി കൂടുതല്‍ മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി. മാത്രമല്ല ഗുരുതര പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയില്ലാത്തതും മരണ സംഖ്യ കൂടാനുള്ള സൂചനയായി ഇവര്‍ പറയുന്നു. കണ്ടെത്തിയ 260 മൃതദേഹങ്ങളും സംസ്‌കരിച്ചു.

ഗോത്രവിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒറോമിയ മേഖലയിലെ അംഹാറ സമുദായത്തില്‍പ്പെട്ടവരെയാണ് വിമതവിഭാഗം കൂട്ടക്കൊല നടത്തിയത്. ക്രൈസ്തവ സ്വാധീനമുള്ള ഇവിടെ അംഹാറ വംശജരില്‍ ഏറെയും എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് തെവാഹെഡോ സഭാംഗങ്ങളായ ക്രിസ്ത്യാനികളാണ്. കൊല്ലപ്പെട്ടവരില്‍ വലിയൊരു വിഭാഗം ക്രൈസ്തവരും ഉണ്ട്.



ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇതെന്ന് ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഗിംബി കൗണ്ടി സ്വദേശി അബ്ദുള്‍ സെയ്ദ് താഹിര്‍ പറഞ്ഞു. ഇനിയൊരു ആക്രമണം ഉണ്ടാകും മുന്‍പ് എത്യോപ്യയില്‍ നിന്ന് പലായനം ചെയ്യാന്‍ ഒരു വിഭാഗം അംഹാറക്കാര്‍ ആലോചിക്കുന്നുണ്ട്. 30 വര്‍ഷത്തിലേറെയായി ഇവിടെ തമസിക്കുന്ന തങ്ങളെ ഇപ്പോള്‍ 'കോഴികളെപ്പോലെ' കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അബി അഹമ്മദ് കുട്ടക്കൊലയെ അപലപിച്ചു. നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ആക്രമണത്തിന് ഒത്താശ ചെയ്ത ഓറോമോസ് വംശജരെ വിമര്‍ശിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. എത്യോപിയയിലെ ഭൂരിപക്ഷ വിഭാഗമായ ഓറോമസ് വംശത്തില്‍പ്പെട്ട ആളാണ് അബി അഹമ്മദ്.



ഒറോമോ ലിബറേഷന്‍ ആര്‍മി (ഒഎല്‍എ)യാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓറോമോസ് വംശജര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വംശീയ തീവ്രവാദ സംഘടനയാണ് ഒഎല്‍എ. 2018 ല്‍ അബി അധികാരത്തില്‍ വരുമ്പോള്‍ നിരോധന സംഘടനയായ ഒറോമോ ലിബറേഷന്‍ ഫ്രണ്ടില്‍ നിന്ന് രൂപം കൊണ്ടതാണ് ഒഎല്‍എ.

മത, രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് എത്യോപ്യയിലെ പല പ്രദേശങ്ങളിലും വ്യാപകമായ വംശീയ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. എത്യോപ്യയിലെ രണ്ടാമത്തെ വലിയ വംശീയ വിഭാഗമായ അംഹാര സമുദായത്തിന് നേരെയാണ് അതിക്രമങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. 11.5 കോടി ജനങ്ങളുള്ള എത്യോപ്യയില്‍ 1.10 കോടി ആളുകള്‍ അംഹാര സമുദായത്തില്‍പ്പെട്ടവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.