അനുദിന വിശുദ്ധര്‍ - ജൂണ്‍ 22
വിശുദ്ധ തോമസ് മൂര്‍
ലണ്ടനില്‍ 1477 ലായിരുന്നു വിശുദ്ധ തോമസ് മൂര്‍ ജനിച്ചത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മോര്‍ട്ടന്റെ സംരക്ഷണയിലായിരുന്നു വിദ്യാഭ്യാസം. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ രണ്ടു വര്‍ഷം പഠിച്ച അദ്ദേഹം പിന്നീട് രണ്ടു വര്‍ഷത്തെ പരിശീലനത്തിനു ശേഷം അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടു.
1529 ല്‍ ഹെന്‍ട്രി എട്ടാമന്റെ ചാന്‍സിലറായി നിയമിതനായി. ഭാര്യ കാതറിനെ ഉപേക്ഷിക്കാനും ആന്‍ബോളിനെ വിവാഹം കഴിക്കാനും മാര്‍പാപ്പായെ നിഷേധിച്ചുകൊണ്ട് റോമില്‍ നിന്നും വേര്‍പിരിഞ്ഞ് ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയുടെ പരമാധികാരിയായി തന്നെത്തന്നെ പ്രഖ്യാപിക്കാനുമുള്ള ഹെന്‍ട്രിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 1532 ല്‍ തോമസ് മൂര്‍ തന്റെ ചാന്‍സിലര്‍ പദവി രാജിവച്ചു.
ഒരു പൊതുസേവകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവിതം മാനുഷിക അവബോധത്തിന്റേയും ക്രിസ്തീയ ജ്ഞാനത്തിന്റേയും ഒരു അസാധാരണ സങ്കലനമായിരുന്നു. ഒരു അത്മായ ഭരണാധികാരിക്ക് യേശുവിന്റെ തിരുസഭയില്‍ യാതൊരു അധികാരവുമില്ല എന്ന വിശുദ്ധന്റെ നിലപാടിന് അദ്ദേഹത്തിന് സ്വന്തം ജീവന്‍ തന്നെ ബലികഴിക്കേണ്ടതായി വന്നു.
പ്രമുഖ നയതന്ത്രജ്ഞന്‍, ഉപദേഷ്ടാവ് എന്നീ നിലകളില്‍ തിളങ്ങിയ അദ്ദേഹം യഥാര്‍ത്ഥ രാജഭക്തി രാജാവിന്റെ തീരുമാനങ്ങളെ അന്ധമായി സ്വീകരിക്കുന്നതല്ല എന്നറിഞ്ഞുകൊണ്ട് തന്റെ ധാര്‍മ്മിക മൂല്യങ്ങളെ രാജാവിനെ പ്രീതിപ്പെടുത്തുവാനായി ബലികഴിക്കുവാന്‍ തയ്യാറായില്ല. അങ്ങനെ രാജ്യദ്രോഹ കുറ്റത്തിന് തോമസ് മൂര്‍ ലണ്ടന്‍ ടവറില്‍ വിചാരണ ചെയ്യപ്പെട്ടു.
1535 ജൂലൈ ആറിന് ലണ്ടനിലെ ടവര്‍ ഹില്ലില്‍ വെച്ച് തോമസ് മൂറിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാനൂറ് വര്‍ഷങ്ങള്‍ക്കു ശേഷം 1935ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 2000 ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിശുദ്ധ തോമസ് മൂറിനെ രാഷ്ട്രീയ നേതാക്കന്‍മാരുടെ മാധ്യസ്ഥനായി നിര്‍ദ്ദേശിച്ചു.
വിശുദ്ധ ജോണ്‍ ഫിഷര്‍
ഇംഗ്ലണ്ടിലെ സഭയുടെ മഹനീയ വ്യക്തിത്വമായിരുന്ന കര്‍ദ്ദിനാള്‍ ജോണ്‍ ഫിഷര്‍ ബെവര്‍ലിയിലെ റോബര്‍ട്ട് ഫിഷറിന്റെ ഇളയ മകനായി 1469 ലാണ് ജനിച്ചത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രം പഠിച്ച അദ്ദേഹം 1491 ഡിസംബറില്‍ വൈദികപട്ടം സ്വീകരിച്ചു. 1504 നവംബര്‍ 17 ന് റോച്ചെസ്റ്ററിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
വിശുദ്ധ ജോണ്‍ ഫിഷറിന്റെ അടുത്ത സുഹൃത്തായിരുന്നു വിശുദ്ധ തോമസ് മൂര്‍. സഭയുടെ ഐക്യത്തിനും വിവാഹ ബന്ധത്തിന്റെ ദൃഢതയ്ക്കും വേണ്ടിയാണ് ഇരുവരും തങ്ങളുടെ ജീവന്‍ ബലി നല്‍കിയത്. ഇംഗ്ലണ്ടിലെ സുവിശേഷ പ്രഘോഷണത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നതായിരുന്നു ജോണ്‍ ഫിഷറിന്റെ ലക്ഷ്യങ്ങളിലൊന്ന്.
താന്‍ രചിച്ച അനുതാപ സങ്കീര്‍ത്തനങ്ങള്‍ എന്ന പുസ്തകം അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പ് ഏഴ് പ്രാവശ്യം പുനപ്രസാദനം ചെയ്യപ്പെട്ടിട്ടുണ്ട്. മതവിരുദ്ധ വാദത്തിനെതിരായുള്ള അദ്ദേഹത്തിന്റെ എട്ട് കൃതികള്‍ യൂറോപ്പിലെ ദൈവ ശാസ്ത്രജ്ഞര്‍ക്കിടയില്‍ വിശുദ്ധന് നേതൃസ്ഥാനം ലഭിക്കുന്നതിന് കാരണമായി.
ഹെന്‍ട്രി എട്ടാമന്റെ വിവാഹത്തെ കുറിച്ചുള്ള ആശയകുഴപ്പങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ സഭാവൃത്തങ്ങള്‍ ആവശ്യപ്പെട്ടത് കര്‍ദ്ദിനാളായ ജോണ്‍ ഫിഷറിനോടായിരുന്നു. കാതറിനുമായുള്ള രാജാവിന്റെ വിവാഹത്തിനാണ് സാധുതയെന്ന് പ്രഖ്യാപിക്കുകയും ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയാകുവാനുള്ള രാജാവിന്റെ അവകാശവാദങ്ങളെ നിഷേധിക്കുകയും ചെയ്യുക വഴി വിശുദ്ധന്‍ രാജാവിന്റെ അപ്രീതിക്ക് പാത്രമായി.
അതേ തുടര്‍ന്ന് വിശുദ്ധനെ ഒഴിവാക്കുവാനായി 'കെന്റിലെ കന്യകാസ്ത്രീയായ എലിസബത്ത് ബാര്‍ട്ടന്റെ മുഴുവന്‍ വെളിപാടുകളും റിപ്പോര്‍ട്ട് ചെയ്തില്ല' എന്ന കുറ്റം രാജാവ് വിശുദ്ധനില്‍ ആരോപിച്ചു.
മോശമായ ആരോഗ്യാവസ്ഥയിലും പുതിയ സ്ഥാനാരോഹണ ചടങ്ങില്‍ പ്രതിജ്ഞയെടുക്കുവാന്‍ വിശുദ്ധനെ രാജാവ് വിളിച്ചു വരുത്തി. എന്നാല്‍ അത് ഹെന്‍ട്രിയുടെ വിവാഹ മോചനത്തിന് സാധുത നല്‍കുക, ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയായി കൊണ്ടുള്ള രാജാവിന്റെ പ്രഖ്യാപനത്തെ അംഗീകരിക്കുക എന്നീ ഉദ്ദേശങ്ങളോട് കൂടിയായിരുന്നതിനാല്‍ വിശുദ്ധ ജോണ്‍ ഫിഷര്‍ പ്രതിജ്ഞയെടുക്കുവാന്‍ വിസമ്മതിച്ചു.
തുടര്‍ന്ന് അദ്ദേഹത്തെ ലണ്ടന്‍ ടവറിലേക്കയച്ചു. അവിടെ 14 മാസത്തോളം വിചാരണ കൂടാതെ തടവില്‍ കഴിയേണ്ടതായി വന്നു. പിന്നീട് രാജ കല്‍പന് പ്രകാരം അദ്ദേഹത്തെ വധിച്ചു. വിശുദ്ധന്റെ ശരീരം ഒരു ദിവസം മുഴുവന്‍ അവിടെത്തന്നെ ഇടുകയും ശിരസ് ലണ്ടന്‍ പാലത്തില്‍ തൂക്കുകയും ചെയ്തു. വിശുദ്ധ ജോണ്‍ ഫിഷറിനെ വധിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് വിശുദ്ധ തോമസ് മൂറിന്റെ വധശിക്ഷ നടപ്പാക്കിയത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബ്രിട്ടനിലെ ആന്‍ബന്‍
2. ഗോളിലെ കണ്‍സോര്‍ഷിയാ
3. സെസാബ്രേ ദ്വീപിലെ ആറോണ്‍
4. സാല്‍സ്ബര്‍ഗിലെ എബെര്‍ ഹാര്‍ഡ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26