മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയിലെ പ്രതിസന്ധികള്‍ കൃത്യമായി മുതലെടുക്കാന്‍ നീക്കങ്ങള്‍ നടത്തി ബിജെപി. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരേ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് നടത്തുന്നതിലും കൂടുതല്‍ ആക്രമണവും പരിഹാസവുമാണ് ശിവസേന നേതാക്കളില്‍ നിന്ന് അടിക്കടി ഉണ്ടാകുന്നത്.
മഹാരാഷ്ട്രയില്‍ മാത്രം അധികാരത്തിലുള്ള പാര്‍ട്ടിയാണ് ശിവസേന. ഭരണത്തില്‍ നിന്ന് താഴെ വീഴ്ത്തിയാല്‍ ശിവസേനയുടെ കൊമ്പൊടിക്കാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടക്കം കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വീഴ്ത്തുകയെന്നതിനാണ് ബിജെപി മുഖ്യ പരിഗണന നല്‍കുന്നത്.
വിശ്വാസ വോട്ടില്‍ പരാജയപ്പെട്ടാല്‍ പറ്റുമെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കുക, ഇല്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് പോകട്ടെയെന്ന നിലപാടിലാണ് ബിജെപി. ഒരുകാലത്ത് മഹാരാഷ്ട്രയില്‍ കരുത്തരായിരുന്നെങ്കിലും ഇപ്പോള്‍ ശിവസേനയ്ക്ക് പഴയ ശക്തിയില്ല. തീവ്ര ഹിന്ദുത്വത്തില്‍ നിന്ന് മതേതരത്വത്തിലേക്ക് പാര്‍ട്ടി ചുവടുമാറ്റിയതോടെ അണികളും കൊഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെന്ന കരുത്തില്‍ മാത്രമാണ് ഇപ്പോള്‍ ശിവസേന പിടിച്ചു നില്‍ക്കുന്നത്. അധികാരം കൂടെ പോയാല്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകുമെന്ന് ഉദ്ധവിനും മകനും അറിയാം, ബിജെപിക്ക് അക്കാര്യം അതിലും നന്നായി ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് കൂട്ടുകക്ഷി സര്‍ക്കാരിനെ താഴെയിടാന്‍ അവര്‍ ശ്രമിക്കുന്നത്.
പ്ലാന്‍ എയും ബിയും റെഡിയാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്. ആദ്യ പ്ലാന്‍ സേന പിളര്‍ന്നാല്‍ വിമതരുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുക എന്നതാണ്. അങ്ങനെയെങ്കില്‍ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കി കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് ലക്ഷ്യം.
മഹാരാഷ്ട്രയില്‍ നിയമസഭ സമ്മേളനം ജൂണ്‍ 18ന് ആരംഭിക്കും. മഹാവികാസ് അഘാടി സഖ്യത്തിനെതിരെ അവിശ്വാസ പ്രമേയവുമായി മുന്നോട്ടുപോവാനാണ് ബിജെപി ലക്ഷ്യം. പ്ലാന്‍ ബി ഇവിടെയാകും നടപ്പിലാക്കുക. വിശ്വാസ വോട്ട് നേടാനാകാതെ ഉദ്ധവിനെ താഴെയിറക്കുക എന്നതാണത്. അടിക്കടി തലവേദനയാകുക സേനയെ അവരുടെ പാളയത്തില്‍ തന്നെ ഒതുക്കുകയെന്ന തന്ത്രം വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.