ചെന്നൈ: തമിഴ്‌നാ് പ്രതിപക്ഷ കക്ഷി അണ്ണാ ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം അലസിപ്പിരിഞ്ഞു. പാര്‍ട്ടി കൈപ്പിടിയിലാക്കാനുള്ള ഇ. പളനിസാമിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഒ.പനീര്‍ ശെല്‍വം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
പനീര്‍ ശെല്‍വത്തെ അപമാനിച്ച് ഇറക്കിവിട്ടെന്ന് അനുയായികള്‍ ആരോപിച്ചു. നടപടികള്‍ തുടങ്ങി ഒന്നര മണിക്കൂറില്‍ തന്നെ ജനറല്‍ കൗണ്‍സില്‍ അലസിപ്പിരിയുകയായിരുന്നു. അതേസമയം പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രതിനിധികളും പളനിസാമിക്ക് പിന്തുണ രേഖപ്പെടുത്തി. അടുത്ത മാസം 11 ന് ചേരുന്ന ജനറല്‍ കൗണ്‍സില്‍ ഇപിഎസിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുമെന്നും ഇപിഎസ് പക്ഷം പ്രഖ്യാപിച്ചു.
എന്നാല്‍ ജനറല്‍ കൗണ്‍സില്‍ വീണ്ടും വിളിക്കാന്‍ തീരുമാനമില്ലെന്നാണ് ഒപിഎസ് പക്ഷം അറിയിക്കുന്നത്. ജനറല്‍ കൗണ്‍സിലിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ. പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
നേരത്തെ തീരുമാനിച്ച ഇരുപത്തിമൂന്നിന അജണ്ട മാത്രമേ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ പാടുള്ളുവെന്ന ഒപിഎസിന്റെ ആവശ്യം സംബന്ധിച്ചും കോടതി തീരുമാനമെടുത്തില്ല. ഇതോടെയാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തെ തന്റെ വരുത്തിയില്‍ കൊണ്ടുവരാന്‍ എടപ്പാടി പളനിസാമിക്ക് സാധിച്ചത്. അണ്ണാ ഡിഎംകെയിലെ പോരില്‍ പാര്‍ട്ടി സംവിധാനത്തിന്റെ പിന്തുണ ഉറപ്പാക്കിയാണ് എടപ്പാടി പളനിസാമി മുന്നോട്ട് നീങ്ങുന്നത്. ഭൂരിപക്ഷം ജില്ലാ നേതൃത്വങ്ങളും പളനിസാമിക്ക് ഒപ്പമാണ്.
അതേസമയം സ്വന്തം ജില്ലയില്‍ നിന്നു പോലും പിന്തുണ ഉറപ്പിക്കാനാകാതെ ദുര്‍ബലനായ പനീര്‍ ശെല്‍വത്തിന്റെ അടുത്ത നീക്കം തമിഴകരാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. കഴിഞ്ഞ കുറച്ചു ദിവസമായി ചെന്നൈയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്തിന് മുന്നിലും തെരുവിലും അണികള്‍ മുദ്രാവാക്യവും വാഗ്വാദവുമായി തുടരുകയായിരുന്നു.
ജനറല്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പ് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളില്‍ പ്രതിപക്ഷ നേതാവും പാര്‍ട്ടി സഹ കോ ഓഡിനേറ്ററുമായ പളനിസാമി ആദ്യഘട്ടത്തില്‍ തന്നെ മുന്നിലെത്തി. തിരിച്ചടി ഉറപ്പായതോടെയാണ് ജനറല്‍ കൗണ്‍സില്‍ തന്നെ തടയാന്‍ ലക്ഷ്യമിട്ട് ഒപിഎസ് ഹൈക്കോടതിയിലേക്ക് എത്തിയത്. ജയലളിതയുടെ കാലത്ത് പാര്‍ട്ടിയിലെ രണ്ടാമനായിരുന്ന പനീര്‍ശെല്‍വം രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ദുര്‍ബലനായ നിലയിലാണിപ്പോള്‍.
ഒറ്റ നേതൃത്വം വേണമെന്ന ആവശ്യത്തില്‍ പളനിസാമി പക്ഷം ഉറച്ചു നില്‍ക്കുമ്പോള്‍ ഇപ്പോഴത്തെ പോലെ ഇരട്ട നേതൃത്വം മതിയെന്ന നിലപാടിലേക്ക് പനീര്‍ശെല്‍വം മയപ്പെട്ടു. എന്നാല്‍ പളനിസാമിയെ ജനറല്‍ സെക്രട്ടറി ആക്കാന്‍ അനുവദിക്കില്ലെന്ന കടുംപിടുത്തം തുടരുകയാണ്. എംജിആറിന്റേയും ജയലളിതയുടേയും കാലത്തേപ്പോലെ ഏക നേതൃത്വത്തിലേക്ക് മടങ്ങാന്‍ പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വേണ്ടി വരും. ഇക്കാര്യം ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യാന്‍ നിലവിലെ ഭരണഘടന പ്രകാരം പാര്‍ട്ടി കോ ഓഡിനേറ്ററായ പനീര്‍ ശെല്‍വത്തിന്റെ സമ്മതം ആവശ്യമാണ്. സാങ്കേതികമായ ഈ അനുകൂലഘടകം മാത്രമാണ് ഒപിഎസിന്റെ ഏക പിടിവള്ളി.
72 ജില്ലാ സെക്രട്ടറിമാരില്‍ 62 പേരും പളനിസാമിക്ക് പിന്തുണ പ്രഖ്യാപിച്ചു വെന്നാണ് വിവരം. പനീര്‍ശെല്‍വത്തിന്റെ സ്വന്തം ജില്ലയായ തേനിയില്‍ പോലും ഇപിഎസ് സ്വാധീനം ഉറപ്പിച്ചു. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയും ഇപിഎസിനാണ്. ഇതിനിടെ തമിഴ് പത്രങ്ങളുടെ മുന്‍പേജില്‍ ഒപിഎസ് വിഭാഗം പനീര്‍ശെല്‍വത്തെ പുകഴ്ത്തി മുഴുവന്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചത് ഭിന്നത കൂടുതല്‍ തീവ്രമാക്കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj