രക്ഷകന് വഴിയൊരുക്കിയ വിശുദ്ധ സ്‌നാപക യോഹന്നാന്‍

രക്ഷകന് വഴിയൊരുക്കിയ വിശുദ്ധ സ്‌നാപക യോഹന്നാന്‍

അനുദിന വിശുദ്ധര്‍ - ജൂണ്‍ 24

ക്ഷകനായ ക്രിസ്തുവിന് വഴിയൊരുക്കിയ വ്യക്തി എന്ന നിലയിലാണ് വിശുദ്ധ സ്‌നാപക യോഹന്നാനെ ക്രൈസ്തവ സഭ വണങ്ങുന്നത്. യേശുവിന്റെ വരവ് പരിശുദ്ധ കന്യകാ മറിയത്തെ അറിയിച്ച ഗബ്രിയേല്‍ ദൈവദൂതന്‍ തന്നെയാണ് അതിന് ആറ് മാസം മുന്‍പ് യോഹന്നാന്റെ ജനന വാര്‍ത്തയും അറിയിച്ചത്.

ആബിയായുടെ കുടുംബത്തില്‍പ്പെട്ട സക്കറിയ എന്ന പുരോഹിതന്‍ ഒരു ദിവസം ബലിയര്‍പ്പിക്കാന്‍ ദേവാലയത്തില്‍ വന്നപ്പോള്‍ ദൈവദൂതന്‍ അദ്ദേഹത്തോടു പറഞ്ഞു: 'നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവന് യോഹന്നാന്‍ എന്ന് പേരിടണം. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റ് ലഹരി വസ്തുക്കളോ അവന്‍ പാനം ചെയ്യുകയില്ല. അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ അവന്‍ പരിപൂരിതനാകും'(ലൂക്കാ.1, 13-15).

ഈ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. അതിനാല്‍ കുഞ്ഞ് ജനിക്കുന്നതു വരെ അയാള്‍ ഊമയായിരിക്കുമെന്ന് മാലാഖ പറഞ്ഞു. മാലാഖയുടെ വാക്കുകളനുസരിച്ച് എലിസബത്ത് ഗര്‍ഭിണിയായി. ആറാം മാസം ഈ വിവരം കന്യകാ മറിയം അറിഞ്ഞ് എലിസബത്തിനെ ശുശ്രൂഷിക്കുവാനായി ചെന്നു.

മറിയം എലിസബത്തിനെ അഭിവാദനം ചെയ്ത മാത്രയില്‍ തന്നെ ഗര്‍ഭസ്ഥ ശിശു തുള്ളിച്ചാടുകയും അവള്‍ പരിശുദ്ധാത്മാവിനാല്‍ പൂരിതയാവുകയും ചെയ്തു. യഥാസമയം കുട്ടി ജനിക്കുകയും അവന് യോഹന്നാന്‍ എന്ന് പേരിടുകയും ചെയ്തു.

യേശുവിന്റെ ആഗമനത്തിനു മുന്‍പ് ഇസ്രായേലിലെ എല്ലാ ജനതകളോടും യോഹന്നാന്‍ അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു. 'ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ കരുതുന്നത്? ഞാന്‍ അവിടുന്നല്ല, ഇസ്രായേല്‍ പ്രതീക്ഷിക്കുന്ന രക്ഷകനല്ല. എനിക്കു പിന്നാലെ അവിടുന്നു വരും. അവിടുത്തെ പാദരക്ഷ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല' (നടപടി 13, 23-25).

പ്രവാചക ശൃംഖലയിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു യോഹന്നാന്‍. ഇസ്രായേല്‍ കാലങ്ങളായി കാത്തിരുന്ന രക്ഷകനെ കൃത്യമായും ലോകത്തിന് കാട്ടിക്കൊടുത്തത് യോഹന്നാനാണ്. ജോര്‍ദ്ദാനില്‍ വച്ച് ജന മധ്യത്തില്‍ യേശുവിനെ സ്‌നാനപ്പെടുത്തി അവതരിപ്പിച്ചതും അദ്ദേഹം തന്നെയാണ്.

'ഇതാ ദൈവത്തിന്റെ കുഞ്ഞാട്... ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്നവന്‍' (യോഹ. 1, 29) എന്ന് പ്രഘോഷിച്ചുകൊണ്ടാണ് സ്‌നാപക യോഹന്നാന്‍ ക്രിസ്തുവിനെ ലോകത്തിന് കാണിച്ചു കൊടുത്തത്.

മരുഭൂമിയില്‍ ജീവിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ദൈവരാജ്യത്തിന്റെയും രക്ഷകന്റെ ആഗമനത്തിന്റെയും സദ്‌വാര്‍ത്ത അറിയിച്ച യോഹന്നാനെ സ്വാര്‍ത്ഥനായ ഭരണാധികാരി ഹേറോദേസ് ജയിലിലടച്ചു. അവസാനം ശിരഛേദനം ചെയ്യപ്പെട്ടു. ശിഷ്യന്മാര്‍ ചെന്ന് ശരീരം ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു. അതോടെ യോഹന്നാന്റെ ജീവിത കഥയ്ക്ക് തിരശീല വീഴുകയാണ്.

യേശു സ്‌നാപക യോഹന്നാനെപ്പറ്റി പറഞ്ഞത് സ്ത്രീകളില്‍ ജനിച്ചവരില്‍ സ്‌നാപകനേക്കാള്‍ വലിയവനില്ലെന്നും കാറ്റത്ത് ആടുന്ന ഞാങ്കണയല്ലെന്നുമാണ്. യോഹന്നാന്‍ ഇന്നും ജീവിക്കുന്നു. സുവിശേഷത്തിന്റെ ഭാഗമായി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറിഷുകാരനായ ജെര്‍മോക്ക്

2. വെരുലാമിലെ ആംഫിബാലൂസ്

3. റോമന്‍കാരനായ ഫൗസ്ത്തൂസ്

4. ഡാര്‍ഹാമിലെ ബെര്‍ത്തൊലോമ്യൂ

5. പാരീസിലെ അഗോര്‍ഡും അഗ്ലിബെര്‍ട്ടും

6. റോമന്‍ പടയാളികളായ ഒറെന്‍സിയൂസ്, ഹെറോസ്, ഫര്‍ണാസിയൂസ്, ഫിര്‍മിനൂസ്, ഫിര്‍മൂസ്, സിറിയാക്കൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.