അന്തരീക്ഷ മലിനീകരണം: ഡല്‍ഹി നഗരത്തില്‍ അഞ്ച് മാസത്തേക്ക് ചരക്കു വാഹനങ്ങള്‍ക്ക് വിലക്ക്

അന്തരീക്ഷ മലിനീകരണം: ഡല്‍ഹി നഗരത്തില്‍ അഞ്ച് മാസത്തേക്ക് ചരക്കു വാഹനങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചരക്ക് വാഹനങ്ങള്‍ നഗരാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഒക്ടോബര്‍ ഒന്നു മുതല്‍ 2023 ഫെബ്രുവരി 28 വരെയാണ് ഇടത്തരം, വലിയ ചരക്ക് വാഹനങ്ങള്‍ക്ക് കെജ്രിവാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പഴം, പച്ചക്കറി, ധാന്യങ്ങള്‍, പാല്‍ തുടങ്ങി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ശീതകാലത്ത് ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം വര്‍ധിക്കുകയും വായുവിന്റെ ഗുണമേന്മ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപാരികളും ചരക്കുവാഹന ഉടമകളും രംഗത്തെത്തി. സര്‍ക്കാരിന്റെ ഈ തീരുമാനം വ്യാപാര രംഗത്ത് നഷ്ടമുണ്ടാക്കുമെന്നും മലിനീകരണം തടയാന്‍ സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിയുള്ള കാലയളവില്‍ ഉത്സവങ്ങളും വിവാഹാഘോഷങ്ങളും കുടുതലായി നടക്കുന്നതിനാല്‍ ഇത്തരത്തിലുള്ള വിലക്ക് ഡല്‍ഹിയിലെ വ്യാപാര മേഖലയെ തകര്‍ക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാല്‍ പ്രതികരിച്ചു.

കൂടാതെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടുമെന്നും അദ്ദേഹം അറിയിച്ചു. സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ഡല്‍ഹിയില്‍ സിഎന്‍ജി വാഹനങ്ങളുടെ എണ്ണം പരിമിതമാണെന്നും വലിപ്പം കുറവാണെന്നും വ്യാപാരികള്‍ പറയുന്നു.

ഡല്‍ഹിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ വ്യാപാരത്തിനായി മറ്റിടങ്ങള്‍ തേടുമെന്നും അത് ഡല്‍ഹിയുടെ വ്യാപാര മേഖലയെ തകിടം മറിക്കുമെന്നും ഡല്‍ഹി ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ അംഗം രാജേന്ദ്ര കപൂര്‍ വ്യക്തമാക്കി. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തെ വിലക്ക് സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി സര്‍ക്കാര്‍ പുതിയ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.