തോക്ക് നിയന്ത്രണ ബില്‍ ബൈഡന്റെ മേശയില്‍; പ്രതീക്ഷയോടെ അമേരിക്ക; നിര്‍ണായക തീരുമാനം വൈകാതെ

തോക്ക് നിയന്ത്രണ ബില്‍ ബൈഡന്റെ മേശയില്‍; പ്രതീക്ഷയോടെ അമേരിക്ക; നിര്‍ണായക തീരുമാനം വൈകാതെ

വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള ബില്ലിന് സെനറ്റിന്റെ അംഗീകാരത്തിനു പിന്നാലെ ജനപ്രതിനിധി സഭയും വോട്ടിനിട്ട് പാസാക്കി. ഇനി യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടിക്കായി ഉറ്റു നോക്കുകയാണ് രാജ്യം മുഴുവന്‍.

തോക്ക് ഉപയോഗിച്ചുള്ള അക്രമസംഭവങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നതിനിടെയാണ് യുഎസ് സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഭൂരിപക്ഷ അംഗങ്ങള്‍ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. 193-ന് എതിരേ 234 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭയില്‍ ബില്‍ പാസായത്. 14 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ബില്ലില്‍ അനുകൂല നിലപാടെടുത്തു. കരഘോഷത്തോടെയാണ് തോക്ക് നിയന്ത്രണ ബില്‍ പാസായത്. അംഗങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തും സന്തോഷം പ്രകടിപ്പിച്ചു. 28 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത്. ബില്‍ നിയമമാകാന്‍ ഇനി പ്രസിഡന്റ് ബൈഡന്‍ ഒപ്പുവയ്ക്കണം. തോക്ക് സംസ്‌കാരത്തെ ശക്തമായി എതിര്‍ക്കുന്ന ബൈഡന്‍ ബില്ലില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചന.

33-നെതിരെ 65 വോട്ടുകള്‍ക്കാണ് യു.എസ് സെനറ്റില്‍ ബില്‍ പാസായത്. ഭരണകക്ഷിയായ ഡെമോക്രാറ്റ്സിനൊപ്പം 15 റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ബില്ലില്‍ അനുകൂല നിലപാടെടുത്തു.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കുന്നതിന് യു.എസില്‍ നിയന്ത്രണമുണ്ടാകും. തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തലവും പരിശോധിക്കും. വിദ്യാലയങ്ങളിലും മറ്റും കൂട്ടവെടിവയ്പ്പ് ഒഴിവാക്കാനുള്ള സുരക്ഷാപദ്ധതികളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതേസമയം, ബില്ലിനെ എതിര്‍ത്ത് ദേശീയ റൈഫിള്‍ അസോസിയേഷനും യുഎസ് കോണ്‍ഗ്രസിലെ ഇരു പാര്‍ട്ടിയിലെയും നിരവധി അംഗങ്ങളും രംഗത്തെത്തി. ഇതിനുമുമ്പ് 1994-ലാണ് തോക്ക് നിയന്ത്രണ നിയമം അമേരിക്കയില്‍ പാസായത്.

കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും തോക്ക് ഉപയോഗത്തിനെതിരേ 30 വര്‍ഷത്തോളം അമേരിക്കയിലെ രാഷ്ട്രീയ നേതൃത്വം തുടര്‍ന്ന മൗനം രാജ്യാന്തര തലത്തില്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ മേയില്‍ ടെക്‌സാസിലെ എലിമെന്ററി സ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടതാണ് തോക്ക് നിയന്ത്രണ നടപടികള്‍ക്ക് വേഗം കൂട്ടിയത്. ഇതിനു പിന്നാലെ ദിനം പ്രതിയെന്നോണം നടന്ന വെടിവയപ്പുകളിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. പല സംഭവങ്ങളിലും പ്രതികള്‍ കൗമാരക്കാരാണെന്നതും ഇവര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ തോക്ക് ലഭിക്കുന്ന സാഹചര്യങ്ങളും ഭരണകൂടത്തിന് തലവേദനയായി മാറിയിരുന്നു.

വെടിവയ്പ്പുകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യു.എസില്‍ വലിയ പ്രതിഷേധ പരിപാടികളും നടന്നു.

അതേസമയം, പൊതു സ്ഥലങ്ങളില്‍ കൈത്തോക്ക് കൊണ്ടുനടക്കാനുള്ള പ്രാഥമികമായ അവകാശം അമേരിക്കയിലെ ജനങ്ങള്‍ക്കുണ്ടെന്ന് യുഎസ് സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയായിരുന്നു സെനറ്റില്‍ ബില്‍ പാസായത്. തോക്ക് സ്വന്തമാക്കാനും കൊണ്ടുനടക്കാനുമുള്ള അവകാശം അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ അഭിഭാഷകരുടെ വാദത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി.

വീടിന് പുറത്ത് കൈത്തോക്ക് കൊണ്ടുനടക്കണമെങ്കില്‍ പ്രത്യേകം അനുമതി വാങ്ങണമെന്നും തോക്ക് കൈവശം വയ്ക്കുന്നതിന്റെ കാരണം തെളിയിക്കണമെന്നുമുള്ള ന്യൂയോര്‍ക്ക് തോക്കുനിയമത്തിന് വിരുദ്ധമാണ് പുതിയ വിധി.

തോക്ക് നിര്‍മ്മാണ കമ്പനികള്‍ക്ക് യുഎസില്‍ കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 2005-ലാണ് ഈ നിയമം നിലവില്‍ വന്നത്. യു.എസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 കൂട്ട വെടിവയ്പ്പുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.