പെര്‍ത്തില്‍നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ്; ആവശ്യം ശക്തമാകുന്നു; ഒപ്പുശേഖരണവുമായി ഇസ്‌വ

പെര്‍ത്തില്‍നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ്; ആവശ്യം ശക്തമാകുന്നു; ഒപ്പുശേഖരണവുമായി ഇസ്‌വ

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍നിന്ന് നേരിട്ട് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഡബ്ല്യുഎ (ഇസ്‌വ) ആണ് പെര്‍ത്തില്‍നിന്ന് ഇന്ത്യയിലെ ഏതെങ്കിലും പ്രധാന നഗരത്തിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് നിവേദനം നല്‍കാനാണ് അസോസിയേഷന്റെ തീരുമാനം. ഇതിനായി ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്.

സിഡ്നിയില്‍നിന്നും മെല്‍ബണില്‍ നിന്നും എയര്‍ ഇന്ത്യയ്ക്ക് നിലവില്‍ നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ ഉണ്ട്. എന്നാല്‍ മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന പെര്‍ത്തില്‍നിന്ന് നേരിട്ട് ഇന്ത്യയിലേക്കു വിമാന സര്‍വീസില്ല. സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ വഴിയാണ് ഇന്ത്യയിലെത്തുന്നത്. പെര്‍ത്തില്‍നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ച് എയര്‍ലൈനുകളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ പ്രീമിയര്‍ മാര്‍ക് മക്ഗോവന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടെങ്കില്‍ നടപടികള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നിവേദനം സമര്‍പ്പിക്കുന്നത്.

ഇന്ത്യയുമായി പ്രത്യക്ഷവും പരോക്ഷവുമായ ബന്ധമുള്ള ഏകദേശം 170,000 പേരാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ താമസിക്കുന്നത്. ഇവരെ സന്ദര്‍ശിക്കാന്‍ നിരവധി ബന്ധുക്കളും ഇന്ത്യയില്‍നിന്ന് പതിവായി എത്താറുണ്ട്. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന മൂന്ന് പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഒപ്പുവെച്ച പുതിയ സാമ്പത്തിക, വ്യാപാര കരാറിനെതുടര്‍ന്ന് ഈ യാത്രക്കാരുടെ എണ്ണം അതിവേഗം വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്‌വ ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ നിന്ന് പെര്‍ത്തിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റിന് എട്ടര മണിക്കൂറാണ് വേണ്ടത്. അതേസമയം സിഡ്നിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പറക്കാന്‍ ഏകദേശം 13 മണിക്കൂറോളം എടുക്കും. അതിനാല്‍ പെര്‍ത്തില്‍നിന്ന് വിമാനസര്‍വീസ് തുടങ്ങിയാല്‍ അതു നിരവധി പേര്‍ക്ക് പ്രയോജനം ചെയ്യുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെടുന്നു.

സംസ്ഥാന സര്‍ക്കാര്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജക്കാര്‍ത്ത, പാരിസ്, ജോഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളിലേക്ക് അടുത്തിടെ നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ ആരംഭിച്ചിരുന്നു. അടുത്ത കാലത്തായി പെര്‍ത്തില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയുമായുള്ള ഓസ്ട്രേലിയയുടെ സ്വതന്ത്ര വ്യാപാര കരാര്‍ യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ക്ക് സുഗമമായ യാത്രാ സൗകര്യങ്ങള്‍ ആവശ്യമാണെന്നും ക്വാണ്ടാസ് സി.ഇ.ഒ അലന്‍ ജോയ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വിമാനക്കമ്പനികളും സര്‍ക്കാരും തീരുമാനിച്ചാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആരംഭിക്കാമെന്നും അലന്‍ ജോയ്സ് പറഞ്ഞു.

നിരവധി പേരാണ് നിവേദനത്തിന് പിന്തുണയുമായി രംഗത്തുവരുന്നത്. ഈ ഉദ്യമത്തില്‍ പങ്കുചേരാന്‍ chng.it എന്ന
വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ഈ ഉദ്യമത്തില്‍ പങ്കുചേരണമെന്ന് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.