ഓസ്ലോ: സ്‌കാന്റിനേവ്യന്‍ രാജ്യമായ നോര്‍വെയില്‍ ജനക്കൂട്ടത്തിന് നേരെ ഉണ്ടായ വെടിവയ്പ്പ് ഇസ്ലാമിക തീവ്രവാദ ആക്രമണമെന്ന് പൊലീസ്. പ്രതിക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി. ഇതേത്തുടര്‍ന്ന് രാജ്യത്താകെ അതീവ സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
കൊലപാതകം, കൊലപാതകശ്രമം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങളാണ് 42 കാരനായ ഇറാന്‍ വംശജനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം 'ഇസ്ലാമിസ്റ്റ് ഭീകരപ്രവര്‍ത്തനം' എന്ന് പോലീസ് വിശേഷിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
ഓസ്ലോയിലെ നിശാക്ലബിലാണ് ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയ്ക്ക് വെടിവയ്പ്പ് ഉണ്ടായത്. പബിലേക്ക് വന്ന നോര്‍വീജിയന്‍ പൗരന്‍ കൂടിയായ പ്രതി തന്റെ ബാഗില്‍ കരുതിയിരുന്ന തോക്ക് പുറത്തെടുത്ത് യാതൊരു പ്രകോപനവും ഇല്ലാതെ വെടി ഉതിര്‍ക്കുകയായിരുന്നു. നൂറോളം പേര്‍ ഈ സമയം പബില്‍ ഉണ്ടായിരുന്നു. ഭയചിത്തരായ ആളുകള്‍ നാലുപാടും ചിതറിയോടി. വെടിയേറ്റും തിക്കിലും തിരക്കിലും പെട്ട് വീണുമാണ് പരിക്കേറ്റത്. പരിക്കേറ്റ 21 പേരില്‍ 10 പേരുടെ നില ഗുരുതരമാണ്.
പ്രതി 2015 മുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് മേധാവി റോജര്‍ ബെര്‍ഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇറാനിയന്‍ കുര്‍ദിഷ് വംശജനായ പ്രതി കുട്ടിക്കാലത്ത് നോര്‍വേയില്‍ എത്തിയതാണ്. മത മൗലിക വാദത്തിനായി നിലകൊള്ളുന്ന ഒരു ഇസ്ലാമിക തീവ്രവാദ ശൃംഖലയില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി. ആക്രമണം, അനധികൃതമായി ആയുധങ്ങള്‍ കൈവശം വയ്ക്കല്‍, മയക്കുമരുന്ന് എന്നീ കുറ്റകൃത്യങ്ങളില്‍ മുമ്പ് പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊലപാതകശ്രമത്തിനും അന്വേഷണം നടന്നുവരികെയായിരുന്നു.
മിനിറ്റുകള്‍ക്ക് ശേഷം അക്രമിയെ പൊലീസ് പിടികൂടി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഓട്ടോമാറ്റിക് തോക്ക് ഉള്‍പ്പടെ രണ്ട് ആയുധങ്ങളും കണ്ടെടുത്തു. രാജ്യത്തിന്റെ പ്രൈഡ് പരേഡ് നടക്കുന്ന ദിവസം തന്നെ വെടിവയ്പ്പ് ഉണ്ടായത് ഗൗരത്തോടെയാണു സര്‍ക്കാരും പൊലീസും കണ്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.
നോര്‍വേയില്‍ കുറച്ചുകാലമായി തീവ്രവാദ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാല്‍ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം ഇത് സ്ഥിരീകരിക്കുന്നില്ല. അപകടം നടന്ന സ്ഥലത്ത് ജനം നോര്‍വെയുടെ ദേശീയ പതാക സ്ഥാപിച്ചു.
നിരപരാധികളായ ജനങ്ങള്‍ക്ക് നേരെയുണ്ടായത് ക്രൂരവും അപലപനീയവുമായ ആക്രമണമാണെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പറഞ്ഞു. താനും കുടുംബവും അക്രമത്തില്‍ ഭയചകിതരായെന്ന് നോര്‍വേയിലെ രാജാവ് ഹരാള്‍ഡ് പറഞ്ഞു. നിരപരാധികള്‍ക്ക് നേരെയുള്ള ഹീനമായ ആക്രമണത്തില്‍ താന്‍ ഞെട്ടിപ്പോയി എന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ട്വീറ്റ് ചെയ്തു. ലോക നേതാക്കളും ആക്രമണത്തെ അപലപിച്ചു. ഒരുമിച്ച് നിന്നാല്‍ മതവിദ്വേഷ ശക്തികളെ ചെറുക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.