ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു; മതമില്ലാത്തവര്‍ കൂടുന്നു: പുതിയ സെന്‍സസ്, ഓസ്‌ട്രേലിയ ഇനി എങ്ങോട്ട്?...

ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു; മതമില്ലാത്തവര്‍ കൂടുന്നു: പുതിയ സെന്‍സസ്, ഓസ്‌ട്രേലിയ ഇനി എങ്ങോട്ട്?...

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ഇടിവ്. അഞ്ചു വര്‍ഷത്തിനിടെ ഏഴ് ശതമാനത്തോളം ക്രൈസ്തവര്‍ കുറഞ്ഞതായാണ് പുതിയ ജനസംഖ്യാ കണക്ക്. അതേസമയം മതമില്ലാത്തവരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെയും ഹിന്ദു, മുസ്ലീം ജനസംഖ്യയില്‍ നേരിയ തോതിലും വര്‍ധനവ് ഉണ്ടായതായി 2021 ലെ സെന്‍സസ് രേഖകള്‍ പറയുന്നു.

2011 ല്‍ 61 ശതമാനമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ 2016 ല്‍ 51 ശതമാനമായും 2021 ല്‍ അത് 43.9 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് ക്രിസ്ത്യാനികളുടെ എണ്ണം 61 ശതമാനത്തില്‍ നിന്ന് 43.9 ശതമാനത്തിലേക്ക് താഴ്ന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മതവിശ്വാസ വിഭാഗമായ ക്രിസ്ത്യന്‍ പോപ്പുലേഷന്‍ 50 ശതമാനത്തില്‍ താഴെ എത്തുന്നതും ചരിത്രത്തിലാധ്യമാണ്.

ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കൂടുതലും കത്തോലിക്ക വിശ്വാസികളാണ്. 20 ശതമാനമാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണം. 9.8 ശതമാനം ആംഗ്ലിക്കന്‍ സഭാ വിശ്വാസികളും ശേഷിക്കുന്ന 14.1 ശതമാനം മറ്റ് സഭാ വിശ്വാസികളുമാണ്.


മതമില്ലാത്തവരുടെ എണ്ണം 10 ശതമാനം വര്‍ധിച്ചു എന്നതാണ് സെന്‍സസ് നല്‍കുന്ന വലിയ മുന്നറിയിപ്പ്.  ജനസംഖ്യയുടെ 40 ശതമാനം പേരും 'മതമില്ല' എന്ന് പ്രതികരിച്ചു. ചെറുപ്പക്കാരില്‍ 60 ശതമാനം പേരും പ്രായമായവരില്‍ 46.5 ശതമാനം പേരും നിരീശ്വരവാദത്തെ പിന്തുണയ്ച്ചു. 2011 ല്‍ 22 ശതമാനം മാത്രമായിരുന്നു മതമില്ലാത്തവരുടെ ജനസംഖ്യ. 2016 ല്‍ അത് 30 ശതമാനമായി വര്‍ധിച്ചു. 2021ല്‍ മതമില്ലാത്തവരും ക്രിസ്തുമത വിശ്വാസികളും തമ്മിലുള്ള ജനസംഖ്യാ വ്യത്യാസം 3.9 ശതമാനമാണ്.

ജനസംഖ്യാ വര്‍ധനവിന്റെ ആനുപാതികമായി മറ്റ് മതവിഭാഗങ്ങളില്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ഹിന്ദുമത വിശ്വാസികള്‍ 55.3 ശതമാനം വര്‍ധിച്ച് 6,84,002 ആളുകളായും ഇസ്ലാം മതവിശ്വാസികള്‍ 813,392 ആളുകളായും വളര്‍ന്നു. ആകെ ജനസംഖ്യയുടെ 2.7 ശതമാനം ഹിന്ദുക്കളും 3.2 ശതമാനം മുസ്ലീം മത വിഭാഗക്കാരുമാണ്. എങ്കിലും ഓസ്‌ട്രേലിയയില്‍ ഭൂരിപക്ഷവും ഇപ്പഴും ക്രിസ്തുമത വിശ്വാസികള്‍ തന്നെയാണ്. 16.1 ശതമാനം മാത്രമാണ് ഹിന്ദു, മുസ്ലീം, ബുദ്ധ, സിക്ക് ഉള്‍പ്പെടുന്ന മറ്റ് മതവിശ്വാസികള്‍.

ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും സമഗ്രമായ ജനസംഖ്യാ വിവരമാണ് ഇത്തവണ പുറത്തുവന്നത്. അഞ്ചു വര്‍ഷത്തിനിടെ ആകെ ജനസംഖ്യയില്‍ 8.6 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. 2016 ശേഷം രണ്ട് ദശലക്ഷം ആളുകളാണ് വര്‍ധിച്ചത്. പ്രായമായവരുടെ എണ്ണവും വര്‍ദ്ധിച്ചു. അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ വിദേശ സന്ദര്‍ശകരുടെ എണ്ണം 80 ശതമാനത്തിലധികമായി കുറച്ചു.

ആദിവാസികളുടെയും ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസികളുടെയും ജനസംഖ്യ 25 ശതമാനത്തിലധികം വര്‍ധിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 3.2 ശതമാനം (8,12,728) ആളുകള്‍ ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. 2017 മുതല്‍ ഒരു ദശലക്ഷത്തിലധികം കുടിയേറ്റക്കാര്‍ ഓസ്ട്രേലിയയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ 83.7 ശതമാനം പേരും കോവിഡ് മഹാമാരിക്ക് മുന്‍പ് എത്തിയവരാണ്.



അവിവാഹിതരായ മാതാപിതാക്കളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ട്. 1996 നെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഒരു ദശലക്ഷത്തിലധികം കുടുംബങ്ങളില്‍ അവിവാഹിതരായ മാതാപിതാക്കള്‍ ഉണ്ടെന്നാണ് കണക്ക്. അതായത് ജനസംഖ്യയുടെ 16 ശതമാനം. അതില്‍ 75 ശതമാനം സ്ത്രീകളാണ്. വിവാഹിതരായും അല്ലാതെയും താമസിക്കുന്ന 47 ശതമാനം ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ല.

രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് ദീര്‍ഘകാല മാനസികാരോഗ്യ അവസ്ഥകളുണ്ടെന്നും സെന്‍സസ് രേഖകള്‍ പറയുന്നു. ഇതാദ്യമായാണ് സെന്‍സസ് ദീര്‍ഘകാല ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. മാനസികാരോഗ്യം, സന്ധിവാതം, ആസ്ത്മ എന്നിവയാണ് ആളുകളില്‍ കൂടുതലായുള്ള രോഗാവസ്ഥകള്‍.

ഏകദേശം 60,000 ഓസ്ട്രേലിയക്കാര്‍ കാരവാനുകളില്‍ താമസിക്കുന്നതായും സെന്‍സസ് രേഖകള്‍ പറയുന്നു. 29,369 ആളുകള്‍ ഒരു ക്യാബിനിലോ ഹൗസ്ബോട്ടിലോ താമസിക്കുന്നു. അര ദശലക്ഷത്തിലധികം ആളുകള്‍ ഉയര്‍ന്ന അപ്പാര്‍ട്ട്മെന്റുകളില്‍ താമസിക്കുന്നവരാണ്. 31 ശതമാനം പേര്‍ക്ക് മാത്രമേ സ്വന്തമായി വീട് ഉള്ളു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.