'കര്‍ഷകരുടെ ഒരിഞ്ച് ഭൂമി പോലും സര്‍ക്കാരിന് വിട്ടുതരില്ല': ബഫര്‍ സോണ്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മാര്‍ ജോസഫ് പാംപ്ലാനി

'കര്‍ഷകരുടെ ഒരിഞ്ച് ഭൂമി പോലും സര്‍ക്കാരിന് വിട്ടുതരില്ല': ബഫര്‍ സോണ്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മാര്‍ ജോസഫ് പാംപ്ലാനി

മാനന്തവാടി: കര്‍ഷകരുടെ ഒരിഞ്ച് ഭൂമി പോലും സര്‍ക്കാരിന് വിട്ടുതരില്ലെന്ന് തലശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകര്‍ക്കെതിരായി എന്നെല്ലാം ഭരണകൂടം വാളുയര്‍ത്തിയോ അന്നെല്ലാം ആ വാള്‍ ഉറയില്‍ ഇടേണ്ടി വന്നിട്ടുണ്ടെന്നു മാത്രമല്ല ആ വഴി തിരിഞ്ഞ് നോക്കാതെ ഓടേണ്ടി വന്നിട്ടുണ്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് ഇത്തരം സമരങ്ങള്‍ ചെയ്ത് ശീലമുള്ളവരല്ല, അക്രമസമരത്തിന് പിന്നാലെ പോകുന്നവരുമല്ല. പക്ഷെ ഏതെങ്കിലും കാരണത്തിന്റെ പേരില്‍ സമരത്തിന് ഇറങ്ങി എന്നത് സത്യമാണെങ്കില്‍ ആ ലക്ഷ്യം നേടാതെ തിരിച്ച് കയറിയ ചരിത്രമില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി ഓര്‍മ്മപ്പെടുത്തി.

മലയോര മേഖലയിലെ ജനങ്ങളെ ആശങ്കയില്‍ ആഴ്ത്തുന്ന ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസംരക്ഷണ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ പത്തിന് മാനന്തവാടി പോസ്റ്റോഫീസിന് സമീപത്തു നിന്നാണ് റാലി ആരംഭിച്ചത്. നാനാതുറകളില്‍ നിന്നും നിരവധി ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.

കഴിഞ്ഞ 15 വര്‍ഷമായി ഈ നാട്ടിലെ കര്‍ഷകര്‍ അത്രയും നെഞ്ചുരുകി ഭരണകൂടങ്ങളോട് നിലവിളിച്ച് പറഞ്ഞിരുന്നതാണ് ഇത്തരം ഇങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ തങ്ങളുടെ കൃഷി ഭൂമിയും കിടപ്പാടവും നഷ്ടമാകുമെന്ന്. മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര മന്ത്രിമാരോടും ഇക്കാര്യം വ്യക്തമാക്കിയതാണ്. അന്ന് എല്ലാവരും പറഞ്ഞു തങ്ങള്‍ കര്‍ഷകരുടെ ഭാഗത്താണെന്ന്. ഈ പറഞ്ഞ നേതാക്കന്‍മാരുടെ വാക്കിന് പഴയ ചാക്കിന്റെ വിലപോലും ഇല്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന സുപ്രീം കോടതി വിധി എന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്തെ വിവിധ വനപ്രദേശങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള കരടു രേഖകളെക്കുറിച്ചും വയനാട് വന്യജീവി സങ്കേതത്തെ കടുവാ സങ്കേതമായി പ്രഖ്യാപിക്കാനുള്ള കേരള വനം വകുപ്പിന്റെ നിര്‍ദ്ദേശത്തെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ട് 2020 സെപ്തംബറില്‍ പൊതുജനങ്ങളുടെ ശ്രദ്ധക്കായി  മാര്‍ ജോസഫ് പാംപ്ലാനി ഒരു കത്ത് സര്‍ക്കാരിന്  നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സഭാ പിതാക്കന്മാര്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിന് അനുയോജ്യമായ പ്രക്ഷോഭ പരിപാടികള്‍ നടത്തിയും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കത്തുകളയച്ചും ആശങ്കയും പ്രതിഷേധവും അന്ന് സഭ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നും വിവിധങ്ങളായ ഇടപെടലുകള്‍ ഈ വിഷയത്തില്‍ മാനന്തവാടി രൂപത മുന്‍കൈയെടുത്ത് നടത്തിയിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് ജനസംരക്ഷണ സമിതിയുടെയും വയനാട് സംരക്ഷണ സമിതിയുടെയും രൂപീകരണവും അവരുടെ പ്രവര്‍ത്തനങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല, വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധിയെ നേരിട്ടു കണ്ട് ഈ വിഷയത്തിലുള്ള ആശങ്ക അറിയിക്കുകയും വിശദമായ കത്ത് നല്‍കി വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതര രാഷ്ട്രീയ നേതൃത്വങ്ങളുമായി തുടര്‍ക്കാലങ്ങളില്‍ നടത്തിയ ചര്‍ച്ചയിലും മലയോര കര്‍ഷക ജനത മുഴുവന്റെയും ആവശ്യമെന്ന നിലയില്‍ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരം ഇന്ത്യയിലെ എല്ലാ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും പക്ഷി സങ്കേതങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല പ്രദേശം അഥവാ ബഫര്‍ സോണ്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. ഈ ഉത്തരവ് വളരെ ആശങ്കയുളവാക്കുന്നതാണ്. ഉത്തരവ് നടപ്പിലായാല്‍ ബഫര്‍ സോണിനുള്ളില്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ജനജീവിതം ദുരിതത്തിലാകുന്ന നിയന്ത്രണങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്.

ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ചെറുതും വലുതുമായ പട്ടണങ്ങളും കച്ചവട കേന്ദ്രങ്ങളും വിവിധ തരത്തിലുള്ള സംരംഭങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും ബഫര്‍സോണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകും. സര്‍ക്കാരിനും സ്വകാര്യവ്യക്തികള്‍ക്കും ഇത്തരം സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക സാധ്യമല്ലാതാകും. അവിടെ സ്വന്തം ആവശ്യത്തിനു മാത്രമേ കൃഷി ചെയ്യാന്‍ സാധിക്കുകയുള്ളൂ.

വാണിജ്യാവശ്യത്തിനുള്ള കൃഷിക്കും മരങ്ങള്‍ മുറിക്കുന്നതിനും മുന്‍കൂര്‍ അനുമതി ആവശ്യമായി വരും. മുന്‍കൂര്‍ അനുമതി ലഭ്യമാകുന്ന സാഹചര്യം സാവധാനം അനുവാദമില്ലായ്മയിലേക്ക് തന്നെ എത്തിച്ചേരാനും ഇടയുണ്ട്. റോഡിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും അടക്കം വരാന്‍ പോകുന്ന കടുത്ത നിയന്ത്രണങ്ങള്‍ ബഫര്‍ സോണിലുള്ള സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും ഭാവിയും അപകടത്തിലാകും.

കാലാവസ്ഥാ വ്യതിയാനവും വിലത്തകര്‍ച്ചയും കര്‍ഷക ജനതയുടെ പലവിധത്തിലുള്ള കടബാധ്യതകളും തുടര്‍ച്ചയായ വന്യജീവി ആക്രമണവും മികച്ച ചികിത്സ ലഭ്യമല്ലാത്ത സാഹചര്യങ്ങളും ഉള്ളതിനും പുറമെയാണ് ഇപ്പോള്‍ ബഫര്‍ സോണ്‍ ദുരന്തവും വന്നു ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനത്തിന്റെ ന്യായമായ പ്രതിഷേധങ്ങള്‍ പോലും വകവെക്കാതെയും ജനത്തെയോ അവരുടെ ജീവിത സാഹചര്യങ്ങളെയോ പരിഗണിക്കാതെയും കൂട്ടായ ആലോചനയില്ലാതെയും നടത്തുന്ന ഇത്തരം ഏകപക്ഷീയ നടപടികളും നയങ്ങളും ജനാധിപത്യ രീതിയില്‍ത്തന്നെ നമ്മള്‍ ചൂണ്ടിക്കാട്ടുകയും എതിര്‍ക്കുകയും വേണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ഓര്‍മ്മപ്പെടുത്തി.

മലയോര കര്‍ഷക ജനതയുടെ നിലനില്‍പിന്റേയും അതിജീവനത്തിന്റേയും പ്രശ്നമാണിത്. ഈ തീരുമാനങ്ങള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്ന വിധം നമ്മുടെ പ്രതിഷേധങ്ങളെ ഈ ദിവസങ്ങളില്‍ത്തന്നെ ഏകോപിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിഷേധ പ്രകടനങ്ങളും ഫലമണിയുന്നത് നമുക്ക് അനുകൂലമായ തീരുമാനം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ഉണ്ടാകുമ്പോഴാണ്. അതിനാല്‍ കേരള നിയമസഭ സമ്മേളിക്കുന്ന ഈ ദിവസങ്ങളില്‍ മന്ത്രിസഭയുടെ അടിയന്തര ശ്രദ്ധ നേടുന്ന രീതിയിലുള്ള വിവിധ സമര പരിപാടികള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.