റഷ്യയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് നാറ്റോ; മൂന്നാം ലോക യുദ്ധത്തിന് മുന്നറിയിപ്പെന്ന് സൂചന

റഷ്യയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് നാറ്റോ; മൂന്നാം ലോക യുദ്ധത്തിന് മുന്നറിയിപ്പെന്ന് സൂചന

മാഡ്രിഡ്: യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്നറിയിപ്പുകളെ അവഗണിച്ച് അധിനിവേശ മനോഭാവത്തോടെ മുന്നേറുന്ന റഷ്യയെ യൂറോപ്പിന്റെ പൊതു ശത്രുവായി പ്രഖ്യാപിച്ച് നാറ്റോ. ഉക്രെയ്‌നില്‍ റഷ്യ നടത്തിയ അതിക്രൂര സൈനിക നടപടികള്‍ പശ്ചാത്യ സുരക്ഷയ്ക്ക് നേരിട്ട എറ്റവും വലിയ ഭീഷണിയാണെന്ന് മുദ്രകുത്തിയ നാറ്റോ, യുദ്ധം നേരിടാന്‍ ഉക്രെയ്ന്‍ കൂടുതല്‍ സൈനിക സാമ്പത്തിക സഹായം നല്‍കാനും തീരുമാനമെടുത്തു.

ലോകത്തെ എറ്റവും വലിയ സൈനിക ശക്തികൂടിയായ നാറ്റോയുടെ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) അപ്രതീക്ഷിത നീക്കം മുന്നാം ലോക യുദ്ധത്തിലേക്കുള്ള ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്പില്‍ ഉടനീളം കര, കടല്‍, വായു സൈനീക മേഖലകളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍, റഷ്യയുടെയും ചൈനയുടെയും ഭീഷണി മുന്‍നിര്‍ത്തി ജി 7 ഉച്ചകോടിക്ക് ശേഷം സ്‌പെയിനില്‍ ചേര്‍ന്ന നാറ്റോ രാജ്യങ്ങളുടെ കൂടിക്കാഴ്ച്ചയില്‍ കൈക്കൊണ്ടു.

ഉക്രെയ്‌ന് പൂര്‍ണ പിന്തുണ നല്‍കി കീവിലെ സായുധ സേനയെ നവീകരിക്കാനുള്ള പദ്ധതികള്‍ക്കാണ് നാറ്റോ പ്രഥമ പരിഗണന നല്‍കുന്നത്. അതോടൊപ്പം പടിഞ്ഞാറ് സ്‌പെയിന്‍ മുതല്‍ റൊമാനിയ, ഉക്രെയ്ന്‍, പോളണ്ട് എന്നിവിടങ്ങളില്‍ യൂറോപ്പിലുടനീളം കര, കടല്‍, വായു എന്നീ സേനാ വിഭാഗങ്ങളെ വിന്യസിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കി.

മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍, അത്യാധുനിക ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍ ഉള്‍പ്പടെ 1.7 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രെയ്‌ന് ഉടന്‍ കൈമാറുമെന്ന് ബ്രിട്ടണും അറിയിച്ചു.

ഉക്രെയ്‌നിലെ അധിനിവേശത്തിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യൂറോപ്പിന്റെ സമാധാനം തകര്‍ത്തെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചു. നാറ്റോ സഖ്യകക്ഷികള്‍ക്ക് റഷ്യ ഏറ്റവും വലിയ ഭീഷണിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കീവില്‍ കൂടുതല്‍ സൈനികാക്രമണം നടത്തിയാണ് നാറ്റോയുടെ നടപടിക്ക് റഷ്യ മറുപടി നല്‍കിയത്. തങ്ങള്‍ക്കെതിരെയുള്ള ഭീഷണികളെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും നാറ്റോയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ ചെറുക്കുമെന്നും പുടിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.