ഉദയ്പൂരിലേത് വെറും നിസാര സംഭവം: എന്തിനാണ് പാക് ബന്ധം ആരോപിക്കുന്നത്; വിവാദ പ്രസ്താവനയുമായി രാകേഷ് ടികായത്ത്

ഉദയ്പൂരിലേത് വെറും നിസാര സംഭവം: എന്തിനാണ് പാക് ബന്ധം ആരോപിക്കുന്നത്; വിവാദ പ്രസ്താവനയുമായി രാകേഷ് ടികായത്ത്

ഉദയ്പൂര്‍: ഉദയ്പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കൊലപാതകത്തില്‍ വിവാദ പ്രസ്താവനയുമായി മുന്‍
ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഉദയ്പൂര്‍ സംഭവത്തെ നിസാരവത്കരിച്ചും, പാകിസ്ഥാനെ പിന്തുണച്ചും രാകേഷ് ടികായത്ത് സംസാരിച്ചത്.

ഉദയ്പൂരില്‍ നടന്നത് വെറും നിസാര സംഭവമാണെന്നാണ് ടികായത്തിന്റെ വാദം. തല വെട്ടിയതെല്ലാം ചെറിയ കാര്യമാണെന്നും അതിനെ ഊതിപ്പെരുപ്പിക്കുകയാണെന്നും രാകേഷ് ടികായത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവം നടന്നിരിക്കുന്നത് ബിജെപി സര്‍ക്കാര്‍ ഇല്ലാത്ത ഒരു സംസ്ഥാനത്താണ്. രാജസ്ഥാനായാലും പഞ്ചാബായാലും ഇത്തരം കാര്യങ്ങള്‍ ഇനിയും സംഭവിക്കും. അതാണ് ചരിത്രം. കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് എന്തും ചെയ്യാം. എന്തെങ്കിലും ചെറിയ കാര്യം സംഭവിച്ചാല്‍ ഉടനെ അവര്‍ പാകിസ്ഥാന്‍ ബന്ധം ആരോപിക്കും.

ഇന്ത്യയില്‍ നിയമവും വകുപ്പുകളും ഭരണഘടനയും എല്ലാമുണ്ട്. അതില്‍ പാകിസ്ഥാന് എന്തു ചെയ്യാന്‍ പറ്റുമെന്നും ടികായത്ത് ചോദിച്ചു. ആരെങ്കിലും കൊലപാതകം നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ സെക്ഷന്‍ 302 പ്രകാരം കേസെടുത്താല്‍ മതിയെന്നും രാകേഷ് ടികായത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം ഉദയ്പൂര്‍ സംഭവത്തില്‍ തീവ്രവാദ ബന്ധം വ്യക്തമായതിന് പിന്നാലെ കേസ് എന്‍ഐഎ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്ഥാന്‍ ആസ്ഥാനമായ തീവ്രവാദ സംഘടന ദവത്ത്-ഇ-ഇസ്ലാമുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ രണ്ട് തവണ കറാച്ചി സന്ദര്‍ശിച്ചിട്ടുണ്ട്. 45 ദിവസത്തോളം പാകിസ്ഥാനില്‍ ചിലവഴിച്ച ശേഷമാണ് പ്രതികള്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇവരുടെ തീവ്രവാദ ബന്ധം ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ എന്‍ഐഎ വിശദമായി പരിശോധിക്കും.

കൂടാതെ കൊലപാതകത്തെ ഭീകര പ്രവര്‍ത്തനമായിട്ടാണ് കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നത്. സംഭവത്തിന് പിന്നില്‍ എന്തെങ്കിലും വിദേശ സഹായമോ നിര്‍ദേശമോ ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.