പ്യോങ്യാങ്: കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ചൈനയെ 'രക്ഷിച്ച്' ഉത്തരകൊറിയ. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിക്കു സമീപം അജ്ഞാത വസ്തുക്കളില്‍ ആളുകള്‍ സ്പര്‍ശിച്ചതോടെയാണ് രാജ്യത്ത് ആദ്യമായി കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്ന വിചിത്ര വാദവുമായാണ് ഉത്തര കൊറിയ രംഗത്തുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ നിന്ന് കാറ്റിലും മറ്റും എത്തുന്ന വസ്തുക്കളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഇതോടൊപ്പം ഉത്തര കൊറിയന്‍ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഉത്തര കൊറിയയില്‍നിന്ന് അടുത്തിടെയാണ് കോവിഡ് വ്യാപിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. കോവിഡ് ഉത്ഭവത്തിന് ലോക രാജ്യങ്ങള്‍ ചൈനയെ സംശയമുനയില്‍ നിര്‍ത്തുമ്പോഴാണ് ദക്ഷിണ കൊറിയയെ പരോക്ഷമായി കുറ്റപ്പെടുത്തി വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് ഉത്തരകൊറിയ രംഗത്തുവന്നിരിക്കുന്നത്.
ദക്ഷിണ കൊറിയയിലെ ആക്ടിവിസ്റ്റുകള്‍ പതിറ്റാണ്ടുകളായി ലഘു ലേഖകളും മാനുഷിക സഹായവും നിറച്ചുള്ള ബലൂണുകള്‍ ഉത്തര കൊറിയയിലേക്ക് പറത്തുന്നുണ്ട്. അതാണ് ഇത്തരമൊരു വാദത്തിലേക്ക് ഉത്തര കൊറിയയെ നയിച്ചത്. ഉത്തര കൊറിയയില്‍ വെള്ളിയാഴ്ച 4,570 പേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഏപ്രില്‍ അവസാനം മുതല്‍ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4.74 ദശലക്ഷമായിരുന്നു. ഇപ്പോള്‍ രോഗം കുറഞ്ഞു വരികയാണ്. കോവിഡിനെ തുടര്‍ന്ന് ഭരണത്തലവന്‍ കിം ജോങ് ഉന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതിര്‍ത്തിയില്‍ ഇത്തരം അജ്ഞാത വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പതിനെട്ടുകാരനായ സൈനികനും അഞ്ച് വയസുള്ള കുട്ടിക്കും കോവിഡ് പോസിറ്റീവായതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാദ്ധ്യമമായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ ആദ്യവാരമായിരുന്നു ഇത്. പിന്നാലെ രാജ്യത്ത് കോവിഡ് വ്യാപിക്കുകയായിരുന്നു.
ദക്ഷിണ കൊറിയയുടെ അതിര്‍ത്തിക്കടുത്തുള്ള ഇഫോറി പ്രദേശത്ത് നിന്ന് ഏപ്രില്‍ പകുതിയോടെ തലസ്ഥാന നഗരിയിലേക്കു വന്ന ആളുകളിലൂടെയാണ് പനി പടര്‍ന്നത്. അതിര്‍ത്തി കടന്നെത്തുന്ന ബലൂണുകളിലൂടെയാണ് രോഗാണു എത്തിയതെന്നാണ് വാദം. കോവിഡ് വ്യാപനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്ന നിലയ്ക്കാണ് പുതിയ ആരോപണങ്ങള്‍ ഉത്തര കൊറിയ പുറത്തുവിട്ടത്.
എന്നാല്‍ ഈ ആരോപണം ദക്ഷിണ കൊറിയ തള്ളി. ഇത്തരത്തില്‍ കോവിഡ് വ്യാപിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് അവര്‍ പ്രതികരിച്ചു. കിലോമീറ്ററുകളോളം വായുവിലൂടെ സഞ്ചരിച്ച് ഉത്തര കൊറിയയിലെത്തുന്ന ബലൂണുകളില്‍ രോഗാണുക്കള്‍ ഉണ്ടാകില്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.
ലോകത്ത് കൊവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ അതിര്‍ത്തികളടച്ച ഉത്തര കൊറിയ ഇക്കഴിഞ്ഞ മെയിലാണ് രാജ്യത്ത് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതായി ആദ്യമായി വ്യക്തമാക്കിയത്. എന്നാല്‍ അമേരിക്കയിലെയും ജപ്പാനിലെയുമെല്ലാം വിദഗ്ധര്‍ പറയുന്നത്, 2020-ല്‍ തന്നെ ഉത്തര കൊറിയയില്‍ കോവിഡ് എത്തിയിരിക്കാമെന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.