ഉദയ്പൂര്‍ കൊലക്കേസ് പ്രതിക്ക് ബിജെപി ബന്ധം: നിരവധി തെളിവുകള്‍ പുറത്ത്; പാര്‍ട്ടി പ്രതിരോധത്തില്‍

ഉദയ്പൂര്‍ കൊലക്കേസ് പ്രതിക്ക് ബിജെപി ബന്ധം: നിരവധി തെളിവുകള്‍ പുറത്ത്; പാര്‍ട്ടി പ്രതിരോധത്തില്‍

ജയ്പൂര്‍: ഉദയ്പൂര്‍ കൊലക്കേസ് പ്രതിക്ക് ബിജെപി ബന്ധമുണ്ടെന്നതിന് തെളിവ് പുറത്തു വന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഗുലാബ്ചന്ദ് കട്ടാരിയയ്ക്കൊപ്പം കനയ്യ കുമാറിനെ വധിച്ച റിയാസ് അട്ടാരി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നതാണ് ബിജെപിക്ക് തലവേദനയായത്.

ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതാക്കള്‍ റിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ നിരവധി തവണ പങ്കുവച്ചിട്ടുണ്ട്. 2019 നവംബറിലെ ഒരു പോസ്റ്റില്‍ റിയാസിനെ ഹാരമിട്ട് സ്വീകരിക്കുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്. ഈ ഫോട്ടോയില്‍ ബിജെപി നേതാവ് ഇര്‍ഷാദ് ചെയിന്‍ വാലയുമുണ്ട്. റിയാസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഉംറ നിര്‍വഹിച്ച് മടങ്ങുകയായിരുന്ന റിയാസിനെ മാലയിട്ട് സ്വീകരിച്ച ചടങ്ങാണതെന്നും നേതാവ് പറഞ്ഞു.

അതേസമയം ബിജെപി ഉദയ്പൂര്‍ ജില്ലാ പ്രസിഡന്റ് രവീന്ദ്ര ശ്രീമാലിക്കൊപ്പമുള്ള റിയാസിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ശ്രീമാലി രംഗത്ത് വന്നു. റിയാസിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും ആള്‍ക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ചിത്രമെടുക്കാമെങ്കില്‍ അങ്ങനെയുള്ള ഒരാളെ ഒരു പാര്‍ട്ടിയുമായും ബന്ധപ്പെടുത്താനാവില്ലെന്നും എതിരാളികള്‍ ഗൂഢാലോചനയിലൂടെയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഒന്നിന് പുറകെ ഒന്നായി കൊലക്കേസ് പ്രതിയുടെ പാര്‍ട്ടി ബന്ധം പുറത്ത് വന്നതോടെ പ്രതിരോധത്തിലായ രാജസ്ഥാനിലെ ബിജെപി റിയാസ് ഒരിക്കലും പാര്‍ട്ടിയില്‍ അംഗമായിട്ടില്ലെന്ന് ശനിയാഴ്ച പ്രതികരിച്ചു. ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്നും അതിനാല്‍ ആര്‍ക്കും തങ്ങളുടെ നേതാക്കള്‍ക്കൊപ്പം ചിത്രമെടുക്കാമെന്നും ഇതിനര്‍ത്ഥം അവര്‍ ഞങ്ങളുടെ പാര്‍ട്ടി അംഗമാണ് എന്നല്ലെന്നും രാജസ്ഥാന്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എം സാദിഖ് ഖാന്‍ പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയിലെ അമരാവതിയില്‍ മെഡിക്കല്‍ സ്റ്റോറുടമയെ കൊലപ്പെടുത്തിയ സംഭവം ഐ.എസ് ഭീകരര്‍ നടത്തുന്നതിന് സമാനമായ കൊലപാതകമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യക്തമാക്കി. സംഭവത്തില്‍ എന്‍ഐഎ യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അമരാവതിയിലെ ഉമേഷ് കോല്‍ഹെയുടെ കൊലപാതക കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചയാണ് എന്‍ഐഎ കേസെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.