ബ്രിസ്ബന്‍: ദുബായില്‍ നിന്നും ഓസ്‌ട്രേലിയയില്‍ ഇറങ്ങിയ എമിറേറ്റ്സ് വിമാനത്തിന്റെ ചട്ടക്കൂടില്‍ (ഫ്യൂസ്ലേജ്) വലിയ ദ്വാരം കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി. 13 മണിക്കൂര്‍ യാത്രയ്ക്കു ശേഷം വെള്ളിയാഴ്ചയാണ് വിമാനം ബ്രിസ്ബന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. തുടര്‍ന്നു നടത്തിയ സാങ്കേതിക പരിശോധയിലാണ് വിമാനത്തിന്റെ അടിഭാഗത്ത് ദ്വാരം കണ്ടെത്തിയത്. വലിയ അപകടത്തിനിടയാക്കുമായിരുന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എമിറേറ്റ്സ് എയര്‍ബസ് എ380-800 വിമാനമാണ് സാങ്കേതിക തകരാര്‍ നേരിട്ടത്. പ്രാഥമിക അന്വേഷണത്തില്‍ ടേക്ക് ഓഫിനിടെ മുന്‍ ചക്രത്തിലെ ബോള്‍ട്ട് അയഞ്ഞതാകാമെന്നും ഇത് ഒരുപക്ഷേ പുറംചട്ടയില്‍ തുളച്ചു കയറി ദ്വാരമുണ്ടായതാകാമെന്നും സാങ്കേതിക വിദഗ്ധര്‍ അനുമാനിക്കുന്നു. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 30-40 മിനിറ്റുകള്‍ക്ക് ശേഷം പൊട്ടിത്തെറിക്കുന്നതു പോലുള്ള ശബ്ദം ഉണ്ടായതായി ഒരു യാത്രക്കാരന്‍ പറഞ്ഞു. .
ടേക്ക് ഓഫിനിടെ ടയര്‍ പൊട്ടിയതായി പൈലറ്റുമാര്‍ തിരിച്ചറിഞ്ഞിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ പറന്നശേഷം, ടയറിന്റെ പ്രഷര്‍ കുറഞ്ഞതായുള്ള മുന്നറിയിപ്പ് ലഭിച്ചു. എന്നാല്‍ പൈലറ്റുമാര്‍ വിമാനം പറക്കുന്നത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രിസ്ബനില്‍ ഇറങ്ങുന്നതിന് മുമ്പ്, മുന്‍കരുതല്‍ എന്ന നിലയില്‍ പൈലറ്റുമാര്‍ ടയര്‍ പൊട്ടിയ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും അടിയന്തര സേവനങ്ങളോട് തയാറായിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷമാണ് ഗിയറിന് കേടുപാടുകള്‍ സംഭവിച്ചതും ഇടതുഭാഗത്തായി ദ്വാരവും കണ്ടെത്തിയത്. അതേസമയം ദ്വാരം യാത്രക്കാര്‍ ഇരിക്കുന്ന കമ്പാര്‍ട്ടുമെന്റിനെ ബാധിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണെന്ന് വിദഗ്ധര്‍ പറഞ്ഞു.
മൂന്നു വര്‍ഷം മാത്രം പഴക്കമുള്ള വിമാനം അറ്റകുറ്റപ്പണികള്‍ക്കായി ബ്രിസ്ബനിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.