മാധ്യമ വിചാരണ ജുഡീഷ്യല്‍ നടപടികളിലുള്ള ഇടപെടല്‍; നിയന്ത്രണം കൊണ്ട് വരണമെന്ന് ജസ്റ്റിസ് പര്‍ഡിവാല

മാധ്യമ വിചാരണ ജുഡീഷ്യല്‍ നടപടികളിലുള്ള ഇടപെടല്‍; നിയന്ത്രണം കൊണ്ട് വരണമെന്ന് ജസ്റ്റിസ് പര്‍ഡിവാല

ന്യൂഡല്‍ഹി: കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സുപ്രധാനമായ കേസുകളുടെ നടപടികള്‍ സാമൂഹിക, ഡിജിറ്റല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം കൊണ്ട് വരണമെന്ന് സുപ്രീം കോടതി ജഡ്ജി ജെ. ബി പര്‍ഡിവാല. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നടക്കുന്ന മാധ്യമ വിചാരണ ജുഡീഷ്യല്‍ നടപടികളിലുള്ള ഇടപെടല്‍ ആണ്. അതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റ് നിയന്ത്രണം കൊണ്ട് വരണമെന്നും ജസ്റ്റിസ് പര്‍ഡിവാല ആവശ്യപ്പെട്ടു.

രണ്ടാമത് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന അനുസ്മരണ ദേശിയ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പര്‍ഡിവാല.

ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയ്‌ക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച സുപ്രീം കോടതി ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് ജെ. ബി പര്‍ഡിവാല. കേസുകളുടെ വിചാരണ നടക്കേണ്ടത് കോടതികളിലാണ്. സാമൂഹിക മാധ്യമങ്ങളിലും, ഡിജിറ്റല്‍ മാധ്യമങ്ങളിലും നടക്കുന്ന വിചാരണ കോടതി നടപടികളിലുള്ള ഇടപെടല്‍ ആണ്. ഇത് ലക്ഷ്മണ രേഖ മറികടക്കുന്ന നടപടിയാണ്. അതിലും പ്രശ്നമാകുന്നത് അര്‍ധ സത്യങ്ങള്‍ മാത്രം പറയുന്നു എന്നതാണെന്നും ജസ്റ്റിസ് പര്‍ഡിവാല വ്യക്തമാക്കി.

വിയോജിപ്പുള്ള വിധികളെ വിമര്‍ശിക്കുന്നതിന് പകരം വിധി പറഞ്ഞ ജഡ്ജിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണത കൂടി വരികയാണ്. നിയമത്തില്‍ എന്താണ് നിഷ്‌കര്‍ഷിക്കുന്നതെന്ന് ആലോചിക്കുന്നതിന് പകരം മാധ്യമങ്ങള്‍ എന്ത് പറയും എന്ന് ജഡ്ജിമാര്‍ ചിന്തിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് ഇത് കൊണ്ട് എത്തിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജുഡീഷ്യല്‍ വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും ജസ്റ്റിസ് പര്‍ഡിവാല കൂട്ടിച്ചേര്‍ത്തു.

സാമൂഹിക, ഡിജിറ്റല്‍ മാധ്യമങ്ങള്‍ നിയമ വിഷയങ്ങളെ രാഷ്ട്രീയ വിവാദങ്ങളാക്കി മാറ്റുകയാണ്. സിവില്‍ തര്‍ക്കം ആയ അയോധ്യ കേസിനെ രാഷ്ട്രീയ വിഷയമാക്കി ഈ മാധ്യമങ്ങള്‍ മാറ്റിയതായും ജസ്റ്റിസ് പര്‍ഡിവാല ചൂണ്ടിക്കാട്ടി. കൂടാതെ നിയമ വാഴ്ചയും, ജനങ്ങളുടെ താല്‍പര്യവും മൂലം ഭിന്നമായ വിധികള്‍ കോടതികളില്‍ നിന്ന് ഉണ്ടാകാറുണ്ടെന്ന് ശബരിമല യുവതി പ്രവേശന വിധി ഉദ്ധരിച്ച് ജസ്റ്റിസ് ജെ ബി പര്‍ഡിവാല പറഞ്ഞു.

ജനങ്ങളുടെ താല്‍പര്യം ഉള്‍കൊള്ളുന്ന വിശുദ്ധ പുസ്തകം ഭരണഘടനയാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിയമം നിര്‍മ്മിക്കുന്നത്. ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം നിയമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.