രണ്ടാം ലോകമഹായുദ്ധ കാലത്ത് മോഷ്ടിക്കപ്പെട്ട അലക്സാണ്ടര്‍ ഹാമില്‍ട്ടന്റെ കത്ത് 7 ദശകത്തിനു ശേഷം പ്രദര്‍ശനത്തിന്

രണ്ടാം ലോകമഹായുദ്ധ കാലത്ത് മോഷ്ടിക്കപ്പെട്ട അലക്സാണ്ടര്‍ ഹാമില്‍ട്ടന്റെ കത്ത് 7 ദശകത്തിനു ശേഷം പ്രദര്‍ശനത്തിന്

വാഷിങ്ടണ്‍: അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളായ അലക്‌സാണ്ടര്‍ ഹാമില്‍ട്ടണ്‍ 18-ാം നൂറ്റാണ്ടിലെഴുതിയ കത്ത് പ്രദര്‍ശനത്തിന്. രണ്ടാം ലോകമഹായുദ്ധകാലത്ത് മോഷ്ടിക്കപ്പെട്ട കത്താണ് എഴുപതു വര്‍ഷത്തിനു ശേഷം വീണ്ടെടുത്ത് മസാച്യുസെറ്റ്‌സിലെ കോമണ്‍വെല്‍ത്ത് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ നിര്‍ണായക രേഖയായ ഈ കത്ത് വീണ്ടെടുത്തതിനു പിന്നിലെ കഥ സിനിമയെ വെല്ലുന്നതാണ്.

1780-ല്‍ അലക്‌സാണ്ടര്‍ ഹാമില്‍ട്ടണ്‍, ഫ്രഞ്ച് സൈനിക നേതാവായിരുന്ന മാര്‍ക്വിസ് ഡി ലഫായെറ്റിന് എഴുതിയ കത്ത് രണ്ടാം ലോകമഹായുദ്ധകാലത്ത് മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് ആര്‍ക്കൈവില്‍ നിന്നാണു മോഷ്ടിക്കപ്പെട്ടത്.

1780-ല്‍ ന്യൂയോര്‍ക്ക് പീരങ്കി കമ്പനിയുടെ ക്യാപ്റ്റനായിരുന്ന ഹാമില്‍ട്ടണ്‍ അമേരിക്കന്‍ വിപ്ലവത്തിന്റെ അവസാനകാലത്താണ് ഈ കത്തയച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യ സമരത്തില്‍ അമേരിക്കക്കാരെ സഹായിക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഫ്രഞ്ച് പ്രഭുവായിരുന്ന മാര്‍ക്വിസ് ഡി ലഫായെറ്റ്. യുദ്ധം സംബന്ധിച്ച് ഹാമില്‍ട്ടണ്‍, ലഫായെറ്റിന് നല്‍കുന്ന മുന്നറിയിപ്പാണ് കത്തിലുള്ളത്. ശത്രു സൈന്യം റോഡ് ഐലന്‍ഡിലേക്ക് വരുന്നുവെന്നും ഫ്രഞ്ച് സൈനികരുടെ ജീവന്‍ ഭീഷണിയിലാണെന്നും കത്തില്‍ പറയുന്നു.

കത്ത് മോഷ്ടിച്ച സംഭവത്തില്‍ മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് ആര്‍ക്കൈവിലെ ജീവനക്കാരനെ 1950-ല്‍ അറസ്റ്റ് ചെയ്തു. അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരുടെ അപൂര്‍വ രേഖകള്‍ക്കൊപ്പം ഈ കത്തും പുസ്തക വ്യാപാരികള്‍ക്ക് വിറ്റതായി മസാച്യുസെറ്റ്‌സ് കോടതി കണ്ടെത്തി.

2018 നവംബറില്‍, വിര്‍ജീനിയയിലെ അലക്‌സാണ്ട്രിയയിലുള്ള ഒരു ലേലശാലയിലാണ് എഴുപതു വര്‍ഷത്തിനു ശേഷം ഈ കത്ത് കണ്ടെത്തിയത്.

സൗത്ത് കരോലിനയിലെ ഒരു കുടുംബമാണ് ഈ കത്തും മറ്റ് ചില സുപ്രധാന രേഖകളും വില്‍പനയ്ക്കു വച്ചത്. കത്ത് കാണാതായതിനെക്കുറിച്ച് അറിവുണ്ടായിരുന്ന ലേലശാലയിലെ ഒരു ഗവേഷകന്റെ ശ്രദ്ധയില്‍പെട്ടതോടെ ഇക്കാര്യം എഫ്ബിഐയെ അറിയിച്ചു. തുടര്‍ന്ന് എഫ്ബിഐ കത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുടുംബത്തിലെ ഒരു അംഗത്തിന് 1940-കളുടെ അവസാനത്തില്‍ പുസ്തക വ്യാപാരിയില്‍ നിന്നാണ് ഈ രേഖകള്‍ ലഭിച്ചത്. 25,000 ഡോളറാണ് ഈ കത്തിന് കോടതി മൂല്യം കല്‍പ്പിച്ചിരിക്കുന്നത്.

മസാച്യുസെറ്റ്‌സിലെ കോമണ്‍വെല്‍ത്ത് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന കത്തിനൊപ്പം 18-ാം നൂറ്റാണ്ടിലെ മറ്റു പല സുപ്രധാന ചരിത്ര രേഖകളും ഉള്‍പ്പെടുന്നു. ഗ്രേറ്റ് ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ജോണ്‍ ഹാന്‍കോക്ക് മസാച്യുസെറ്റ്സ് അസംബ്ലിക്ക് അയച്ച കത്തും അതിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.