തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസില്‍ നിന്നും പിരിച്ചു വിട്ടു. സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയില്‍ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ ഭരണകൂട ഭീകരതയുടെ ഇരയായി സ്ഥാപനം മാറിയെന്ന് എച്ച്ആര്‍ഡിഎസ് ആരോപിച്ചു. സ്വര്‍ണക്കടത്തുകേസിലെ കൂട്ടുപ്രതിയായ എം ശിവശങ്കര്‍ ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവദിച്ചു. ഇതിനാല്‍ സ്വപ്നയ്‌ക്കൊരു ജോലി നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ല എന്നാണ് കരുതിയത്.
സ്വര്‍ണക്കടത്ത് കേസ് പ്രതിയെ ജോലിക്കെടുത്തതിന്റെ പേരില്‍ എച്ച്ആര്‍ഡിഎസിനെ ക്രൂശിക്കുന്ന സര്‍ക്കാര്‍ കേസിലെ മുഖ്യപ്രതിയായി അറിയപ്പെടുന്ന ശിവശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എച്ച്ആര്‍ഡിഎസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12 നാണ് സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി നിയമനം ലഭിച്ചത്.
പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. കാര്‍ ഡ്രൈവറെ നേരത്തെ പിന്‍വലിച്ചിരുന്നു. സഹായിച്ചിരുന്നവര്‍ പോലും പിന്മാറുന്നു. എച്ച്ആര്‍ഡിഎസ് നല്‍കിയ പുതിയ വീടും മാറേണ്ടി വരുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.