ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിലാണ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദം ഒഴിയുന്നത്. കെയര്‍ ടേക്കര്‍ പ്രധാനമന്ത്രിയായി തുടരും.
ഇന്നു തന്നെ പത്ത് മന്ത്രിമാര്‍ രാജി വച്ചിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയുടെ ആക്കം കൂട്ടി 59 എംപിമാര്‍ കൂടി രാജിവെച്ചതിനെ തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ് അധികാരം ഒഴിയേണ്ടി വന്നത്. ഡൗണിങ് സ്ട്രീറ്റില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് ജോണ്‍സണ്‍ രാജി പ്രഖ്യാപനം നടത്തിയത്.
രണ്ടു ദിവസം മുന്‍പ് ധനമന്ത്രിയായി സ്ഥാനമേറ്റ നദിം സഹവി ബോറിസ് ജോണ്‍സണിനോട് രാജിവെയ്ക്കാന്‍ ഉപദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ചാന്‍സിലര്‍ ഋഷി സുനക് രാജിവെച്ച ഒഴിവിലാണ് നദിം സഹവിയെ ധനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ നിയമിച്ചത്. ഹൃദയത്തില്‍ ഏതാണ് ശരിയെന്ന് തോന്നുന്നത്, അത് ചെയ്ത് പുറത്തുപോകുക എന്നതാണ് ബോറിസ് ജോണ്‍സണിനെ ഉദ്ദേശിച്ച് നദിം സഹവി ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ബോറിസ് ജോണ്‍സണില്‍ അവിശ്വാസം പ്രകടിപ്പിച്ച് ഒന്നിലധികം മന്ത്രിമാര്‍ രാജിവെച്ചതോടെയാണ് ടോറി സര്‍ക്കാരില്‍ പ്രതിസന്ധി മൂര്‍ഛിച്ചത്. അവസാന ഘട്ടം വരെ പൊരുതാന്‍ ജോണ്‍സണ്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ രാജിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വരുന്ന ഒക്ടോബറിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം. സമ്മേളനത്തില്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് പുതിയയാളെ അവരോധിക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഋഷി സുനക്ക് അടക്കം രണ്ട് മന്ത്രിമാര്‍ രാജിവെച്ചത്. പിന്നീട് പല മന്ത്രിമാരും രാജിക്കത്ത് നല്‍കുകയായിരുന്നു. മന്ത്രിമാരെ കൂടാതെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നിരവധി പേര്‍ ഇതിനോടകം രാജി വെച്ചിട്ടുണ്ട്.
'പാര്‍ട്ടി ഗേറ്റ്' വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടി ഗേറ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളുണ്ടാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.