വാഷിങ്ടണ്‍: വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ജൂലൈ 18 ന് വിദഗ്ധ സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോകാരോഗ്യ സംഘടനാ മേധാവിയായ ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗബ്രിയേസൂസ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വീണ്ടും പരിഗണിക്കാന്‍ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന അസാധാരണ സാഹചര്യങ്ങളുണ്ടാവുമ്പോഴാണ് ലോകാരോഗ്യ സംഘടന സാധാരണയായി ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറ്. പകര്‍ച്ചവ്യാധികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറുണ്ട്. മങ്കിപോക്‌സ് ഇപ്പോഴും ആശങ്കയായി തുടരുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ഡറക്ടറുടെ വിലയിരുത്തല്‍. 58 രാജ്യങ്ങളിലായി ആറായിരത്തോളം മങ്കിപോക്‌സ് കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ജൂണില്‍ കുരങ്ങുപനിയില്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, രോഗതീവ്രത വര്‍ധിക്കാത്ത സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നായിരുന്നു അന്ന് ലോകാരോഗ്യ സംഘടനയുടെ നിലപാട്. എന്നാല്‍, വൈറസ് വ്യാപനം ഇരട്ടിയായി വര്‍ധിച്ചതോടെയാണ് വിദഗ്ധ സമിതി ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വീണ്ടും പരിഗണിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.