ഫൊക്കാന വേദി ഉണർന്നു; സംതൃപ്തിയോടെ കൺവൻഷൻ ചെയർ ചാക്കോ കുര്യൻ

ഫൊക്കാന വേദി ഉണർന്നു;  സംതൃപ്തിയോടെ കൺവൻഷൻ ചെയർ ചാക്കോ കുര്യൻ

ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യനുമായി മാധ്യമ പ്രവർത്തകൻ ഫ്രാന്‍സിസ് തടത്തില്‍ നടത്തിയ അഭിമുഖം

കോവിഡാനന്തര ഫൊക്കാനയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടുന്ന കണ്‍വെന്‍ഷന് തുടക്കം കുറിച്ചപ്പോൾ സംതൃപ്തിയോടെ ചാക്കോ കുര്യൻ. ഏതാനും മാസങ്ങളായി ഈ ദിനത്തിനു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട വ്യക്തിയാണ് ചാക്കോ കുര്യന്‍ എന്ന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍. ഈ പദവിക്ക് എന്തുകൊണ്ടും യോഗ്യനാണ് ഒര്‍ലാന്റോക്കാരനായ ചാക്കോ കുര്യന്‍. അദ്ദേഹത്തിന്റെ ലാളിത്യവും പെട്ടന്ന് മറ്റുള്ളവരുമായി ഇഴുകിച്ചേരാനുള്ള കഴിവും അദ്ദേഹത്തെ കണ്‍വെന്‍ഷന്റെ മുഖ്യ ശില്‍പ്പിയാക്കി . കണ്‍വെന്‍ഷന്‍ ചെയര്‍മാന് ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഒടുവില്‍ വന്നു ചേരുന്നത് ചെയര്‍മാന്റെ തലയിലാവും. നിര്‍ഭാഗ്യവശാല്‍ കണ്‍വെന്‍ഷന്‍ അടുക്കാറായപ്പോള്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടിട്ടും വേദിയില്‍ അദ്ദേഹം സജീവമാണ്. അദ്ദേഹവുമായി
താങ്കള്‍ ഫൊക്കാനയുടെ ഓഡിറ്ററായിരുന്നു. പിന്നീട് നാഷണല്‍ കമ്മിറ്റിയംഗമായി. ഇപ്പോള്‍ ഭാരിച്ച ഉത്തരവാദിത്വമാണ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. കോവിഡ് മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന സമയത്താണ് താങ്കള്‍ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ കണ്‍വെന്‍ഷന്‍ കോവിഡ് മൂലം മാറ്റി വെക്കേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഒരു വെല്ലുവെളി ഏറ്റെടുത്തു കണ്‍വെന്‍ഷന്‍ നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുന്നത്. അതിന്റെ ചുതല ഏല്‍പ്പിച്ചത് താങ്കളെയാണ്. ഇങ്ങനെയൊരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ എന്ത് തോന്നി?
കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചതു മുതല്‍ ഇന്നു വരെ ഓരോ നിമിഷവും ഞങ്ങള്‍ വളരെയധികം ജാഗ്രതയിലായിരുന്നു. കോവിഡിന്റെ വകഭേദങ്ങള്‍ ഓരോ സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ കഴിഞ്ഞ തവണത്തേതു പോലെ കണ്‍വെന്‍ഷന്‍ മാറ്റി വെക്കേണ്ടി വരുമോ എന്ന് ഭയപ്പെട്ടിരുന്നു. ദൈവാനുഗ്രഹത്താല്‍ യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ ഇന്നുവരെ എത്തിച്ചേര്‍ന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു കണ്‍വെന്‍ഷനാണ് ഇത്തവണ അരങ്ങേറുന്നത്. ആളുകളുടെ തിരക്കായിരുന്നു. ഫൊക്കാനയ്്ക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ജനങ്ങള്‍ തന്നുകൊണ്ടിരിക്കുന്നത്. അതിനു നന്ദി അറിയിക്കുകയാണ്.
അമേരിക്കയിലെ വിനോദവിസ്മയങ്ങളുടെ കേന്ദ്രമാണ് ഒര്‍ലാന്റോ. എന്നാല്‍ മലയാളികളുടെയും ഫൊക്കാന നേതാക്കളുടേയും സാന്നിധ്യം താരതമ്യേനെ കുറഞ്ഞ സ്ഥലമാണ്. ഈ സാഹചര്യത്തിലാണ് ഒര്‍ലാന്റോക്കാരനായ താങ്കളെ കണ്‍വെന്‍ഷന്റെ ചുമതലയേല്‍പ്പിക്കുന്നത്. ആ നിമിഷത്തില്‍ താങ്കളുടെ പ്രതികരണം എന്തായിരുന്നു? വിജയിപ്പിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ടായിരുന്നോ?
ഈ ചോദ്യത്തിന് അതെ എന്നും അല്ല എന്നും മറുപടി പറയാനാണ് എനിക്കിഷ്ടം. കാരണം, ഇതിനു മുന്‍പ് 2006 ല്‍ ഒര്‍ലാന്റോയില്‍ ഫൊക്കാന കണ്‍വെന്‍ഷന്‍ നടക്കുന്ന സമയത്ത് ഞാന്‍ വൈസ് ചെയര്‍മാനായിരുന്നു. ഫൊക്കാനയും ഫോമയുമെല്ലാം ഒന്നിച്ചു നടത്തിയ ആ കണ്‍വെന്‍ഷന്‍ വന്‍ വിജയമായിരുന്നു. ആ ഒരു അനുഭവംകൊണ്ടുതന്നെ ഈ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. അതേസമയം തന്നെ അതന്റെ കഴിവിലൊതുങ്ങുമോ എന്ന സംശയവുമുണ്ടായിരുന്നു.
കണ്‍വെന്‍ഷന്‍ വിജയിപ്പിച്ച അനുഭവ സമ്പത്തുണ്ടെങ്കില്‍ത്തന്നെയയും കോവിഡ് എന്ന വൈറസ് ഉയര്‍ത്തിയ വെല്ലുവിളി മറുവശത്തുണ്ട്. കോവിഡ് എന്ന പ്രതിസന്ധി ഭയപ്പെടുത്തിയിട്ടുണ്ടോ?
ഇല്ല. കണ്‍വെന്‍ഷന്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പ്രതികൂല കാലാവസ്ഥ മൂലമുള്ള വിധിയാണെന്നും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും അംഗീകരിക്കുമായിരുന്നു. നമ്മള്‍ ചെയ്യാനുള്ളത് ചെയ്യുക എന്നത് മാത്രമാണ്. ഇത്തവണ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ത്തന്നെ കണ്‍വെന്‍ഷനായുള്ള ഗ്രൗണ്ട് വര്‍ക്കുകകള്‍ തുടങ്ങിയിരുന്നു.
ഫൊക്കാന കണ്‍വെന്‍ഷന്‍ നടത്താനുള്ള ഹോട്ടലിന്റെ കാര്യത്തില്‍ തീരുമാനമായതെങ്ങനെയാണ്?
പല ഹോട്ടലുകളും നോക്കിയിരുന്നു. ഒര്‍ലാന്റോയില്‍ ഫൊക്കാന കണ്‍വെന്‍ഷനുകളൊന്നും നടക്കാറില്ലാത്തതിനാല്‍ത്തന്നെ എല്ലാ ഹോട്ടലുകളും ബുക്ക്ഡായിരുന്നു. പിന്നീടാണ് ഹില്‍ട്ടണ്‍ ഡബിള്‍ട്രീ ഹോട്ടല്‍ കണ്ടെത്തിയത്. ഇത് ഇവിടുത്തെ നല്ലൊരു ഹോട്ടലുകളിലൊന്നാണ്. ഒരുപാട് റൂമുകള്‍ ഉണ്ട്. യൂണിവേഴ്‌സലും ഡിസ്‌നിയുമെല്ലാം വളരെയടുത്താണ്. ബ്രേക്കപ്പ് സെഷനുകള്‍ നടത്താന്‍ ആവശ്യത്തിന് സൗകര്യമുണ്ടെന്നുള്ളതും ഈ ഹോട്ടല്‍ തിരഞ്ഞെടുക്കാന്‍ കാരണമായി.
കഴിഞ്ഞ വര്‍ഷം കണ്‍വെന്‍ഷന്‍ നടന്നില്ല. പക്ഷെ ഇത്തവണ കണ്‍വെന്‍ഷന്‍ നടക്കുന്നത് ലോകത്തിലെ തന്നെ ഒരു മികച്ച സ്ഥലത്താണ്. ഇത്തവണത്തെ രജിസ്‌ട്രേഷനെപ്പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?
ഞങ്ങള്‍ വളരെ പതുക്കെയാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്. 300 രജിസ്‌ട്രേഷനില്‍ കൂടുതല്‍ വരാന്‍ സാധ്യതയില്ല എന്നായിരുന്നു കണക്ക് കൂട്ടല്‍. കോവിഡ് വളരെ വ്യാപകമായി തീര്‍ന്നതിനാല്‍ ആളുകള്‍ വരാന്‍ മടിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇലക്ഷന്‍ വന്നതോടെ കാര്യങ്ങള്‍ക്ക് മാറ്റം വന്നു. രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി ഒരുപാട് പേര്‍ കുടുംബസമേതം വാശിയോടെ എത്തിച്ചേര്‍ന്നു. ഇതോടെ കണ്‍വെന്‍ഷന്‍ വേറൊരു തലത്തിലേയ്ക്ക് മാറി എന്ന് തന്നെ വേണം പറയാന്‍. തലേ ദിവസം തന്നെ നിരവധിയാളുകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തി.
എം പിമാരായ ജോണ്‍ ബ്രിട്ടാസും ജോസ് കെ മാണിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
2021 ല്‍ തന്നെ താങ്കളെ ചെയര്‍മാനായി പ്രഖ്യാപിച്ചു. ജനുവരി മാസം തന്നെ താങ്കള്‍ കണ്‍വെന്‍ഷന്‍ രംഗത്തേയ്ക്ക് വന്നു. ഇത്തവണ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന് ഒരു മാമാങ്കം തന്നെ നടന്നു എന്ന് പറയാം. മാധ്യമങ്ങളുടെയും മറ്റും വലിയ സഹകരണവും നിരവധി സ്‌പോണ്‍സര്‍ഷിപ്പുകളുമെല്ലാം നിങ്ങള്‍ക്ക് ലഭിച്ചു. എന്ത് തോന്നി?
തീര്‍ച്ചയായും വലിയ സന്തോഷം തോന്നി. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്‌പോണ്‌സര്‍ഷിപ്പുകളും രജിസ്‌ട്രേഷനുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അത് വലിയ സഹായമായി.
കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് കിട്ടിയിരിക്കുന്ന അംഗീകാരങ്ങളാണോ മുള്ളുകളാണോ കൂടുതല്‍? ആര്‍ക്കെങ്കിലുമൊക്കെ പരാതികള്‍ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അതെങ്ങനെ തരണം ചെയ്തു.
പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കാനും അതനുസരിച്ചു നമ്മളോട് ചേര്‍ന്ന് നില്‍ക്കാനും എല്ലാവരും സഹകരിച്ചു. അവര്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കാതെ അവരെ സഹായിക്കാന്‍ നമ്മുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്.
അതിഥിയായി എത്തുന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെക്കുറിച്ച് പറഞ്ഞപ്പോഴാണ്, അദ്ദേഹം പ്രൊഫഷണല്‍ മാജിക് ഷോ നിര്‍ത്തിവെച്ചു എന്നത് ഒരു നഷ്ടമായി തോന്നിയിട്ടില്ലേ?
ഒരിക്കലുമില്ല. അദ്ദേഹം ഭിന്നശേഷിക്കാരായ നൂറ് കുട്ടികള്‍ക്കു വേണ്ടിയാണ് പ്രൊഫഷണല്‍ മാജിക് വേണ്ടെന്നു വെച്ചത്. മാജിക് കൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് നേട്ടമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സമയവും കഴിവും ആ കുട്ടികള്‍ക്കു വേണ്ടി മാറ്റി വെക്കുന്നത് അനുഗ്രഹമാണ്. മാജിക് കൊണ്ട് ലഭിക്കുന്നതിനേക്കാള്‍ ഗുണം മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രൊഫഷണല്‍ മാജിക് ഷോ നിര്‍ത്തി വെച്ചെങ്കിലും അദ്ദേഹം ഫൊക്കാന കണ്‍വെന്‍ഷന്‍ വേദിയില്‍ മാജിക് അവതരിപ്പിക്കും എന്നതും ഒരുപാട് സന്തോഷമുള്ള കാര്യമാണ്.
കാരുണ്യ പ്രവര്‍ത്തനങ്ങളും പൊതു പ്രവര്‍ത്തനങ്ങളും സോഷ്യല്‍ ആക്ടിവിറ്റീസുമെല്ലാംകൂടി സമന്വയിപ്പിച്ചുകൊണ്ട് വ്യത്യസ്ഥമായ ഒരു പ്രവര്‍ത്തനമാണ് ജോര്‍ജി വര്‍ഗ്ഗീസ്-സജിമോന്‍ ആന്റണി ടീം ഇത്തവണ ഒരുക്കിയിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്ഥമായി അഭിപ്രായ വ്യത്യാസങ്ങളോ, പടലപ്പിണക്കങ്ങളോ ഇല്ലാത്ത ഒരു കണ്‍വെന്‍ഷനായിട്ടാണ് മാധ്യമപ്രവര്‍ത്തകനായ ഞാനിതിനെ വിലയിരുത്തുന്നത്. എന്താണ് താങ്കളുടെ അഭിപ്രായം?
ഇതുവരെ എല്ലാക്കാര്യങ്ങളിലും എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. അതൊരു വലിയ അനുഗ്രഹമാണ്. തങ്ങളെ ഏല്‍പ്പിച്ച ജോലി ഓരോരുത്തരും കൃത്യമായി ചെയ്യുന്നു. പരസ്പരം സഹായിക്കുന്നു. ഫൊക്കാന ലോകം മുഴുവനുമറിയുന്ന ഒരു സംഘടനയായി മുന്നോട്ടു പോകണമെന്നു തന്നെയാണ് എല്ലാവരുടേയും ആഗ്രഹം.
നാളെയാണ് ഫൊക്കാനയുടെ അടുത്ത സാരഥി ആരാണെന്ന് അറിയുന്ന ദിവസം. ഒരുപക്ഷേ ഡോ. ബാബു സ്റ്റീഫനായിരിക്കാം, അല്ലെങ്കില്‍ ലീലാ മാരേട്ട് ആയിരിക്കാം. ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ ഇത്ര വലിയൊരു കണ്‍വെന്‍ഷന്‍ ഒരുക്കിയ ഫൊക്കാനയുടെ അടുത്ത ലെവല്‍ എന്തായിരിക്കും?
ഇതിലും ഒരു പടി മുന്നോട്ട് എന്നതു തന്നെയാണ് അടുത്ത ലെവല്‍. പാവപ്പെട്ടവരെ സഹായിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നതാണ് തന്റെ ആഗ്രഹം.
ഫൊക്കാന പോലുള്ള സംഘടനകളെക്കുറിച്ച് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ആക്ഷേപം തിരഞ്ഞെടുപ്പ്, കണ്‍വെന്‍ഷന്‍ ഇതു മാത്രമേ നടക്കുന്നുള്ളൂ മറ്റു പ്രവര്‍ത്തനങ്ങള്‍ പേരിനു മാത്രം എന്നതായിരുന്നു. അതില്‍ നിന്നു വ്യത്യസ്ഥമായി വലിയൊരു മാറ്റമാണ് കഴിഞ്ഞ ഭരണസമിതി നടത്തിയത്. കണ്‍വെന്‍ഷന്‍ എന്ന ഉത്തരവാദിത്വം പൂര്‍ണ്ണമായും ചാക്കോ കുര്യന് നല്‍കി ജോര്‍ജി വര്‍ഗ്ഗീസും സജിമോനും പ്രവര്‍ത്തന മേഖലയില്‍ സജ്ജരായിരുന്നു. അവസാന നിമിഷം ഒറ്റപ്പെട്ടേക്കുമെന്ന് ഭയം തോന്നിയിരുന്നോ?
ഒരിക്കലുമില്ല. കാരണം എല്ലാ കാര്യങ്ങള്‍ അവര്‍ എന്റെ കൂടെയുണ്ടായിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്കും നാട്ടിലുള്ളവര്‍ക്കും ഗുണം ചെയ്യുന്ന നിരവധി പദ്ധതികളാണ് ഈ കമ്മിറ്റി നടപ്പിലാക്കിയിട്ടുള്ളത്.
ഫൊക്കാന കണ്‍വെന്‍ഷനെ കുടുംബങ്ങള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. ഈ ആവേശം കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം കൂടുന്നതിന് കാരണമായിട്ടുണ്ടോ?
തീര്‍ച്ചയായും. കണ്‍വെന്‍ഷനിലൂടെ പണം മാത്രമല്ല ലക്ഷ്യം വെക്കുന്നത്. ഇരുന്നൂറോളമാളുകളുടെ ഒരു മെഗാ തിരുവാതിര ആസൂത്രണം ചെയ്തിട്ടുണ്ട്. മറ്റൊരു നൃത്ത വിസ്മയം ഒരുക്കിയിട്ടുണ്ട്. ഇതിലെല്ലാം പങ്കെടുക്കുന്നത് അഞ്ഞൂറോളമാളുകളാണ്. ഇവരുടെയെല്ലാം കുടുംബാംഗങ്ങള്‍ കൂടി എത്തുമ്പോഴേക്കും ഇതൊരു വലിയ മാമാങ്കം തന്നെയായി. വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി എല്ലാവിധ കലാ പരിപാടികള്‍ക്കും നേതൃത്വം വഹിക്കുന്നു. നാട്ടില്‍ നിന്നും നിരവധി കലാകാരന്മാരെത്തിയിട്ടുണ്ട്.
മറ്റെന്തൊക്കെ പ്രോഗ്രാമുകളാണ് കണ്‍വെന്‍ഷനില്‍ ഒരുക്കിയിരിക്കുന്നത്?
കണ്‍വെന്‍ഷന്‍ നടക്കുന്ന എല്ലാ ദിവസങ്ങളിലും ഗാനമേള ഒരുക്കിയിട്ടുണ്ട്. ആദ്യ ദിനത്തില്‍ ഇവിടുത്തെ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മലയാളം ഗാനങ്ങള്‍ അവതരിപ്പിക്കും. ന്യൂയോര്‍ക്കില്‍ നിന്നുമെത്തുന്ന ടീമും ഗാനമേള, മിമിക്രി , സ്‌കിറ്റുകള്‍ എന്നിവ അവതരിപ്പിക്കും. ഉദ്ഘാടന ദിനത്തില്‍ താലപ്പൊലി, ചെണ്ടമേള, തിരുവാതിര എന്നിവയെല്ലാം നടക്കും.
ജീവിച്ചിരുന്നെങ്കില്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ ഏറ്റവും സജീവമായി ഉണ്ടാവുമായിരുന്ന ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ ഓര്‍മ്മയ്ക്കായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്?
മറിയാമ്മ പിള്ളയുടെ ഓര്‍മ്മയ്ക്കായി ഒരു കമാനം തന്നെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. വേദിക്കു മറിയാമ്മ പിള്ള എന്ന പേരു നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരാള്‍ക്ക് പോലും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എല്ലാ മീറ്റിംഗുകളിലും ചര്‍ച്ചകളിലും വിട പറഞ്ഞ മുതിര്‍ന്ന നേതാവിനെ അനുസ്മരിക്കുകയും ചെയ്യും.
ഫൊക്കാന കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ചാക്കോ കുര്യന്‍ എന്ന ചെയര്‍മാനെ സംബന്ധിച്ച് ഏറ്റവും നിരാശ തോന്നിയ കാര്യമെന്താണ്?
കണ്‍വെന്‍ഷന്‍ അടുത്തപ്പോള്‍ ശാരീരിക ബുദ്ധുമുട്ടുകള്‍ അനുഭവപ്പെട്ടതില്‍ മാത്രമേ നിരാശ തോന്നിയിട്ടുള്ളൂ. മറ്റെല്ലാ കാര്യങ്ങളിലും പൂര്‍ണ്ണ തൃപ്തിയാണ്.
ഏറ്റവും വലിയ ആത്മസംതൃപ്തി നല്കുന്നതെന്താണ്?
ആളുകള്‍ ഇവിടെ വന്ന് സന്തോഷിക്കുന്നത് കാണുമ്പോൾ.
ഈ പരിപാടിയുടെ യഥാര്‍ത്ഥ വിജയം ചാക്കോ കുര്യന്റെ ആണെന്ന് പറഞ്ഞാല്‍ സമ്മതിക്കുമോ? ഈ പരിപാടിയുടെ വിജയം ആര്‍ക്ക് സമര്‍പ്പിക്കും?
അങ്ങിനെ പറയാന്‍ പറ്റില്ല. ഇതൊരു കൂട്ടായ പ്രവര്‍ത്തനമാണ്. ഈ പരിപാടിയുടെ വിജയം ഞാന്‍ പ്രസിഡന്റ് ജോര്‍ജിക്ക് സമര്‍പ്പിക്കും.
ജോര്‍ജിയും സജിമോനുമെല്ലാം രണ്ട് മൂന്ന് ദിവസം മുന്‍പാണ് എത്തിയത്. അത് വരെ മുഴുവന്‍ സ്ട്രെസും താങ്കളുടെ കയ്യിലായിരുന്നു. ഇപ്പോള്‍ ആ സ്ട്രെസ് മാറിയോ?
പരിപാടി നന്നായി അവസാനിക്കും വരെ സ്‌ട്രെസ് മാറില്ല. ജോര്‍ജിയും സജിമോനുമെല്ലാം വൈകിയാണ് എത്തിയതെങ്കിലും അവരാണ് അവിടെയിരുന്ന് എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്.
അതിഥികള്‍ക്കുള്ള ഭക്ഷണം എങ്ങിനെയാണ്? കുട്ടികള്‍ക്ക് വേറെ ഭക്ഷണമുണ്ടോ?
വെള്ളിയാഴ്ച ഡിന്നര്‍ നാടന്‍ ഭക്ഷണമാണ്. അത് ബഫേ ആയിട്ടായിരിക്കും. മറ്റെല്ലാ ദിവസങ്ങളിലും ഈ ഹോട്ടലില്‍ തന്നെ അമേരിക്കന്‍ ഭക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. പുറത്തു നിന്ന് ഭക്ഷണം കൊണ്ട് വരുന്നത് ഇരട്ടി ചെലവുമാണ്. തീരെ ചെറിയ കുട്ടികള്‍ നമുക്കില്ല. അതുകൊണ്ട് വേറെ ഭക്ഷണം ഒരുക്കിയിട്ടില്ല.
യുവാക്കള്‍ക്ക് വേണ്ടി എന്തെങ്കിലും പരിപാടികള്‍ ഉണ്ടോ? കലാശക്കൊട്ട് എങ്ങനെയാണ്?
അവരുടെ പ്രോഗ്രാംസ് ഉണ്ട്. യുവജനങ്ങള്‍ തന്നെയാണ് അത് ഓര്‍ഗനൈസ് ചെയ്തിരിക്കുന്നത്. അതിന് പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്. കലാശക്കൊട്ട് നിങ്ങള്‍ കണ്ടറിയണം. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ബാങ്കെറ്റിന് ആയിരിത്തിയിരുന്നോറോളം പേരെ നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ജോജോ കൊട്ടാരക്കര പരിപാടിക്കെത്തുന്നുണ്ടോ? മലയാളികള്‍ ഇന്ന് വരെ കാണാത്ത അതിമനോഹരമായ ഡാന്‍സുണ്ടെന്ന് കേട്ടു?
ആറോളം വരുന്ന ഡാൻസ് ഡീജെ നടത്തുന്ന ഡാൻസ് പരിപാടി വ്യത്യസ്തമായിരിക്കും. ജനങ്ങളെ പങ്കെടുപ്പിക്കുന്ന പ്രകടനം കാഴ്ച വെക്കുമെന്ന് കരുതുന്നു.
ഇതോടെ പരിപാടികള്‍ അവസാനിക്കുകയാണോ?
അല്ല. അതിന് ശേഷം ആളുകള്‍ക്കേറെ ഇഷ്ട്ടപ്പെട്ട ഗാനമേളയുണ്ട്. അതോടെയാണ് ശനിയാഴ്ചത്തെ പരിപാടികള്‍ അവസാനിക്കുന്നത്. എല്ലാ ദിവസവും രാത്രി പരിപാടികള്‍ക്ക് ശേഷം ഡിജെ ഉണ്ടായിരിക്കും.
ചാക്കോ കുര്യന്‍ താങ്കളുടെ ആത്മ വിശ്വാസത്തെ ഞാന്‍ അഭിനന്ദിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ കാലാവസ്ഥയ്ക്ക് ശേഷം വളരെ അനുകൂലമായ അവസ്ഥയിലേക്ക് വന്ന് ഒരു വലിയ കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ താങ്കളുടെ പേര് തങ്കലിപികളില്‍ എഴുതപ്പെടുകയാണ്. ഇനിയും താങ്കളുടെ സേവനം ഫൊക്കാനയ്ക്ക് ധാരാളമായി ലഭിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
നിങ്ങളുടെ സഹകരണം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്കിത് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഫ്രാന്‍സിസ്, നിങ്ങള്‍ അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍ ചെയ്തത് വളരെ വലിയ സഹായമാണ്. താങ്കള്‍ ചെയ്ത സഹായം ഞാന്‍ ഒരിക്കലും മറക്കില്ല. നന്ദി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.