ആഫ്രിക്കയില്‍ അതിമാരക മാര്‍ബര്‍ഗ് വൈറസ് വീണ്ടും; രണ്ടുപേര്‍ മരിച്ചു

ആഫ്രിക്കയില്‍ അതിമാരക മാര്‍ബര്‍ഗ് വൈറസ് വീണ്ടും; രണ്ടുപേര്‍ മരിച്ചു

ജനീവ: ലാസ വൈറസിന് പിന്നാലെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ അതിമാരകമെന്ന് വിശേഷിപ്പിക്കുന്ന മാര്‍ബര്‍ഗ് വൈറസ് പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ഇടവേളയ്ക്ക് ശേഷം വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേരും മരിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

മരണനിരക്ക് 24 മുതല്‍ 88 ശതമാനം വരെയുള്ള ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായാണ് ശാസ്ത്രസമൂഹം മാര്‍ബര്‍ഗിനെ കണക്കാക്കുന്നത്. ബാധിക്കപ്പെടുന്ന 10ല്‍ ഒന്‍പത് പേരും മരിക്കാമെന്നും ശാസ്ത്രസമൂഹം പറയുന്നു. വൈറസ് ബാധിത മേഖലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഘാന ഹെല്‍ത്ത് സര്‍വീസ് ആരോഗ്യ പ്രവര്‍ത്തകരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

പനി, വയറിളക്കം, ശര്‍ദ്ദി തുടങ്ങി രോഗലക്ഷണങ്ങള്‍ കണിച്ച രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധന വിധേയമാക്കിയപ്പോഴാണ് വൈറസിന്റെ സാന്നിധ്യം കണ്ടത്. ആദ്യം ഘാനയിലെ ഡി നോഗുച്ചി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലും കൂടുതല്‍ സ്ഥിരീകരണത്തിനായി സെനഗലിലെ ഡാക്കറിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പാസ്ചറിലേക്കും സാമ്പിള്‍ പരിശോധിച്ചു. രണ്ടിടത്തും പോസറ്റീവ് ആയിരുന്നു ഫലം.



ഇരുവരും തമ്മില്‍ നേരിട്ടുള്ള സമ്പര്‍ക്കം ഉണ്ടായിരുന്നില്ല. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 34 പേരെ ക്വാറന്റൈനിലാക്കി. ഇവര്‍ക്ക് ശേഷം മറ്റാരിലും വൈറസ് ബാധ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ പ്രതിനിധി ഡോ. ഫ്രാന്‍സിസ് കസോളോ പറഞ്ഞു.

2021 ലാണ് ഗിനിയയില്‍ ആദ്യമായി മാര്‍ബര്‍ഗ് വൈറസ് ബാധ കണ്ടെത്തുന്നത്. നസെറെക്കോറെ മേഖലയിലെ ഒരാള്‍ക്കായിരുന്നു രോഗബാധ ഉണ്ടായത്. രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി 42 ദിവസങ്ങള്‍ക്ക് ശേഷമാണ് വൈസ് ബാധ സ്ഥിരീകരിക്കാനായത്. അതിനു ശേഷം ഇപ്പോഴാണ് രണ്ട് പേരില്‍ വൈറസ് സ്ഥിരീകരിച്ചത്.

1967 ല്‍ പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്‌സീന്‍ ലബോറട്ടറികളില്‍ ജോലി ചെയ്തവരായിരുന്നു രോഗികള്‍. ആഫ്രിക്കയില്‍ നിന്നു കൊണ്ടുവന്ന കുരങ്ങുകളില്‍ നിന്നാണ് വൈറസ് ഇവരിലേക്ക് പകര്‍ന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളില്‍ വൈറസ് ബാധയുണ്ടായി.



കടുത്ത പനി, പേശീവേദന, ഛര്‍ദി, രക്തസ്രാവം, മസ്തിഷ്‌കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതരില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ നേരിട്ടോ സമ്പര്‍ക്കം വഴിയോ വൈറസ് പടരാം. രണ്ട് മുതല്‍ 21 ദിവസം വരെയാണ് രോഗ വളര്‍ച്ചാ കാലപരിധി.

എബോള ഉള്‍പ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മാര്‍ബര്‍ഗ് വൈറസിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍വ്, റാവ് എന്നീ രണ്ട് വകഭേദങ്ങളുണ്ട്. ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകള്‍ രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു. കുട്ടികളില്‍ വൈറസ് ബാധിക്കുന്നതിന്റെ തോത് കുറവാണ്. വൈറസ് ബാധ തടയുന്നതിനുള്ള ഫലപ്രദമായ വാക്‌സീനുകള്‍ നിലവില്‍ ഇല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.