ന്യൂസീലന്‍ഡ് - ഡല്‍ഹി ഡയറക്ട് ഫ്‌ളൈറ്റിനായി കാമ്പെയ്ന്‍

ന്യൂസീലന്‍ഡ് - ഡല്‍ഹി ഡയറക്ട് ഫ്‌ളൈറ്റിനായി കാമ്പെയ്ന്‍

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ ഓക് ലാന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം. ന്യൂസിലന്‍ഡില്‍ താമസിക്കുന്ന മലയാളിയായ സിജോ എബ്രഹാമാണ് https://www.change.org/ എന്ന വെബ്‌സൈറ്റ് പേജിലൂടെ ഒപ്പുശേഖരണം ആരംഭിച്ചത്. എയര്‍ ഇന്ത്യ, എയര്‍ ന്യൂസീലന്‍ഡ്, ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, ഡല്‍ഹി എയര്‍പോര്‍ട്ട് എന്നിവയ്ക്ക് ഉള്‍പ്പെടെയാണ് നിവേദനം സമര്‍പ്പിക്കുന്നത്.

നിലവില്‍ ന്യൂസീലന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്ക് നോണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസില്ല. സിംഗപ്പൂര്‍, മലേഷ്യ, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ എയര്‍ലൈനുകളാണ് ഇന്ത്യയിലേക്കു വിമാന സര്‍വീസ് നടത്തുന്നത്. നേരിട്ടുള്ള വിമാന സര്‍വീസ് അല്ലാത്തതിനാല്‍ യാത്രയ്ക്കായി 20 മുതല്‍ 42 മണിക്കൂര്‍ വരെ സമയം എടുക്കാറുണ്ട്. അതേസമയം, ന്യൂസീലന്‍ഡില്‍ നിന്ന് നേരിട്ടുള്ള സര്‍വീസാണെങ്കില്‍ 15 മണിക്കൂറില്‍ താഴെ സമയം കൊണ്ട് ഇന്ത്യയിലെത്താനാകും. മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ ഏറെയുള്ള ഓക് ലാന്‍ഡില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചാല്‍ അത് നിരവധി യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യും.

ഓക് ലാന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള സര്‍വീസിനാണ് പ്രധാനമായും ആവശ്യമുയരുന്നത്.

മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളില്‍നിന്ന് എയര്‍ ഇന്ത്യയ്ക്ക്് ഡല്‍ഹിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളുണ്ട്. 11 മണിക്കൂറാണ് യാത്രാസമയം. ഇതുപോലെ ഓക് ലാന്‍ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള നോണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസുകള്‍ക്കും അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് യാത്രക്കാര്‍ പറയുന്നു.

ന്യൂസീലന്‍ഡില്‍ ഏകദേശം 250,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകള്‍. അതില്‍ ഭൂരിഭാഗവും ഓക് ലാന്‍ഡിലാണ് താമസിക്കുന്നത്. അതിനാലാണ് ഓക് ലാന്‍ഡില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യമുയരുന്നത്. ഇതുകൂടാതെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഓക് ലാന്‍ഡിന് അനുകൂല ഘടകമാണ്. വെല്ലിങ്ടണ്‍ / ക്രൈസ്റ്റ് ചര്‍ച്ച്, ഡുനെഡിന്‍ എന്നിവിടങ്ങളില്‍ നിന്ന് റോഡ്, വിമാനമാര്‍ഗം വഴി സുഗമമായി ഓക് ലാന്‍ഡിലെത്താം.

ന്യൂസീലന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ദ്വീപുകളിലൊന്നാണ് ഫിജി. ഫിജിയിലെ ജനസംഖ്യയുടെ 38 ശതമാനം ഇന്ത്യന്‍ വംശജരായതിനാല്‍ ഇന്ത്യയും ഫിജിയും തമ്മില്‍ ശക്തമായ സാംസ്‌കാരിക ബന്ധമുണ്ട്. ഫിജിയില്‍നിന്ന് മൂന്നു മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമാണ് ഓക് ലാന്‍ഡിലേക്കുള്ളത്. അതിനാല്‍ ഓക് ലാന്‍ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഫിജിയില്‍നിന്നും യാത്രക്കാരുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞാല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് വേഗം എത്തിച്ചേരാനാകും.

നിരവധി ഇന്ത്യന്‍ യാത്രക്കാരാണ് നിവേദനത്തിന് പിന്തുണയുമായി രംഗത്തുവരുന്നത്. ഈ ഉദ്യമത്തില്‍ പങ്കുചേരാന്‍ https://www.change.org/p/air-india-auckland-delhi-auckland-direct-flight-petition-22a919ac-6957-47c2-853e-98df2234ac1c?recruiter=1224639097&recruited_by_id=68922800-0d4b-11ec-bd03-23c038d6463a&utm_source=share_petition&utm_medium=copylink&utm_campaign=petition_dashboard എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.