ആളെക്കൊല്ലി കൊമ്പനെ മെരുക്കാനെത്തിച്ച കുങ്കിയുമായി കൊമ്പന്‍ സൗഹൃദത്തിലായി; വലഞ്ഞ് വനം വകുപ്പ്

ആളെക്കൊല്ലി കൊമ്പനെ മെരുക്കാനെത്തിച്ച കുങ്കിയുമായി കൊമ്പന്‍ സൗഹൃദത്തിലായി; വലഞ്ഞ് വനം വകുപ്പ്

പാലക്കാട്: ആളെക്കൊല്ലിയായ കാട്ടാനയെ പിടികൂടാന്‍ കൊണ്ടു വന്ന കുങ്കി ആന കൊമ്പനുമായി സൗഹൃദത്തിലായി. ഇതോടെ വലഞ്ഞിരിക്കുകയാണ് വനം വകുപ്പ്. പാലക്കാട്ടാണ് അപൂര്‍വ സൗഹൃദം വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്.

പാലക്കാട് ഒടുവങ്ങാട് റബര്‍ എസ്റ്റേറ്റില്‍ ടാപ്പിങിനിടെ ഷാജിയെന്ന കര്‍ഷകന്റെ മരണത്തെ തുടര്‍ന്നാണ് ആളെക്കൊല്ലി കാട്ടാനയെ പിടികൂടാന്‍ കുങ്കിയാനയെ എത്തിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. അങ്ങനെ കോട്ടൂര്‍ ആന സങ്കേതത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് അഗസ്ത്യന്‍ എന്ന കുങ്കിയാനയെ എത്തിച്ചു.

പക്ഷേ ഈ ആനക്ക് അക്രമി ആനയെ പിടികൂടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഇരുവരും നല്ല സൗഹൃദത്തിലാകുകയും ചെയ്തു. ഇപ്പോള്‍ അഗസ്ത്യന് വേണ്ടി വനം വകുപ്പ് നല്‍കുന്ന ഭക്ഷണമാണ് കാട്ടാന പലപ്പോഴും വന്ന് കഴിക്കുന്നത്. രാത്രിയെന്നില്ല പകലെന്നില്ല കുങ്കിയാനയെ കാണാന്‍ കാട്ടാന സ്ഥിരമായി എത്തുന്നുണ്ട്. ഇതോടെ കൊമ്പനെ തളക്കാനുള്ള വനം വകുപ്പിന്റെ നീക്കം തന്നെ അസ്ഥാനത്തായിരിക്കുകയാണ്.

ധോണിയില്‍ കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ ശിവരാമന്‍ എന്ന വയോധികനെ കാട്ടാന ചവിട്ടി കൊന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമന്‍ നടക്കാനിറങ്ങിയത്. മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു.

ഇതില്‍ വലിയ പ്രതിഷേധം പ്രദേശത്ത് ആരംഭിച്ചതോടെ അഗസ്ത്യന് പകരം വേറെ ഒരു കുങ്കിയാനയെ കൂടി ഇവിടെ എത്തിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.