ശ്രീലങ്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായാല്‍ ധനസഹായം നല്‍കാനെന്ന പേരില്‍ ചൈന നിയന്ത്രണം പിടിക്കാനുള്ള സാധ്യത ഇന്ത്യ മുന്‍കൂട്ടി കാണുന്നുണ്ട്. ശ്രീലങ്കന്‍ തുറമുഖങ്ങളിലെ പ്രതിസന്ധി ഇന്ത്യയുടെ വ്യപാരത്തെയും ബാധിക്കും. അഭയാര്‍ത്ഥികള്‍ വന്‍തോതില്‍ ഇന്ത്യയിലെത്താനുള്ള സാധ്യതയും തള്ളാനാവില്ല.
കൊളംബോ: ശ്രീലങ്ക പ്രസിഡന്റ് ഗോതബായ രജപക്‌സെയും പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെയും രാജി വയ്ക്കണമെന്ന് സര്‍വ കക്ഷി യോഗം ആവശ്യപ്പെട്ടു. കൊളംബോയില്‍ അടിയന്തരമായി ചേര്‍ന്ന യോഗമാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടത്.
രാജി ആവശ്യപ്പെട്ടുള്ള യോഗ തീരുമാനം ഗോതബായയെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തടക്കമുള്ള പാര്‍ട്ടികള്‍ സ്പീക്കറുടെ അധ്യക്ഷതയിലാണ് അടിയന്തര യോഗം ചേര്‍ന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടത്. സ്പീക്കര്‍ താത്കാലിക പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യമുയര്‍ന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.
പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്സെ കൊട്ടാരത്തില്‍ നിന്നു രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം. ഗോതബായ രജപക്സെ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ശ്രീലങ്കയിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്നു എന്നാണ് ഇന്ത്യയുടെ പ്രതികരണം. പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെയ്ക്ക് ശ്രീലങ്കയില്‍ സ്ഥിരത തിരിച്ചു കൊണ്ടുവരാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു. ചൈന സാഹചര്യം മുതലെടുക്കുമോ എന്നും ഇന്ത്യ ഉറ്റു നോക്കുന്നുണ്ട്.
ശ്രീലങ്കയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയപ്പോള്‍ നേരത്തെ ഇന്ത്യ ഇടപെട്ടിരുന്നു. രാജ്യത്തെ രണ്ടു കോടി ഇരുപത് ലക്ഷം ജനങ്ങള്‍ക്ക് സഹായം എത്തിക്കുക എന്ന നയമാണ് ഇന്ത്യ സ്വീകരിച്ചത്. രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് മാറി, ഡീസലും അരിയും പാല്‍പ്പൊടിയുമൊക്കെ ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു. ശ്രീലങ്കയിലെ നൂറിലധികം വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും നല്‍കി. മാനുഷിക സഹായം ഇനിയും ഉറപ്പാക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ശ്രീലങ്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായാല്‍ ധനസഹായം നല്‍കാനെന്ന പേരില്‍ ചൈന നിയന്ത്രണം പിടിക്കാനുള്ള സാധ്യത ഇന്ത്യ മുന്‍കൂട്ടി കാണുന്നുണ്ട്. ശ്രീലങ്കന്‍ തുറമുഖങ്ങളിലെ പ്രതിസന്ധി ഇന്ത്യയുടെ വ്യപാരത്തെയും ബാധിക്കും. അഭയാര്‍ത്ഥികള്‍ വന്‍തോതില്‍ ഇന്ത്യയിലെത്താനുള്ള സാധ്യതയും തള്ളാനാവില്ല.
അസ്ഥിരത ഉപയോഗിച്ച് ശ്രീലങ്കയിലെ റിബല്‍ ഗ്രൂപ്പുകളെ ആയുധങ്ങള്‍ നല്‍കി ശാക്തീകരിക്കാനും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാനും വിദേശ ഗ്രൂപ്പുകളുടെ നീക്കവും നടന്നേക്കാം. ഈ സാഹചര്യത്തില്‍ അയല്‍ രാജ്യത്തെ കലാപം കെട്ടടങ്ങി എത്രയും വേഗം സമാധാനം കൈവരിക്കേണ്ടത് ഇന്ത്യയ്ക്കും പ്രധാനമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.