എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനം: നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെടാന്‍ സാധ്യത

എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനം: നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെടാന്‍ സാധ്യത

ന്യൂഡല്‍ഹി: എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടേക്കും. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. രാത്രി 11: 30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനവും സര്‍വീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചിരുന്നു.

ജിദ്ദയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയത് നിരവധി ഉംറ തീര്‍ത്ഥാടകരെ പ്രതിസന്ധിയിലാക്കിയതായാണ് വിവരം. അഗ്‌നിപര്‍വത ചാരവും പുകയും വിമാനങ്ങള്‍ക്ക് യന്ത്ര തകരാര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പ്രശ്‌നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു.

12,000 വര്‍ഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഈ അഗ്‌നിപര്‍വ്വത സ്‌ഫോടനം കാരണം സമീപത്തെ അഫ്‌ദെറ ഗ്രാമം മുഴുവന്‍ ചാരത്തില്‍ മൂടിയിരിക്കകയാണ്. സ്‌ഫോടനം എര്‍ത അലെ, അഫ്‌ദെറ ടൗണ്‍ എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ക്കും കാരണമായി.

സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടല്‍ കടന്ന് യമന്‍, ഒമാന്‍ എന്നിവിടങ്ങളിലൂടെ വടക്കന്‍ അറബിക്കടലിലേക്ക് വ്യാപിച്ചതായണ് വിവരം. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങള്‍ ഇപ്പോള്‍ ഡല്‍ഹി, ഹരിയാന, സമീപ പ്രദേശങ്ങളായ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.

അതേസമയം അഗ്‌നിപര്‍വ്വത ചാരം വിമാന എഞ്ചിനുകള്‍ക്ക് ഗുരുതരമായ തകരാറുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആകാശ എയര്‍, ഇന്‍ഡിഗോ, കെ.എല്‍.എം തുടങ്ങിയ വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ച് വിടുകയോ ചെയ്തിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ലൈനുകള്‍ക്ക് കരിമേഘ പടലങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും ഏറ്റവും പുതിയ അഡൈ്വസറികള്‍ അനുസരിച്ച് ഫ്‌ളൈറ്റ് പ്ലാനിങ്, റൂട്ടിങ്, ഇന്ധനത്തിന്റെ അളവ് എന്നിവയില്‍ മാറ്റം വരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ജിന്‍ പ്രവര്‍ത്തനത്തിലെ അപാകതകളോ കാബിനില്‍ പുകയോ ഗന്ധമോ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ അഗ്‌നിപര്‍വ്വത ചാരത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ റണ്‍വേ, ടാക്സിവേ, അപ്രോണ്‍ എന്നിവ ഉടന്‍ പരിശോധിക്കുകയും സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും വേണമെന്നാണ് നിര്‍ദേശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.