പേരിന് പോലും ഒരു തുള്ളി മരുന്നില്ല: സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മരുന്ന് പ്രതിസന്ധി

പേരിന് പോലും ഒരു തുള്ളി മരുന്നില്ല: സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മരുന്ന് പ്രതിസന്ധി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മരുന്ന് പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ആശുപത്രി ഫാര്‍മസികളൊക്കെ ദിവസങ്ങളായി കാലിയാണ്. കുറിപ്പടി കൊടുത്ത് മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങാന്‍ നിര്‍ദേശിക്കുകയാണ് ഡോക്ടര്‍മാര്‍. പ്രാഥമികതല ആശുപത്രികളിലെ ചികിത്സകൊണ്ട് ഭേദമാകാത്തവരെ മാത്രം മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതിയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. പക്ഷേ ചികിത്സിക്കാന്‍ ഒരിടത്തും മരുന്നില്ലാത്ത അവസ്ഥയാണ്.

ഐ.സി യൂണിറ്റുകളുള്ള ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകള്‍ ദൈനംദിന ചെലവിനുള്ള തുകയിലെ ഒരു പങ്കെടുത്ത് മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങുകയാണ്. മരുന്നു വാങ്ങാനുള്ള ടെന്‍ഡര്‍ വിതരണക്കാരായ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാസങ്ങള്‍ വൈകിച്ചതാണ് ഈ പ്രതിസന്ധിക്കു കാരണം. പതിവിന് വിരുദ്ധമായി 50 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള മരുന്ന് കമ്പനികളെ മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുവദിച്ചുള്ളൂ.

ചെറിയ കമ്പനികള്‍ ഇക്കാരണത്താല്‍ പിന്‍മാറുകയും ചെയ്തു. വന്‍കിടക്കാര്‍ ഓരോ ഉപാധി വച്ച് ടെന്‍ഡര്‍ നീട്ടിക്കൊണ്ടു പോവുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ ആവശ്യമായ മുന്നൊരുക്കം നടത്താതെ പ്രതിസന്ധി ക്ഷണിച്ചു വരുത്തുകയായിരുന്നു. മരുന്നില്ലെന്ന വിവരം ആശുപത്രികള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ അറിയിക്കുമ്പോള്‍, ഉടന്‍ ലഭ്യമാക്കുമെന്ന മറുപടി മാത്രമം മിച്ചം.

മുന്‍ വര്‍ഷങ്ങളില്‍ ഡിസംബറില്‍ മരുന്ന് വാങ്ങാന്‍ ടെന്‍ഡര്‍ വിളിക്കുകയും ഫെബ്രുവരിയോടെ അന്തിമ പട്ടിക തയ്യാറാക്കുകയും മാര്‍ച്ചില്‍ മരുന്നിന് ഓര്‍ഡര്‍ നല്‍കും. ഏപ്രില്‍ പകുതിയോടെ മരുന്നുകള്‍ എത്തി തുടങ്ങുകയുമായിരുന്നു. എന്നാല്‍ ഇത്തവണ ജൂണ്‍ പകുതിയോടെയാണ് ടെന്‍ഡര്‍ നടപടി തുടങ്ങിയത്. ഡ്രിപ്പ് പോലും നല്‍കാനാവാത്ത അവസ്ഥയിലാണ്. ഡ്രിപ്പ് നല്‍കാനുള്ള ഐ.വി പാരസെറ്റമോള്‍ പോലും ആശുപത്രികളിലില്ല.

അടിയന്തര ആവശ്യങ്ങള്‍ക്കുള്ള അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍, രക്തം കട്ട പിടിക്കാതിരിക്കാനുള്ള ആസ്പിരിന്‍ 75, ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് നല്‍കുന്ന റാമിപ്രില്‍, കൊളസ്ട്രോളിന് നല്‍കുന്ന അറ്റോവ സ്റ്റാറ്റിന്‍ 20, സെഫ്ട്രിയാക്സോണ്‍ തുടങ്ങിയവയും സ്റ്റോക്കില്ല. ആന്റിബയോട്ടിക് ഇന്‍ജെക്ഷനുകളും ഗുളികയും തീര്‍ന്നിട്ട് ദിവസങ്ങളായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.