പുലര്‍ച്ചെ രണ്ടിന് അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു; മകനടക്കം നാലു പേര്‍ ആശുപത്രിയില്‍

പുലര്‍ച്ചെ രണ്ടിന് അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു; മകനടക്കം നാലു പേര്‍ ആശുപത്രിയില്‍

പത്തനംതിട്ട: അടൂര്‍ ഏനാത്ത് പുതുശേരി ഭാഗത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് കാറില്‍ യാത്ര ചെയ്തിരുന്ന ആറ്റിങ്ങല്‍ സ്വദേശി വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന്‍ ഭട്ടതിരി (66) ഭാര്യ ശോഭ (62) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്.

ഇവരുടെ മകന്‍ നിഖില്‍ രാജിനും ചടയമംഗലം സ്വദേശികളായ 4 പേര്‍ക്കുമാണ് പരുക്കേറ്റത്. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. എതിരെ കൊച്ചിയില്‍നിന്ന് ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.

എതിര്‍ കാറിലുണ്ടായിരുന്ന ചടയമംഗലം അനസ് (26) മേലേതില്‍ വീട്ടില്‍ ജിതിന്‍ (26), അജാസ് മന്‍സില്‍ അജാസ് (25), പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് (23) എന്നിവരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ നിഖില്‍ രാജ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ അടൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

അപകടം നടന്ന ഉടന്‍ നാട്ടുകാരെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് അഗ്‌നിശമന വിഭാഗമെത്തി റോഡില്‍ ചിതറി കിടന്ന ചില്ലുകള്‍ വെള്ളം പമ്പ് ചെയ്ത് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.