ദക്ഷിണേന്ത്യയില്‍ ആദ്യമായി 'കൂറ്റന്‍ തിമിംഗലം' പറന്നിറങ്ങി: എയര്‍ബസ് ബെലുഗയുടെ പ്രത്യേകതകള്‍

ദക്ഷിണേന്ത്യയില്‍ ആദ്യമായി 'കൂറ്റന്‍ തിമിംഗലം' പറന്നിറങ്ങി: എയര്‍ബസ് ബെലുഗയുടെ പ്രത്യേകതകള്‍

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ വിമാനം കണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ജീവനക്കാരും അമ്പരന്നു. കൂറ്റന്‍ തിമിംഗലത്തിന്റെ മുഖത്തിന് സമാനമായ രൂപവുമായി ഇറങ്ങിയ ചരക്ക് വിമാനമാണ് കൗതുകമായത്. ലോകത്തിലെ വലിയ ചരക്ക് വിമാനങ്ങളിലൊന്നായ 'എയര്‍ബസ് ബെലുഗ' ആണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ഇറങ്ങിയത്.

ചരക്ക് വിമാനങ്ങളിലെ സൂപ്പര്‍ സ്റ്റാറാണ് എയര്‍ബസ് ബെലുഗ. മുന്‍ ഭാഗം തിമിംഗലങ്ങളുടെ മുഖത്തോട് സാദൃശ്യമുണ്ടാകും. ഒരുസമയം 47,000 കിലോ ഭാരം വരെ വഹിക്കാനാകും എന്നതാണ് ഈ കാര്‍ഗോ വിമാനത്തിന്റെ പ്രത്യേകത.

ഇന്ധനം നിറയ്ക്കുന്നതിനും ജീവനക്കാരുടെ വിശ്രമത്തിനും വേണ്ടിയാണ് വിമാന ഭീമനെ ചെന്നൈയില്‍ ഇറക്കിയത്. അഹമ്മദാബാദില്‍ നിന്ന് എത്തിയ വിമാനം ഇന്ധനം നിറച്ച ശേഷം തായ്ലന്‍ഡിലേക്ക് തിരിച്ചു പറന്നു.

ജൂലായ് ഏഴിന് ഫ്രാന്‍സിലെ ടൗളൂസില്‍ നിന്ന് പറന്ന് ഉയര്‍ന്ന വിമാനം അവിടെ നിന്ന് മാര്‍സെയില്‍, കെയ്റോ, അബുദാബി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ചരക്കുകള്‍ എത്തിച്ച ശേഷമാണ് ചെന്നൈയില്‍ ഇറങ്ങിയത്.

വലിയ ചരക്കുകള്‍ സൗകര്യപൂര്‍വം കൊണ്ടുപോകാന്‍ വേണ്ടിയാണ് തിമംഗലത്തിന്റെ രൂപത്തില്‍ എയര്‍ബസ് ബെലുഗ നിര്‍മിച്ചിട്ടുള്ളത്. 1995ലാണ് ഇത്തരം എയര്‍ബസ് ബെലുഗ വിമാനങ്ങള്‍ ലോകത്തിന് മുന്നിലെത്തുന്നത്. ഇതിന്‌ 56.16 മീറ്റര്‍ നീളവും 17.25 മീറ്റര്‍ ഉയരവും 7.7 മീറ്റര്‍ വീതിയും ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വലിയ യന്ത്രങ്ങള്‍, ചെറു വിമാനങ്ങള്‍, വാഹനങ്ങള്‍ എന്നിവ അതിവേഗം എത്തിക്കാനാണ് സാധാരണയായി ഈ ചരക്ക് വിമാനം ഉപയോഗിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.