ന്യൂഡല്‍ഹി: ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ് യു.ജി) മാറ്റിവയ്ക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. 15 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യമുള്ളത്. ഇത്തരം ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ഈ മാസം 17ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയത്. മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
പരീക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് പരാതി പരിഹാര സംവിധാനമുണ്ടാക്കണമെന്നും പ്രളയം മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ ചില പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ കോവിഡ് കാരണം പരീക്ഷാ ക്രമം തെറ്റിയെന്നും ഇത് സാധാരണ നിലയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നാഷണല്‍ ടെസ്റ്റിംഗ് അതോറിറ്റി (എന്‍ടിഎ)ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പരീക്ഷ ഇനിയും മാറ്റിവച്ചാല്‍ അത് അടുത്ത വര്‍ഷത്തേക്ക് വീണ്ടും നീങ്ങാനിടയുണ്ടെന്ന ആശങ്കയും അദ്ദേഹം കോടതിക്ക് മുമ്പാകെ പങ്കുവെച്ചു.
നീറ്റ് യുജി പരീക്ഷാ ഷെഡ്യൂള്‍ സ്ഥിരതയുള്ളതായിരിക്കണമെന്നും അതിനാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.