അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൈം മാഗസിന്‍ പട്ടികയില്‍ കേരളം; അനുമോദനവുമായി ജെ.പി നഡ്ഡ

അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൈം മാഗസിന്‍ പട്ടികയില്‍ കേരളം; അനുമോദനവുമായി ജെ.പി നഡ്ഡ

തിരുവനന്തപുരം: ലോകത്ത് കണ്ടിരിക്കേണ്ട അതിമനോഹരമായ സ്ഥലങ്ങളുടെ ടൈം മാഗസിൻ പട്ടികയിൽ കേരളവും. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ടൈം മാഗസിൻ കുറിപ്പിൽ പറയുന്നു.

ലോകത്തെ അതിമനോഹരമായ 50 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളം ഇടംനേടിയത്. വിനോദ സഞ്ചാരത്തിനുള്ള മനോഹര സ്ഥലമാണ് കേരളം എന്നാണ് മാഗസിൻ നൽകുന്ന വിശേഷണം. മനംനിറയ്ക്കുന്ന കടലോരം, സമൃദ്ധമായ കായലോരം, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവയാല്‍ അനുഗൃഹീതമായ കേരളം ഇന്ത്യയിലെ ഏറ്റവും മനോഹര സംസ്ഥാനങ്ങളിലൊന്നാണെന്ന് മാഗസിൻ വിലയിരുത്തി.

ടൈം മാഗസിന്‍ പട്ടികയില്‍ ഇടംപിടിച്ച കേരളത്തെ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് നഡ്ഡ കേരളത്തിനുള്ള അഭിനന്ദനം അറിയിച്ചത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.



'രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍. ടൈം മാഗസിന്റെ ലോകത്തിലെ മഹത്തായ സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തെ അംഗീകരിച്ചിരിക്കുകയാണ്. അത്യാകര്‍ഷകമായ കേരളത്തിന്റെ സൗന്ദര്യം അംഗീകരിക്കപ്പെട്ടതിന് കേരളത്തെ അഭിനന്ദിക്കുന്നു' എന്നാണ് നഡ്ഡ ട്വീറ്ററിൽ കുറിച്ചത്.

2022 ൽ യാത്ര ചെയ്യാവുന്ന 50 മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് കേരളത്തിന്‌ പുറമെ അഹമ്മദാബാദും ഉൾപ്പെട്ടിട്ടുണ്ട്.  പുതിയതായി ആരംഭിച്ച കാരവൻ ടൂറിസം, വാഗമണ്ണിലെ കാരവൻ പാർക്ക്, ഹൗസ്ബോട്ടുകൾ, കായലുകൾ, ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കുറിപ്പിൽ പരാമർശമുണ്ട്. സബർമതി ആശ്രമം മുതൽ സയൻസ് സിറ്റി വരെയുള്ള അഹമ്മദാബാദിലെ ആകർഷണങ്ങളെക്കുറിച്ചും ടൈം ലേഖനം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.