പഠനം തുടരാന്‍ നേരിട്ടെത്തണമെന്ന് ഉക്രെയ്ന്‍ സര്‍വകലാശാലകള്‍; ദുരിതത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

പഠനം തുടരാന്‍ നേരിട്ടെത്തണമെന്ന് ഉക്രെയ്ന്‍ സര്‍വകലാശാലകള്‍; ദുരിതത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

കൊച്ചി: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ അവിടെ നിന്ന് രക്ഷപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തില്‍. പഠനം തുടരണമെങ്കില്‍ നേരിട്ട് വരണമെന്നാണ് ഉക്രെയ്ന്‍ സര്‍വകലാശാലകള്‍ പറയുന്നത്. യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലാത്ത രാജ്യത്തിലേക്ക് തിരികെ പോകുന്നത് പലര്‍ക്കും ആലോചിക്കാന്‍ പോലും സാധിക്കുന്നില്ല.

സെപ്റ്റംബറിലാണ് അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുക. യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ചു മുന്നോട്ടു പോയിരുന്ന വിദ്യാര്‍ഥികളെയാണ് ഇപ്പോഴത്തെ അറിയിപ്പ് അനിശ്ചിതത്വത്തിലാക്കിയത്.

ഇന്ത്യന്‍ എംബസി അധികൃതരെ ഇക്കാര്യം അറിയിച്ചപ്പോള്‍ ഉക്രെയ്‌നിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമായിട്ടില്ലെന്നും കോളേജ് അധികൃതര്‍ ഇക്കാര്യത്തില്‍ അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നുമാണ് ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം.

ഉക്രെയ്‌നില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ സര്‍വകലാശാലകളില്‍ തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതായി ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് പേരന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. സതീശന്‍ പറഞ്ഞു.

മിക്കവര്‍ക്കും പ്ലസ്ടുവിന്റെ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളോ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ നേടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ മറ്റൊരു കോഴ്‌സിന് ചേരാനുമാവില്ല. വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയശേഷം മേയ് വരെ ഇവര്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസുകള്‍ ഉണ്ടായിരുന്നു. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങള്‍ യുക്രൈനില്‍ അവധിക്കാലമായതിനാല്‍ ക്ലാസുകള്‍ ഇല്ല. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.