ബഫർസോൺ : സർക്കാരിന്റെ ഇരട്ടത്താപ്പ് ഭീമമായ വിദേശഫണ്ട് ലക്‌ഷ്യം വച്ച് : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ

ബഫർസോൺ : സർക്കാരിന്റെ ഇരട്ടത്താപ്പ് ഭീമമായ വിദേശഫണ്ട് ലക്‌ഷ്യം വച്ച് : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ

കുവൈറ്റ് സിറ്റി: ബഫർ സോൺ വിഷയത്തിൽ സർക്കാർ പുലർത്തുന്ന ഇരട്ടത്താപ്പ് നയം നാഷണൽ മിഷൻ ഫോർ ഗ്രീൻ ഇന്ത്യ വഴി ലഭിക്കുന്ന ഭീമമായ വിദേശ ഫണ്ട് ലക്‌ഷ്യം വെച്ചാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡോ.ജോസുകുട്ടി ഒഴുകയിൽ ആരോപിച്ചു.  'ഫോറസ്റ്റ് ബഫർസോൺ - അപ്രഖ്യാപിത കുടിയിറക്ക്' എന്ന വിഷയത്തിൽ കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസ്സോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബഫർസോൺ നിയമം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ അദ്ദേഹം വിശദമാക്കി. ലോക രാജ്യങ്ങൾ കാർബൺ എമിഷൻ കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി നീക്കി വയ്ക്കുന്ന ഭീമമായ ഫണ്ടുകൾ ഉന്നം വച്ചാണ് കേരളം പോലുള്ള സംസ്ഥാനത്ത് നിർബന്ധിത വന വൽക്കരണ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത്. യൂറോ-അമേരിക്കൻ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തെ കാർബൺ എമിഷൻ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെ തടയാൻ വനവൽക്കരണം നടത്തുന്നത് ,സ്വന്തം രാജ്യത്ത് ചെലവേറിയതായതു കൊണ്ടും വ്യവസായ വളർച്ച മുരടിക്കുമെന്നതുകൊണ്ടും താരതമ്യേന ചെലവു കുറഞ്ഞ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിർബന്ധിത വനവൽക്കരണം അടിച്ചേൽപ്പിക്കുന്നതാണോ ഇത്തരം വിധിന്യായങ്ങൾക്ക് പിന്നിലെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വനഭൂമി ദേശീയ ശരാശരിയിലും വളരെ അധികം ഉയർന്നതാണ് എന്ന് മാത്രമല്ല 54 ശതമാനം ഭൂമി വനസമാന ഭൂമിയുമാണ്. പൊതുജനങ്ങളുടെ നിലവിളിക്ക് ചെവികൊടുക്കാതെ നിർബന്ധിത വനവൽക്കരണവുമായി മുന്നോട്ടു പോകുന്ന സർക്കാർ നടപടികൾ തികച്ചും ജനദ്രോഹപരമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സെമിനാറിൽ ആമുഖപ്രഭാഷണം നടത്തിയ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ.ബിജു പറയനിലം, സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്ന കരിനിയമാണെന്ന് അഭിപ്രായപ്പെട്ടു. ബഫർസോൺ വിഷയത്തിൽ കേരള മന്ത്രിസഭാ എടുക്കുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച അദ്ദേഹം ക്രൈസ്തവ വിശ്വാസികളെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി. എസ് എം സി എ കുവൈറ്റിൻ്റെ സാമൂഹിക  പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളെ അഡ്വ.ബിജു പറയനിലം അഭിനന്ദിക്കുകയും ചെയ്തു.

എസ് എം സി എ കുവൈറ്റ് പ്രസിഡൻ്റ് സാൻസിലാൽ പാപ്പച്ചൻ ചക്യാത്ത് അദ്ധ്യക്ഷനായിരുന്നു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് സുനിൽ റാപ്പുഴ ആശംസ  അർപ്പിച്ചു. ചങ്ങനാശ്ശേരി പ്രവാസി അപ്പസ്തോലേറ്റ് ജി സി സി സെക്രട്ടറി രാജേഷ് കൂത്രപ്പള്ളി പ്രമേയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. എ കെ സി സി ഗ്ലോബൽ സെക്രട്ടറി ആൻറണി മനോജ് ചർച്ചകൾക്ക് നേതൃത്വം നൽകി. എസ് എം സി എ ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര സ്വാഗതവും ട്രഷറർ ജോസ് മത്തായി പൊക്കാളിപ്പടവിൽ നന്ദിയും പറഞ്ഞു.

കേരള മുഖ്യമന്ത്രിക്കും കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രിമാർക്കും മുൻപാകെ സമർപ്പിക്കുന്ന നിവേദനത്തിൽ കുവൈറ്റിലെ പ്രവാസികളുടെ ഇടയിൽ നിന്നും ഒപ്പു ശേഖരണവും നടന്നു വരുന്നു. ആഗോള കത്തോലിക്കാ കോൺഗ്രസ് നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായിട്ടാണ് കുവൈറ്റ് എസ് എം സി എ ഇത്തരത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.