അറിയുമോ സാന്താള്‍ വിപ്ലവത്തെപ്പറ്റി ?

അറിയുമോ സാന്താള്‍ വിപ്ലവത്തെപ്പറ്റി ?

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം ആഘോഷ നിറവിലാണ്. ഈ സാഹചര്യത്തില്‍ ചില ചരിത്ര സത്യങ്ങള്‍ നമ്മള്‍ അറിയാതെ പോകരുത്. 1855 ജൂലൈ ഏഴിനാണ് ഭോഗനാദി ഗ്രാമത്തില്‍ ആയിരക്കണക്കിന് സാന്താള്‍ വംശജര്‍ ഒത്തു ചേര്‍ന്ന് സ്വയം സ്വതന്ത്രമായി പ്രഖ്യാപിച്ച ദിനം. ആദിവാസി ഊരുകളില്‍ നിന്നുയര്‍ന്ന ആ തീജ്വാല എന്തിനു വേണ്ടി ആയിരുന്നു എന്നറിയാം.

ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്, ഇന്ത്യയിലെ ആദിവാസികള്‍ ബ്രിട്ടിഷുകാര്‍ക്കും അവര്‍ക്ക് തുണയായ സമീന്ദാര്‍മാര്‍ക്കും എതിരെ ആയുധം ഉയര്‍ത്തി. അതായിരുന്നു വിഖ്യാതമായ സാന്താള്‍ വിപ്ലവം.

ഇന്നത്തെ ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടന്ന ഘോരവന പ്രദേശമായിരുന്നു സാന്താള്‍ വിഭാഗക്കാരുടെ ആവാസ ഭൂമി. ഒന്നര നൂറ്റാണ്ട് കഴിഞ്ഞും ആദിവാസികള്‍ ഉപജീവനത്തിനായി പ്രക്ഷോഭ രംഗത്ത് തുടരുന്ന സമര ഭൂമി.

ഇന്ത്യയിലെ വിഭവങ്ങള്‍ അപഹരിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന വന നിയമം. വനങ്ങളുടെ കുത്തക ഏറ്റെടുത്തു കൊണ്ട് വന ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളായ ആദിവാസി വിഭാഗങ്ങളുടെ അവകാശം കവര്‍ന്നെടുക്കപ്പെട്ടു.

അങ്ങനെ തലമുറകളായി ആദിവാസികളുടെ ഉപജീവനമായിരുന്ന വനഭൂമി വിലക്കപ്പെട്ടു. വനങ്ങള്‍ റിസര്‍വ് ഭൂമിയായി പ്രഖ്യാപിച്ച് കമ്പനി കൈവശമാക്കി. ബാക്കിയുള്ള ഭൂമി ബ്രിട്ടീഷുകാരുടെ ഒറ്റുകാരായ നാട്ടിലെ സമീന്ദാര്‍മാര്‍ക്ക് പതിച്ചു കൊടുക്കപ്പെട്ടു.

നിവൃത്തിയില്ലാതെ ആദിവാസികള്‍ സംഘടിച്ചു. അവരുടെ നായകത്വം ഏറ്റെടുത്തത് മുര്‍മു ആദിവാസി ഗോത്ര പുരോഹിതന്റെ മക്കളായിരുന്നു. സിദ്ധു, കാണു, ചാന്ദ്, ഭൈരവി എന്ന സഹോദരന്മാരും ഫൂലോ, ജാനോ എന്നീ രണ്ട് സഹോദരിമാരും.

അങ്ങനെ 1855 ജൂലൈ ഏഴിന് ഭോഗനാദി ഗ്രാമത്തില്‍ ആയിരക്കണക്കിന് സാന്താള്‍ വംശജര്‍ ഒത്തു ചേര്‍ന്നു. സിദ്ധുവും കനുവും ചൊല്ലിക്കൊടുത്ത പ്രതിജ്ഞയോടെ അവര്‍ സ്വയം സ്വതന്ത്രമായി പ്രഖ്യാപിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാരനെ രോഷാകുലരായ ജനത തല്ലിക്കൊന്നു. ദിവസങ്ങള്‍ക്കകം പ്രദേശമാകെ കലാപം വ്യാപിച്ചു.

ഒട്ടേറെ ഇടങ്ങളില്‍ ആദിവാസികള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും സമീന്ദാര്‍മാരും ആയി ഏറ്റുമുട്ടി. ഝാര്‍ഖണ്ഡിലെ രാജ്മഹല്‍ മലകള്‍ മുതല്‍ ബംഗാളിലെ ബിര്‍ഭും വരെ വനഭുമി വിമോചിതമായി പ്രഖ്യാപിച്ചു. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷമാണ് കമ്പനിയുടെ വലിയ സൈന്യ സന്നാഹത്തിനു വിപ്ലവം അടിച്ചമര്‍ത്താനായത്.

കലാപത്തില്‍ ഒട്ടേറെ കമ്പനി സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇരുപതിനായിരത്തോളം സാന്താള്‍ ഭടന്മാര്‍ വീരമൃത്യു വരിച്ചു. രക്തസാക്ഷികളായവരില്‍ സിധുവും കനുവും ഉള്‍പ്പെട്ടു. വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ടുവില്‍ വന നിയമം ഭേദഗതി ചെയ്യാന്‍ കമ്പനി നിര്‍ബന്ധിതരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.