പോര്‍ട്ട് ഓ പ്രിന്‍സ്: അക്രമവും അരക്ഷിതാവസ്ഥയും അതിരൂക്ഷമായ ഹെയ്തിയില്‍ ആയുധക്കടത്ത് തടയുന്നതിനുള്ള പ്രമേയത്തിന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം. ഹെയ്തിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി കടത്തുന്നത് തടഞ്ഞുകൊണ്ടുള്ള പ്രമേയത്തിനാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അംഗീകാരം നല്‍കിയത്. അമേരിക്കയും മെക്‌സികോയും തയാറാക്കിയ പ്രമേയത്തെ ചൈനയുടെ പുറത്തുനിന്നുള്ള എതിര്‍പ്പിനിടയിലും ഏകകണ്ഠമായി പാസാക്കി.
ക്രിമിനല്‍ സംഘങ്ങളെ നിരായുധരാക്കേണ്ടതിന്റ അടിയന്തിര ആവശ്യത്തെക്കുറിച്ച് പോര്‍ട്ട്-ഓ-പ്രിന്‍സ് ആര്‍ച്ച് ബിഷപ്പ് മാക്‌സ് ലെറോയ് മെസിഡോര്‍ ഉള്‍പ്പടെയുള്ളവര്‍ ഏറെ നാളായി ശബ്ദമുയര്‍ത്തിവരികെയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രമേയം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചത്. പ്രമേയത്തിന്റെ നിബന്ധനകള്‍ പ്രകാരം യുഎന്‍ ദൗത്യത്തിന്റെ ചുമതല 2023 ജൂലൈ 15 വരെ നീളും.
നിയമവാഴ്ച ശക്തിപ്പെടുത്തുക, സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക, അക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ലൈംഗിക അതിക്രമങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രമേയത്തിലൂടെ ഹെയ്തി സര്‍ക്കാരിനോട് യുഎന്‍ സുരക്ഷാ സമിതി ആവശ്യപ്പെടുന്നത്. അനധികൃത കടത്ത്, ആയുധങ്ങള്‍ വഴിതിരിച്ചുവിടല്‍, അനധികൃത സാമ്പത്തിക ഒഴുക്ക് എന്നിവ അടിയന്തരമായി പരിഹരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
സമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയ അസ്ഥിരതയും സാമൂഹ്യ അരക്ഷിതാവസ്ഥയുമായി ജീവിത സാഹചര്യം ഏറ്റവും മോശപ്പെട്ട രാജ്യങ്ങളിലൊന്നാണ് കരീബിയന്‍ ദ്വീപ് രാജ്യംകൂടിയായ ഹെയ്തി. ആള്‍ക്കൂട്ട കൊലപാതകങ്ങളും ആഭ്യന്തര കലാപങ്ങളും നിത്യസംഭവമായ ഹെയ്തില്‍ ജനജീവിതം ഏറെ ദൂഷ്‌കരമാണ്. 2021 ജൂലൈ ഏഴിന് പ്രസിഡന്റ് ജോവനല്‍ മോയ്സിന്റെ കൊലപാതകത്തിനും ഓഗസ്റ്റില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനും ശേഷം 2,000 ത്തിലധികം ആളുകള്‍ ആള്‍ക്കൂട്ട ആക്രമങ്ങളിലും ആഭ്യന്തര കലാപത്തിലും കൊല്ലപ്പെട്ടു.
രാജ്യത്തിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ മൂലം നിരവധിയാളുകള്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കോ അമേരിക്കയിലേക്കോ പലായനം ചെയ്യാന്‍ കാരണമായി. സാമ്പത്തിക പ്രതിസന്ധിക്കും സാമൂഹിക രാഷ്ട്രീയ പ്രക്ഷുബ്ധതയ്ക്കുമിടയില്‍ രാജ്യത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു. ഇത് ഹെയ്തിക്കാരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും രാജ്യത്തിന്റെ സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തു.
87 ശതമാനം ക്രിസ്ത്യന്‍ പ്രാതിനിധ്യമുള്ള രാജ്യത്ത് കൊള്ളക്കാരുടെ ഭീഷണികള്‍ക്കും അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയാകുന്നവര്‍ ഏറെയും ക്രിസ്ത്യാനികളാണ്. കൂട്ടക്കൊലകളും തട്ടിക്കൊണ്ടുപോകലുകളും കത്തോലിക്കാ സഭയെ ലക്ഷ്യമാക്കി കൂടുതല്‍ വര്‍ധിച്ചു. മോചനദ്രവ്യത്തിനായാണ് തട്ടിക്കൊണ്ടുപോകുന്നത്. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ കൊലപ്പെടുത്തും. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുവേണ്ടി പ്രയത്‌നിച്ച ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ലൂയിസ ഡെല്‍ ഓര്‍ട്ടോയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് സമീപകാലത്തുണ്ടായ ദാരുണമായ സംഭവം.
കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം ഹെയ്തിലെ വിവിധ ഇടങ്ങളില്‍ ഉണ്ടായ ആള്‍ക്കുട്ട ആക്രമണങ്ങളില്‍ 89 പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരിലേറെയും ക്രിസ്ത്യന്‍ മതവിശ്വാസികളായിരുന്നു. ഇത്തരം നിരന്തര ആക്രമണങ്ങളില്‍ നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് പോര്‍ട്ട്-ഓ-പ്രിന്‍സ് അതിരൂപതയുടെ തലവന്‍ ആര്‍ച്ച് ബിഷപ്പ് മാക്‌സ് ലെറോയ് മെസിഡോര്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പൊലീസിനോടും ഭരണകൂടത്തോടും അഭ്യര്‍ത്ഥിച്ചത്.
ദുരിതങ്ങളും കഷ്ടപ്പാടുകളും മൂലം ജനജീവിത ദുസഹമായി രാജ്യത്ത് അക്രമവും അരക്ഷിതാവസ്ഥയും ജനങ്ങളുടെ ദൈനംദിന ശാപമായി മാറിയിരിക്കുകയാണ്. അക്രമസംഘങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം രാജ്യത്ത് ഉണ്ടാകേണ്ടത് അടിയന്തിര ആവശ്യമായി വന്നിരിക്കുന്നു. അനധികൃത സംഘങ്ങളെ നിരായുധരാക്കാന്‍ പൊലീസില്‍ നിന്ന് ഉടനടി നടപടി ആളുകള്‍ പ്രതീക്ഷിക്കുന്നു. സ്വന്തം നിലയില്‍ കഴിയില്ലെങ്കില്‍ പുറത്തുനിന്നുള്ള രാജ്യങ്ങളുടെ സഹായം തേടണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.