ആറാം ക്ലാസിന് മുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം: താലിബാനോട് ഐക്യരാഷ്ട്ര സഭ

ആറാം ക്ലാസിന് മുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം: താലിബാനോട് ഐക്യരാഷ്ട്ര സഭ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരം ഉറപ്പാക്കണമെന്ന് താലിബാനോട് ഐക്യരാഷ്ട്ര സഭ. വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമാകണം. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള അനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്നും അഫ്ഗാനിസ്ഥാനിലെ യുഎന്‍ ഡെപ്യൂട്ടി സ്‌പെഷ്യല്‍ ദൂതന്‍ മാര്‍ക്കസ് പോട്‌സല്‍ അഭിപ്രായപ്പെട്ടു.

പെണ്‍കുട്ടികള്‍ ആറാം ക്ലാസിന് മുകളിലും സ്‌കൂളില്‍ പോകണം. ആണ്‍കുട്ടികള്‍ക്കുള്ള അതേ വിദ്യാഭ്യാസ അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്കും ലഭ്യമാക്കണമെന്നും പോട്സല്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ആരോഗ്യ, വിദ്യാഭ്യാസ, വാണിജ്യ മേഖലകള്‍ തകര്‍ച്ചയിലാണെന്നും യുഎന്‍ നിരീക്ഷിച്ചു. 2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തത്. താലിബാന്‍ ഭരണം നിലവില്‍ വന്നതോടെ അഫ്ഗാനിസ്ഥാനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴി വെക്കുന്ന നിരവധി നിയമങ്ങള്‍ നിലവില്‍ വന്നിരുന്നു. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും ഇത്തരം നിയമങ്ങള്‍ നടപ്പില്‍ വരുത്തിയിരിക്കുന്നത്.

പുരുഷനോടൊപ്പം അല്ലാതെ അഫ്ഗാനിസ്ഥാനില്‍ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല. മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വനിതകള്‍ പൊതു ഇടങ്ങളില്‍ മുഖം മറയ്ക്കണമെന്നും താലിബാന്‍ ഉത്തരവിട്ടിരുന്നു. ഭരണനിര്‍വഹണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജോലി ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ താലിബാന്‍ വിലക്കിയിരിക്കുകയാണ്. സെക്കന്‍ഡറി സ്‌കൂളുകളില്‍ പോകുന്നതില്‍ നിന്നും മിക്ക പ്രവിശ്യകളിലെയും പെണ്‍കുട്ടികള്‍ക്ക് വിലക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.