ഫ്രാൻസിസ് തടത്തിലിന് ഫോക്കാനയുടെ ഇരട്ട അംഗീകാരം

ഫ്രാൻസിസ് തടത്തിലിന് ഫോക്കാനയുടെ ഇരട്ട അംഗീകാരം

ഫ്രാൻസിസ് തടത്തിൽ: ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ പത്രപ്രവർത്തകൻ

ഫ്രാൻസിസിന് ഇത് ഫോക്കാനയുടെ ഇരട്ട അംഗീകാരം. ഫൊക്കാനയുടെ ഈ വർഷത്തെ കൺവെൻഷനോടനുബന്ധിച്ച് ഇരട്ട പുരസ്‌കാരങ്ങൾ നേടി പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാൻസിസ് തടത്തിൽ ശ്രദ്ധേയനായി. ഫൊക്കാനയുടെ ഈ വർഷത്തെ മാധ്യമ പുരസ്‌കാരത്തിനും സാഹിത്യ വിഭാഗത്തിൽ മികച്ച ജീവിതാനുഭവക്കുറിപ്പുകൾക്കുമുള്ള പുരസ്‌ക്കാരങ്ങൾ നേടിയാണ് ഫ്രാൻസിസ് കൺവെൻഷനിൽ ശ്രദ്ധേയനായത്.
ഫ്രാൻസിസ്‌ രചിച്ച നാലാം തൂണിനപ്പുറം എന്ന പുസ്തകമാണ് അവാർഡിനർഹനാക്കിയത്. 2019 ഡിസംബറിൽ തൃശൂർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എംപി യ്ക്ക് നൽകിക്കൊണ്ട് മന്ത്രി വി.എസ്. സുനിൽകുമാർ ആണ് പുസ്തകം പ്രകാശനം ചെയ്തത്. കോവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിൽ പുസ്തകപ്രകാശനം നടത്താൻ കഴിയാത്തതിനാൽ ഫൊക്കാന കൺവെൻഷൻ വേദിയിൽ വച്ച് കൈരളി ടി.വി. എം.ഡിയും രാജ്യ സഭാ എം.പി യുമായ ജോൺ ബ്രിട്ടാസ് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണിക്ക് നൽകിക്കൊണ്ടാണ് പുസ്തക പ്രകാശനം നടത്തിയത്. പിന്നീട് ഇതേ വേദിയിൽ വച്ച് ജോൺ ബ്രിട്ടാസ് തന്നെയാണ് അദ്ദേഹത്തിന് സാഹിത്യ പുരസ്കാരവും സമ്മാനിച്ചത്. തൃശൂരിൽ പത്രപ്രവർത്തക ട്രെയിനിയായിരുന്നപ്പോൾ നടത്തിയ സാഹസിക പത്ര പ്രവർത്തനാനുഭവങ്ങൾ കോർത്തിണക്കിയ ലേഖനങ്ങൾ ആണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഫ്രാൻസിസ് തടത്തിൽ ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡിനർഹനാവുന്നത്. എന്നാൽ വിധിയുടെ ക്രൂരത എന്നും കൂടപ്പിറപ്പായുള്ള അദ്ദേഹത്തെ തേടി മാധ്യമ അവാർഡിന് ഏതാനും മണിക്കൂറുകൾ മുൻപ് അപകടത്തിന്റെ രൂപത്തിലാണ് ഇത്തവണ നിർഭാഗ്യമെത്തിയത്. ഹോട്ടലിന്റെ പാർക്കിംഗ് ലോട്ടിൽ കല്ലിൽ തട്ടി കോൺക്രീറ്റ് കർബിൽ (curb) നെറ്റിയടിച്ച് വീണതിനെ തുടന്ന് ഒരുപാട് രക്തം വാർന്ന് കിടന്ന അദ്ദേഹത്തെ പിന്നീട് ആംബുലൻസിൽ എമർജൻസി റൂട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഹോസ്‌പിറ്റലിൽ അഡ്മിറ്റാക്കിയ അദ്ദേഹത്തിനു തലയോട്ടിയിൽ മൂന്നു പൊട്ടലും (fracture) ഇടത്തെ കൈക്കുഴയിൽ ചെറിയ പൊട്ടലും സംഭവിച്ചതിനെ തുടർന്ന് വേദിയിൽ വച്ച് അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞില്ല.

കേരളത്തിലും അമേരിക്കയിലുമായി രണ്ടര ദശാബ്ദത്തിലേറെ പത്രപ്രവർത്തന രംഗത്തു തിളങ്ങിയ ഫ്രാൻസിസ് തടത്തിൽ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓർമ്മകളാണ് 'നാലാം തൂണിനപ്പുറം' എന്ന പുസ്തകത്തിൽ പങ്കു വയ്ക്കുന്നത്. വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്നേഹത്തിന്റെ തണലിൽ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണിത്. ഇത് ആർക്കും ഒരു പാഠപുസ്തകം കൂടിയാണ്. അനുഭവങ്ങളുടെ --നല്ലതും ചീത്തയുമടക്കം-- ഉലയിൽ ഊതിക്കാച്ചിയപ്പോൾ പ്രകാശം പരത്തുന്ന മുത്തുകളായി മാറിയ ഓർമ്മക്കുറിപ്പുകൾ വായനക്കാരുടെ കാഴ്ചപ്പാടുകളുടെ ചക്രവാളങ്ങളെ വികസിപ്പിക്കുമെന്നുറപ്പ്.
1994-97 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയ്‌നിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ്, പ്ലാറ്റൂൺ പുരസ്‌കാരം (1997) ആ വർഷത്തെ മികച്ച ലേഖകനുള്ള മാനേജിoഗ് എഡിറ്റർ പുരസ്‌കാരം എന്നിവ നേടി. കേരള കലാമണ്ഡലത്തെക്കുറിച്ചെഴുതിയ 'മഹാകവീ മാപ്പ് ', പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചു തയാറാക്കിയ 'രക്തരക്ഷസുകളുടെ മഹാനഗരം' എന്നീ ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ. പുസ്തകത്തിൽ തൃശൂർ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പൂർണമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.

1997-98 കാലത്ത് ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിങ്, 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000 ൽ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേ വർഷം കോഴിക്കോട് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു. ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിങ്ങുകൾ ഏറെ ശ്രദ്ധേയമായിരുന്നു.
മുത്തങ്ങയിൽ വെടിവയ്പ്പ് നടക്കുമ്പോൾ സാക്ഷിയായിരുന്ന ഫ്രാൻസിസ് നടത്തിയ റിപ്പോർട്ടുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാറാട് കലാപത്തെക്കുറിച്ച് തയാറാക്കിയ റിപ്പോർട്ടുകൾ പിന്നീട് മാറാട് കമ്മീഷന്റെ ഫൈനൽ റിപ്പോർട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു. 2003 മുതൽ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റർ ആയ ഫ്രാൻസിസ് മലയാള പത്ര പ്രവർത്തന രംഗത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായിരുന്നു.
ദേശീയ അന്തർ ദേശീയ സംസ്ഥാന തല കായിക മൽസരങ്ങൾ, സംസ്ഥാന സ്‌കൂൾ യുവജനോൽസവം റിപ്പോർട്ടിംഗ് കോർഡിനേറ്റർ, ദേശീയ സാഹിത്യോൽസവം, നിരവധി രാഷ്ട്രീയ റിപ്പോർട്ടുകൾ, അന്വേഷണാത്മക റിപ്പോർട്ടുകൾ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ബ്രേക്കിംഗ് ന്യൂസുകൾ പതിനൊന്നര വർഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ തിളക്കമായി. 1999 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് ബിഹാർ, യു.പി, ജാർഖണ്ഡ്, എം.പി, ഛത്തീസ്ഗഢ് , ഒറീസ്സ എന്നിവിടങ്ങളിൽ പോയി റിപ്പോർട്ട് ചെയ്‌തു.

2006 ൽ അമേരിക്കയിൽ. ആദ്യകാലത്തു അമേരിക്കയിൽ നിന്നിറങ്ങുന്ന മാധ്യമങ്ങളിൽ സജീവമായിരുന്നുവെങ്കിലും പിൽക്കാലത്തു രോഗത്തെ തുടർന്ന് കുറച്ചുകാലം വിട്ടു നിന്നു. രക്താർബുദം ഭേദമാകാതെ വന്നതിനെ തുടർന്ന് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റും നടത്തി. ഇപ്പോൾ കാൻസർ പൂർണ്ണമായും മാറിയെങ്കിലും പൂർണ ആരോഗ്യം കൈവരിച്ചിട്ടില്ല. അമേരിക്കയിൽ എത്തിയതിനു ശേഷം നിരവധി പത്രങ്ങളിൽ ഫ്രീലാൻസ് പത്രപ്രവർത്തനം നടത്തിയ ഫ്രാൻസിസ് ഇ-മലയാളി ന്യൂസ് പോർട്ടലിൽ ന്യൂസ് എഡിറ്റർ ആയും സേവനം ചെയ്തു.
2017 ജനുവരി 21 മുതൽ ഇ-മലയാളിയിലൂടെയാണ് സജീവ പത്രപ്രവർത്തനത്തേക്കു മടങ്ങിയെത്തിയത്. തന്റെ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന ലേഖന പരമ്പരയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി. നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ എന്ന 30 അധ്യായമുള്ള ലേഖനപരമ്പരയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 15 അധ്യായങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലേഖന പരമ്പരയ്ക്കു 2017 ൽ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) യുടെ അവാർഡ് ലഭിച്ചു . 2018 ൽ ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ലഭിച്ചിരുന്നു.
അമേരിക്കയിലെ പ്രമുഖ മലയാളി ചാനലായിരുന്ന എംസിഎൻ ചാനലിന്റെ ഡയറക്ടർ ആയിരുന്നു . എം സി എൻ ചാനലിനു വേണ്ടി 'കർമവേദിയിലൂടെ' എന്ന 35 എപ്പിസോഡ് നീണ്ടു നിന്ന അഭിമുഖ പരിപാടിയിലൂടെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക -ആത്മീയ-സാമ്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കൻ യുവജനങ്ങൾക്കായി 'ഇന്ത്യ ദിസ് വീക്ക്' എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്അപ് പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിരുന്നു.

ഒട്ടനവധി ജീവ കാരുണ്യപ്രവർത്തങ്ങൾക്കും നേതൃത്വം നൽകുന്ന ഫ്രാൻസിസ് ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകൻ കൂടിയാണ്.
ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവരിൽ താമസിക്കുന്ന ഫ്രാൻസിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും (കല്ലറക്കൽ) 11 മക്കളിൽ പത്താമനാണ്.
ഭാര്യ: നെസി തോമസ് തടത്തിൽ (അക്യൂട്ട് കെയർ നേഴ്‌സ് പ്രാക്ടീഷണർ). വിദ്യാർത്ഥികളായ ഐറീൻ എലിസബത്ത് തടത്തിൽ, ഐസക്ക് ഇമ്മാനുവേൽ തടത്തിൽ എന്നിവർ മക്കളാണ് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.